2007/08/31

'ഇടതു്സാഹസികത'യുടെ വിപരീതസാദ്ധ്യത


അമേരിക്കയുമായുള്ള ആണവകരാര്‍ വിഷയത്തില്‍ ഇടതുപക്ഷം നടത്തിയ ശക്തമായ നയസമരം തല്‍ക്കാലമെങ്കിലും ജയിച്ചിരിയ്ക്കുന്നു. സര്‍ക്കാര്‍ വഴങ്ങാതിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഇടതുപക്ഷം ഇന്ദിരാ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള ദേശീയ പുരോഗമന സഖ്യ(യു.പി.എ.) സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നതിലേയ്ക്കും ഒരു ഇടക്കാല തിരഞ്ഞെടുപ്പു് ഉണ്ടാവുന്നതിലേയ്ക്കും കാര്യങ്ങള്‍ നീങ്ങിയേനെ. ഈ 'ഇടതു് സാഹസികത'യുടെ വിപരീതസാദ്ധ്യതയിലേയ്ക്കു് തിരഞ്ഞെടുപ്പു്പഠന വിദഗ്ദ്ധനായ യോഗേന്ദ്രയാദവ് നേരത്തെ(രാഷ്ട്രീയപ്രതിസന്ധിയുടെ സമയത്തു്) എഴുതിയ നിരീക്ഷണം

---------------------


'ഇടതു്സാഹസികത'യുടെ വിപരീതസാദ്ധ്യത

യോഗേന്ദ്രയാദവ്

ഇടതുപക്ഷത്തിനോടു് കോണ്‍ഗ്രസ് കടപ്പെട്ടിരിയ്ക്കുന്നു. അതിജീവനത്തിനുള്ള സഹജബോധമുണ്ടെങ്കില്‍ കഴിഞ്ഞ മൂന്നു് വര്‍ഷത്തെ ഇടതുപക്ഷത്തിന്റെ എതിര്‍പ്പു്കള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും ഇന്ദിരാ കോണ്‍ഗ്രസ് നന്ദി പറയേണ്ടതുണ്ടു്. ഇടതു്പക്ഷം ഭീഷണിയുടെ സ്വരത്തില്‍ തരുന്ന അവസരത്തെ,വ്യക്തമായൊരു രാഷ്ട്രീയ നോട്ടമുണ്ടെങ്കില്‍ ഇന്ദിരാ കോണ്‍ഗ്രസ് ഇരുകൈയും നീട്ടി സ്വീകരിയ്ക്കണം.

ഇന്ദിരാ കോണ്‍ഗ്രസ്സുകാരെക്കാള്‍ കോണ്‍ഗ്രസ് ആദര്‍ശങ്ങളോടും പ്രകടനപത്രികയോടും കൂറു് ഇവര്‍ക്കായിരുന്നു. ഇന്ദിരാ കോണ്‍ഗ്രസ് നേതാക്കളെക്കാള്‍ അവരുടെ രാഷ്ട്രീയ അടിത്തറയെ സംരക്ഷിയ്ക്കാന്‍ ഉത്സുകരാകുകയും ചെയ്തവരാണു് ഇടതുപക്ഷം. ഇതാണു് വിയോജിപ്പുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിതെളിച്ചതു്. ഏതൊരു സിനിമാ ഡയലോഗും ഓര്‍മപ്പെടുത്തുന്ന പോലെ 'പ്രണയവും സംഘര്‍ഷവും പരസ്പരപൂരകമാണ്'. ഏതായാലും ഇത്തരം സംഘര്‍ഷങ്ങള്‍(കര്‍ഷകരുടെ ആത്മഹത്യയായാലും എന്‍.ആര്‍.ഇ.ജി.എ( NREGA- National Rural Employment Guarantee Act ) ആയാലും വിവരാവകാശ നിയമം ആയാലും) ഇന്ദിരാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പ്രതിച്ഛായയെ സംരക്ഷിയ്ക്കാനും അവരുടെ തന്നെ ഒരുകൂട്ടം നേതാക്കളും കമ്പോള മൌലികവാദികളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച 'ഇന്ത്യ തിളങ്ങുന്നു'വെന്ന കുരുക്കില്‍നിന്നു് രക്ഷിക്കാനും സഹായിച്ചു. ഇന്ദിരാ കോണ്‍ഗ്രസ്സിലെതന്നെ ഒരു വിമതവിഭാഗം ചെയ്തു് പോന്നിരുന്ന കര്‍ത്തവ്യങ്ങളാണു് ഇടതു്പക്ഷം അനുഷ്ഠിച്ചതു്. സാധാരണക്കാരനുവേണ്ടി ഈ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തെന്നു് അവകാശപ്പെടാന്‍ പറ്റില്ല. എന്നാല്‍ ഇന്ദിരാ കോണ്‍ഗ്രസ് ഒറ്റയ്ക്കു് ഭരിച്ചിരുന്നതിനേക്കാള്‍ സാധാരണക്കാരനില്‍നിന്നുള്ള അകലം കുറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ നിയന്ത്രിച്ചു് നിര്‍ത്തിയ ഇടതു്പക്ഷത്തിനോടു് നന്ദിപറയണം. ഇടതു്പക്ഷം ഇല്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിനു് അങ്ങനെയൊന്നു് സൃഷ്ടിയ്ക്കേണ്ടിവന്നേനെ.

ഇടതു്പക്ഷം ചെയ്യാനാഗ്രഹിച്ചിരുന്നതു് ഇതല്ലായിരുന്നുവെന്നു് ഉറപ്പു്. ഇന്ദിരാ കോണ്‍ഗ്രസ്സിനെ സഹായിയ്ക്കുകയെന്നതു് പ്രകാശ് കാരാട്ടിന്റെ മനസ്സിലെ അവസാനത്തെ ആഗ്രഹമാണു്. മറ്റെല്ലാ പാര്‍ട്ടികളെപ്പോലെത്തന്നെ ഇടതു്പക്ഷവും എപ്പോഴും കണക്കുകൂട്ടിയുള്ള കരുനീക്കങ്ങളാണു് നടത്തിയതു്. പലപ്പോഴും ആദര്‍ശപരമല്ലാത്തവ. എന്നാല്‍ ഇന്ദിരാ കോണ്‍ഗ്രസ്സിനതു് ഉപകാരപ്രദമായി. ഇടതു്പക്ഷം രാഷ്ട്രീയസ്വാധീനം ദരിദ്രരല്ലാത്തവര്‍ക്കു് വേണ്ടിയും ഉപയോഗിച്ചുവെന്നതു് നിസ്സംശയമാണു്. പി.എഫ്.പെന്‍ഷന്‍ പരിഷ്കരിയ്ക്കുന്ന കാര്യത്തിലും വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കുന്ന കാര്യത്തിലും അവരെടുത്ത നിലപാടു് സാധാരണക്കാര്‍ക്കു് വേണ്ടിയല്ല, മറിച്ചു് ശമ്പളക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സിനെ ഉപദേശിയ്ക്കുന്നപോലെയല്ല കേരളത്തിലും പശ്ചിമബംഗാളിലും അവര്‍ ഭരണം നടത്തുന്നതു് . ഏതെങ്കിലും ധനശാസ്ത്രനയത്തെച്ചൊല്ലിയല്ല, വിദേശ നയത്തിന്റെ പേരിലാണു് ഇപ്പോള്‍ ഇടതുപക്ഷം ഇന്ദിരാ കോണ്‍ഗ്രസ്സുമായി ഉടക്കിയിരിക്കുന്നതെന്നു് ശ്രദ്ധിക്കേണ്ടതുണ്ടു്. ബംഗാളിലെയും കേരളത്തിലെയും സര്‍ക്കാറുകള്‍ക്കു് വിദേശനയം രൂപപ്പെടുത്തേണ്ടതില്ലാത്തതിനാല്‍, സാമ്രാജ്യത്വത്തെ സംബന്ധിച്ചുള്ള വിഷയങ്ങളില്‍ ആദര്‍ശപരമായ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ അവര്‍ക്കു് പ്രയാസമില്ല.

ഇടതുപക്ഷ നിലപാടിന്‍റെ ധാര്‍മികമോ ആദര്‍ശപരമോ ആയ ശരികളല്ല ഇവിടത്തെ വിഷയം. ലക്ഷ്യമല്ല മറിച്ചു് പ്രവര്‍ത്തനങ്ങളുടെ പരിണത ഫലമാണു് രാഷ്ട്രീയത്തില്‍ പ്രധാനം. ശുഭാപ്തിവിശ്വാസമുണര്‍ത്തുന്ന ഈ ഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും പുതിയ അന്ത്യശാസനത്തെ ഈ തിരക്കഥയിലെ അവസാനത്തെ രംഗമായി കാണണം. അവസാനത്തെ രംഗത്തില്‍ സാധാരണ ഒരു സുഹൃത്തു് അയാളറിയാതെ തന്നെ മറ്റേ സുഹൃത്തിനു് വേണ്ടി ഏറ്റവും വലിയ ത്യാഗം നടത്തും. രാഷ്ട്രീയത്തില്‍ ഈ ത്യാഗത്തെക്കുറിച്ചു് ഇരുകൂട്ടരും അറിയാറില്ല എന്നതാണ് 'റീല്‍' ജീവിതവും 'റിയല്‍' രാഷ്ട്രീയജീവിതവും തമ്മിലുള്ള വ്യത്യാസം. ത്യാഗം നടത്തിയവരോ അതിന്റെ ഫലം ലഭിക്കുന്നവരോ അതു് അറിയാറില്ല.

ഒരു ഇടക്കാല തിരഞ്ഞെടുപ്പു് ഉണ്ടാവുകയാണെങ്കില്‍ ഫലമെന്താവുമെന്നു് ചിന്തിച്ചു്നോക്കാം. ലളിതമായൊരു കണക്കുകൂട്ടലിലൂടെ അടുത്ത തിരഞ്ഞെടുപ്പിന്റെ വിധി എന്താവുമെന്നു് മനസ്സിലാക്കാം. ഈ സര്‍ക്കാരിനെ തകര്‍ക്കാന്‍ തയ്യാറെടുക്കുന്ന രണ്ടു് പ്രധാനപ്പെട്ട പാര്‍ട്ടികള്‍ക്കും(സി.പി.എമ്മിനും ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യ്ക്കും) വലിയ പരാജയങ്ങള്‍ ഏറ്റു് വാങ്ങേണ്ടിവരും. 2004-ലെ അസാധാരണമായ പ്രകടനം ഇടതുപക്ഷത്തിനു് ആവര്‍ത്തിക്കാന്‍ കഴിയില്ലയെന്നതു് അത്ര വലിയ രാഷ്ട്രീയ അവബോധമില്ലാത്ത ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും. സിംഗൂര്‍ _ നന്ദിഗ്രാം സംഭവങ്ങള്‍ പശ്ചിമബംഗാളില്‍ സി.പി.എമ്മിന്റെ കൂടുതല്‍ സീറ്റു്കള്‍ നഷ്ടപ്പെടുത്തില്ലെങ്കില്‍പ്പോലും കേരളത്തിലെ പാര്‍ട്ടിയ്ക്കുള്ളിലെ തുറന്ന ഉള്‍പ്പോരു് 2004-ലെ അവരുടെ ഭൂരിപക്ഷം നിലനിര്‍ത്താന്‍ വിലങ്ങു്തടിയാവും.

സംസ്ഥാനങ്ങളിലൂടെ വെറുതെ ഒന്നു് കണ്ണോടിച്ചാല്‍ത്തന്നെ ഭാരതീയ ജനതാ പാര്‍‍ട്ടിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം(എന്‍.ഡി.എ.) ചുരുങ്ങുമെന്നു് മനസ്സിലാക്കാന്‍ കഴിയും. 2004-ല്‍ 70 സീറ്റുകള്‍ നേടിയ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഗുജറാത്തിലും ഭാ ജ പ യ്ക്ക് തിരിച്ചടി നേരിടേണ്ടിവരും. ഡല്‍ഹിയിലും ഹിമാചല പ്രദേശിലും ബിഹാറിലും അവര്‍ക്കുണ്ടാകുന്ന ചെറിയ ലാഭംകൊണ്ടു് ഈ നഷ്ടം നികത്താന്‍ കഴിയില്ല. അതുണ്ടാവണമെങ്കില്‍ ഉത്തര പ്രദേശില്‍ പാര്‍ട്ടി പഴയ പ്രതാപം തിരിച്ചു്പിടിക്കണം. ബി.ജെ.പി.യുടെ ഇപ്പോഴത്തെ ഘടകകക്ഷികള്‍ അഭിവൃദ്ധിപ്പെടില്ല. പ്രതീക്ഷയുണ്ടായിരുന്ന തെലുങ്കു് ദേശം പാര്‍ട്ടിയും (ടി.ഡി.പി.)യും അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും(എ.ഐ.എ.ഡി.എം.കെ.) ഇപ്പോള്‍ അവര്‍ക്കൊപ്പമില്ലതാനും.

ലാഭത്തിന്റെ ഒരുഭാഗം സംയുക്ത ദേശീയ പുരോഗമന സഖ്യം (United National Progressive Alliance- യു.എന്‍.പി.എ.) എന്ന മൂന്നാം മുന്നണിയ്ക്കു് ലഭിക്കും. എന്നാല്‍ ഈ പാര്‍ട്ടികള്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാവുന്നത്ര വലുതല്ല. അതുകൊണ്ടു്തന്നെ പഴയ ദേശീയ മുന്നണി-ഇടതുമുന്നണി അല്ലെങ്കില്‍ ഐക്യമുന്നണി പരീക്ഷണങ്ങള്‍ ആവര്‍ത്തിയ്ക്കാനിടയില്ല. എല്ലാ സാധ്യതാപഠനത്തിലും കാണുന്നതു് അടുത്ത തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഗുണഭോക്താവു് ഇന്ദിരാ കോണ്‍ഗ്രസ്സായിരിക്കും എന്നാണു്. ഇന്ദിരാ കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തിലുള്ള ദേശീയ പുരോഗമന സഖ്യം (യു.പി.എ.) സര്‍ക്കാര്‍ ഇതിനര്‍ഹമാകുന്ന രീതിയില്‍ എന്തെങ്കിലും ചെയ്തിട്ടില്ല. മറിച്ചു് സംസ്ഥാന തലത്തിലുള്ള കണക്കു്കള്‍ ഭരണപക്ഷത്തിനു് അനുകൂലമാണെന്നതാണു്. ഇന്ദിരാ കോണ്‍ഗ്രസ്സിനും ഘടകകക്ഷികള്‍ക്കും ഭൂരിപക്ഷം ലഭിയ്ക്കാനുള്ള 'മാജിക് നമ്പര്‍' ലഭിയ്ക്കണമെന്നില്ല. കാരണം, ഘടകകക്ഷികള്‍ക്കു് അധിക സീറ്റു്കള്‍ ലഭിയ്ക്കാനിടയില്ല. എന്നാലും ബഹുജന സമാജ പാര്‍‍ട്ടി (ബി.എസ്.പി.)യുമായുള്ള ഇപ്പോഴത്തെ ധാരണ നിലനിര്‍ത്തിയാല്‍ ആ കമ്മി പരിഹരിക്കാന്‍ സാധിയ്ക്കും.

സിനിമാക്കഥയിലെന്നതുപോലെയുള്ള ത്യാഗംതന്നെ. കഥയ്ക്കു് ഒരു 'ട്വിസ്റ്റ്' കൂടിയുണ്ടെന്ന വ്യത്യാസം മാത്രം. ദൂരവ്യാപക ഫലങ്ങളെക്കുറിച്ചു് ആലോചിയ്ക്കാം. അമേരിക്കാനുകൂല നിലപാടു്കളോടുള്ള എതിര്‍പ്പു്മൂലം ഇടതു്പക്ഷം സര്‍ക്കാരിനെ താഴെയിറക്കുന്നു. അതു് ഇടക്കാല തിരഞ്ഞെടുപ്പിലേയ്ക്ക് നയിയ്ക്കുന്നു. സമ്മതിദായകരില്‍ ഒരു വലിയപക്ഷം അമേരിക്കവിരുദ്ധ നിലപാടു്കള്‍ ഉള്ളവരാണു്. എന്നാല്‍ സര്‍ക്കാറിന്റെ വിദേശനയത്തില്‍ അവര്‍ക്കു് വിശ്വാസമുണ്ടു്. തിരഞ്ഞെടുപ്പു് പ്രചാരണം ഏതാനും ആഴ്ചകള്‍ പിന്നിടുമ്പോള്‍ അമേരിക്കാനുകൂല-വിരുദ്ധ പ്രചാരണങ്ങളെ കവച്ചു് വെച്ചു് കൊണ്ടു് പതിവു്പോലെ സംസ്ഥാനതല പ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധ കേന്ദ്രീകരിയ്ക്കും. അങ്ങനെ ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ (എന്‍.ഡി.എ.) യും ഇടതു്പക്ഷത്തിന്‍റെയും ചെലവില്‍ ഇന്ദിരാ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുമ്പോള്‍ അതു് അമേരിക്കാനുകൂല നിലപാടു്കള്‍ക്കുള്ള ജനവിധിയാണെന്നു് എല്ലാവരും അനുമാനിയ്ക്കും. അങ്ങനെ സംഭവിച്ചാല്‍ ചരിത്രത്തിലാദ്യമായി, ആദര്‍ശപരമായി ശരിയും ധീരവുമായ ഒരു നീക്കം കൊണ്ടു് ഉദ്ദേശിച്ചതിന്റെ വിപരീതഫലം ഉണ്ടാകും. കമ്യൂണിസ്റ്റ് നിഘണ്ടുവില്‍ അതിനൊരു വാക്കു് തന്നെയുണ്ടു്:
ഇടതു് സാഹസികത.
--2007 ഓഗസ്റ്റു് 30-ലെ മാതൃഭൂമിപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
(ഡല്‍ഹി സെന്റര്‍ ഫോര്‍ ഡെവലപ്‍മെന്‍റ് സ്റ്റഡീസ് പ്രൊഫസറും തിരഞ്ഞെടുപ്പു്പഠന വിദഗ്ദ്ധനും മാതൃഭൂമി പംക്തികാരനും സോഷ്യലിസ്റ്റു് നേതാവുമാണു് ലേഖകന്‍)

2007/08/09

ക്വിറ്റിന്ത്യാ സമരത്തിന്‍റെ കനലണയുകയില്ല


(ക്വിറ്റിന്ത്യാദിനക്കുറിപ്പു്)

അഡ്വ. ജോഷി ജേക്കബ് (സമാജവാദി ജനപരിഷത്തു് ദേശീയ നേതാവു്)

ക്വിറ്റിന്ത്യാ സമരത്തിന്‍റെ 65 -ആം വാര്‍ഷികം ഇന്നു് ഓഗസ്റ്റ് ഒമ്പതാം തീയതി ഇന്ത്യാമഹാരാജ്യം ആഘോഷിയ്ക്കുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ഇന്ദിരാ കോണ്‍ഗ്രസും കമ്യൂണിസ്റ്റു്കളും സാമ്രാജ്യത്വ അധീശത്തം അരക്കിട്ടുറപ്പിയ്ക്കുന്നകാഴ്ചയാണു് നാം കാണുന്നതു്.

ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്നു് തുരത്താനായിരുന്നു 1942 ഓഗസ്റ്റ് ഒമ്പതിനു് ക്വിറ്റിന്ത്യാ സമരത്തിനു് തുടക്കംകുറിച്ചതു്. എന്നാല്‍ വിദേശ കുത്തക കമ്പനികള്‍ക്കു് വേണ്ടി എല്ലാ രംഗത്തും ജനവിരുദ്ധ അഴിച്ചു്പണികള്‍ ആസൂത്രിതമായി ഇന്നു് നടന്നുവരികയാണു്. കേന്ദ്രത്തില്‍ മാറി മാറി അധികാരത്തില്‍ ‍വന്ന ഇന്ദിരാ കോണ്‍ഗ്രസിന്‍റെയും ജനതാദള്‍ മുന്നണികളുടെയും ഭാരതീയ ജനതാ പാര്‍ട്ടി മുന്നണിയുടെയും ഇപ്പോഴത്തെ ഇന്ദിരാ കോണ്‍ഗ്രസ്- കമ്യൂണിസ്റ്റ് സഖ്യത്തിന്‍റെയും സര്‍ക്കാരുകള്‍ 1991 മുതല്‍ അഴിച്ചു്പണികള്‍ ആസൂത്രിതമായി മുന്നോട്ടു് കൊണ്ടുപോവുകയാണു്. അമേരിക്കയുമായി ഒപ്പു്വച്ചിട്ടുള്ള ആണവ കരാര്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു്.

ആഡംബര കാറുകളും മറ്റുമായി പകിട്ടോടെ നില്‍ക്കുന്ന നമ്മുടെ പുരോഗതി, കര്‍ഷകര്‍ക്കു് കടക്കെണിയും ആത്മഹത്യയും പരമ്പരാഗത തൊഴില്‍ മേഖലയ്ക്കു് പട്ടിണിയും ദാരിദ്ര്യവുമാണു് വിധിച്ചിരിയ്ക്കുന്നതു്. കിടപ്പാടങ്ങളും ഉപജീവനവും തകര്‍ക്കുന്നതിനെതിരായ സമരങ്ങളില്‍ അണിചേരുന്ന ജനങ്ങളെ വെടിവച്ചു് വീഴ്ത്തുന്നതു് വ്യാപകമായിക്കഴിഞ്ഞു.

2007 മാര്‍ച്ച് 14 നു് 14 പേരെ നന്ദിഗ്രാമില്‍ വെടിവച്ചു് കൊന്ന ബംഗാളി ഇടതുമുന്നണി സര്‍ക്കാര്‍ കാശിപ്പൂര്‍, കലിംഗനഗര്‍, ബേത്തൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ ഇന്ദിരാ കോണ്‍ഗ്രസ് - ഭാരതീയ ജനതാ പാര്‍ട്ടി മുന്നണി സര്‍ക്കാരുകള്‍ നടത്തിയ നരനായാട്ടിന്റെ ഇടമുറിയാത്ത തുടര്‍ച്ചയാണു് ഉറപ്പുവരുത്തുന്നതു്. ഭൂമിയ്ക്കു് വേണ്ടി സമരം ചെയ്ത പാവപ്പെട്ട ഗ്രാമീണരെ ഖമ്മം ജില്ലാ ആസ്ഥാനത്തു് വെടിവച്ചുകൊന്നതു് ഈയടുത്ത ദിവസമാണു്.ഭരണമില്ലാത്ത സ്ഥലങ്ങളില്‍ ഭൂമി പോരാട്ടങ്ങള്‍ക്കു് നേതൃത്വം നല്‍കുന്നവര്‍ അവിടങ്ങളില്‍ അധികാരം ലഭിച്ചാല്‍ വിദേശത്തെയും നാട്ടിലെയും കുത്തക കമ്പനികള്‍ക്കു് വേണ്ടി അതേ ഭൂമി പിടിച്ചെടുക്കാന്‍ പാവപ്പെട്ട ജനങ്ങളെ വെടിവച്ചു് കൊല്ലുന്ന വൈരുധ്യങ്ങള്‍ ഇന്ദിരാകോണ്‍ഗ്രസിനെ താങ്ങുന്ന സി.പി.എം. രാഷ്ട്രീയത്തിന്റെ വൈരുദ്ധ്യമാണു്. രാജ്യത്തിനകത്തു് വേറിട്ട പരമാധികാര റിപ്പബ്ളിക്കു്കള്‍പോലെ കെട്ടിപ്പൊക്കുന്ന പ്രത്യേക സാമ്പത്തിക മേഖല ജനങ്ങള്‍ക്കെതിരായ കടന്നാക്രമണത്തിന്റെ മറ്റൊരു പുതിയ മുഖമാകുന്നു.

വിവിധ സംസ്ഥാനങ്ങളില്‍ അതിനു് വേണ്ടി ലക്ഷക്കണക്കിനു് ഏക്കര്‍ ഭൂമി കര്‍ഷകരില്‍ നിന്നു് പിടിച്ചെടുക്കുകയാണു്. ജനങ്ങളുടെ ശക്തമായ സമരങ്ങളും പടര്‍ന്നു്പിടിച്ചിട്ടുണ്ടു്. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി ഭരണത്തില്‍ ഉരുളക്കിഴങ്ങു് കൃഷി രണ്ടായിരം ഏക്കറില്‍ നടത്തുന്ന അമേരിക്കന്‍ കുത്തകയായ പെപ്സി സി.പി.എം. പറയുന്ന ഭൂപരിഷ്കരണവാദത്തിന്റെ പൊള്ളത്തരം തുറന്നു് കാട്ടുന്നു. തങ്ങള്‍ താങ്ങുന്ന കേന്ദ്രത്തിനെതിരേ സമരം സംഘടിപ്പിക്കുന്ന സി.പി.എം. ബംഗാളില്‍ ചില ഘടകകക്ഷികളുടെ എതിര്‍പ്പിനെപോലും അവഗണിച്ചാണു് റിലയന്‍സിനു് ചില്ലറ വ്യാപാരത്തിന്റെ വഴി തുറന്നതും 'ഭാരതി' വഴി അമേരിക്കന്‍ കുത്തക വാള്‍മാര്‍ട്ടുമായി തിരശീലയ്ക്കു് പിന്നില്‍ ഒത്തു് കളിയ്ക്കുന്നതും.

വികസിത സമ്പന്ന രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം വിച്ഛേദിയ്ക്കുകയല്ലാതെ സാമ്രാജ്യത്വ ശക്തിളെ നേരിടാനും ബദല്‍ ജനകീയ വികസനം കെട്ടിപ്പടുക്കാനും മറ്റൊരു മാര്‍ഗവുമില്ല. അതിലേക്കുള്ള രാഷ്ട്രീയ ശക്തി സമാഹരിക്കുകയാണു് ക്വിറ്റിന്ത്യാ സ്മരണകളോടു് ചെയ്യാവുന്ന നീതി. സമാധാനപരമായ വിപ്ളവശക്തിയാണു് സാമ്രാജ്യത്വ ചേരിയുടെ ആയുധക്കൂമ്പാരങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങളുടെ ഹൃദയശൂന്യതയ്ക്കും ബദലായി ഉയര്‍ന്നുവരേണ്ടതു്.

--ഉറവിടം: സോഷ്യലിസ്റ്റ് വാര്‍ത്താ കേന്ദ്രം


--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു

ഒന്നാം താളിലേയ്ക്കു്