2007/09/05

സമാജവാദി ജന പരിഷത്ത്‌:ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ പുതിയ ഘട്ടം

ഉലക വിപ്ലവപ്രസ്ഥാനത്തിന്‍റെ അവിഭാജ്യഭാഗമായ സമാജവാദി ജന പരിഷത്ത്‌ ഇന്ത്യയിലെ ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിന്‍റെ പ്രധാനഘടകമാണു്. അനീതിയുടെ വിവിധ രൂപങ്ങള്‍ക്കെതിരെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടുള്ളതും നടക്കുന്നതുമായ സമരങ്ങളും ചെറുത്തുനില്‍പ്പുകളുമായി കൈകോര്‍ക്കുകയും താദാത്മ്യപ്പെടുകയും ചെയ്യുന്ന പ്രസ്ഥാനമാണു് സമാജവാദി ജനപരിഷത്ത്‌‌.

1977-ല്‍ ജനതാപാര്‍ട്ടിയുടെ ആവിര്‍ഭാവത്തോടെ തിരോധാനം ചെയ്ത ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്‍റെ തുടര്‍ച്ചയായിട്ടാണു് സമാജവാദി ജനപരിഷത്ത്‌ ഉദയം ചെയ്തതു്‌. ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ പുനഃസ്ഥാപനത്തിനു് വേണ്ടി സോഷ്യലിസ്റ്റ്‌ പാര്‍ട്ടി മറ്റു് കക്ഷികളോടൊപ്പം ചേര്‍ന്നു് ജനതാപാര്‍ട്ടിയായി മാറിയതിനു് ശേഷം സാമൂഹിക സാമ്പത്തിക രാഷ്ട്രീയവിപ്ലവത്തിനു് നേത്രത്വം നല്‍കുന്ന കക്ഷിയുടെ ശൂന്യത രാജ്യത്തുണ്ടായി . സപ്ത വിപ്ലവമെന്നും സമ്പൂര്‍ണ്ണ വിപ്ലവമെന്നും പറയുന്ന ആദര്‍ശം മുന്നോട്ടു് കൊണ്ടു്പോകുന്നതിലും രാഷ്ട്രത്തിലെ വിപ്ലവ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിയ്ക്കുന്നതിലും സോഷ്യലിസ്റ്റു്കളടങ്ങിയ ജനതാപാര്‍ട്ടി പരാജയപ്പെട്ടു. ജനതാപാര്‍ട്ടിയെ അതിന്റെ ലക്ഷ്യം നേടുന്നതില്‍ വിജയിപ്പിയ്ക്കുവാന്‍ കഴിയാത്ത സോഷ്യലിസ്റ്റുകള്‍ ചിതറിപ്പോവുകയും ചെയ്തു.
പിന്നീടു്, രാജനാരായണനും ശിവരാമ ഭാരതിയും ഭായ്‌ വൈദ്യയുമെല്ലാം പലപ്പോഴായി സോഷ്യലിസ്റ്റു് പ്രസ്ഥാനത്തിന്റെ പുനരുജ്ജീവനത്തിനു് ശ്രമിച്ചെങ്കിലും സോഷ്യലിസ്റ്റു് ആദര്‍ശത്തെയും ചിന്തയേയും കാലാനുസൃതമായി പുനഃസ്ഥാപിച്ചതു് സമാജവാദി ജനപരിഷത്തിലൂടെയാണു്.

1972-നു് ശേഷം പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറി ജനകീയ മുന്നേറ്റപ്രവര്‍ത്തനങ്ങളില്‍ മാത്രം മുഴുകിയിരുന്ന കിഷന്‍ പടനായകന്‍ ഏകോപിപ്പിച്ചിരുന്ന ജനാന്ദോളന സമന്വയ സമിതിയിലെ അംഗസംഘടനകളായ 1974-ലെ സമ്പൂര്‍ണ്ണ വിപ്ലവ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന ഛാത്ര യുവസംഘര്‍ഷ വാഹിനി, ഉത്തര്‍ ‍ബംഗ്‌ തപോസിലി ജാതി ആദിവാസി സംഘടന (ഉത്ജാസ്‌)കേരളത്തിലെ സമത വിദ്യാര്‍ത്ഥി സംഘടന തുടങ്ങിയവയും ഭായി വൈദ്യയുടേ നേത്യത്വത്തിലുണ്ടായിരുന്ന മഹാരാഷ്ട്രത്തിലെ സോഷ്യലിസ്റ്റ്‌ ഫ്രണ്ടും അംബേദ്കറുടെ അനുയായികളുടെ സംഘടനകളും ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ചേര്‍ന്നാണു് സമാജവാദി ജനപരിഷത്തുണ്ടായതു്.

പുതിയ സോഷ്യലിസ്റ്റ്‌ കക്ഷിയായ സമാജവാദി ജനപരിഷത്തിനു് അംബേദ്കര്‍ ചിന്താഗതിക്കാരുടേയും ദലിത-ആദിവാസി പ്രസ്ഥാനങ്ങളുടേയും ഇതര ജനകീയ വിപ്ലവധാരകളുടേയും പശ്ചാത്തലവും ജന്മനാ തന്നെ ലഭിച്ചതാണു്. സ്ത്രീ-ദലിത-ആദിവാസി-പരിസ്ഥിതി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന സോഷ്യലിസമാണു് സമജവാദി ജന പരിഷത്തിന്റെ ആവിര്‍ഭാവത്തോടെ നിലവില്‍ വന്നതു്.ഇനിയും വികസിപ്പിച്ചു് മുന്നോട്ടു് കൊണ്ടു്പോകേണ്ടതും ജയപ്രകാശ നാരായണന്‍ നിര്‍ദ്ദേശിച്ചതുമായ ജനകീയ സോഷ്യലിസമെന്ന ഘട്ടത്തിലാണു് ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം എത്തിച്ചേര്‍ന്നിരിക്കുന്നതു്. ഇതു് എല്ല്ലാ അര്‍ത്ഥത്തിലും ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ പുതിയ ഘട്ടമാണു്.

പടിഞ്ഞാറന്‍ സോഷ്യലിസ്റ്റ്‌ കാഴ്ചപ്പാടിലും മാര്‍ക്സിസ്റ്റ്‌ വീക്ഷണത്തിലും ആരംഭിച്ച ഇന്ത്യന്‍ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം 1940-കളുടെ അവസാനം മാര്‍ക്സിസത്തില്‍ നിന്നും പശ്ചാത്യ സോഷ്യല്‍ ഡെമോക്രസിയില്‍ നിന്നും വ്യത്യസ്തമായ ജനാധിപത്യ സോഷ്യലിസമെന്ന ഘട്ടത്തില്‍ എത്തിച്ചേര്‍ന്നു. സമരാത്മകസോഷ്യലിസമായാണു് ഡോ. രാമമനോഹര ലോഹിയ അതിനെ മുന്നോട്ടു് കൊണ്ടു്പോയതു്. പിന്നീടു് ജയപ്രകാശ നാരായണനാണന്‍ ആവിഷ്കരിച്ച സമ്പൂര്‍ണ്ണ വിപ്ലവം അതിന്റെ മറ്റൊരു രൂപവും തുടര്‍ച്ചയുമായിരുന്നു. 70-കളില്‍ ജയപ്രകാശ നാരായണനാരംഭിച്ച സമ്പൂര്‍ണ്ണ വിപ്ലവപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായാണു് ഇന്ത്യയിലെ ജനകീയപ്രസ്ഥാനങ്ങള്‍ ഉയര്‍ന്നു് വന്നതു്.

ജയപ്രകാശ നാരായണന്‍ നിറുത്തിയിടത്തുനിന്നു് സമ്പൂര്‍ണ്ണ വിപ്ലവത്തെ മുന്നോട്ടു് കൊണ്ടുപോകുവാന്‍ സമാജവാദി ജനപരിഷത്ത്‌ പ്രതിജ്ഞാബദ്ധമാണു്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു്വന്ന ജനകീയ സോഷ്യലിസ്റ്റു് സംഘടനകള്‍ മുന്‍ കയ്യെടുത്താണു് സമാജവാദി ജനപരിഷത്തിനു് രൂപം കൊടുത്തിരിക്കുന്നതു്. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം രൂപം കൊള്ളുന്ന സമയത്തു് തന്നെ അതിലെ ഒരു വിഭാഗം സംഘടനകള്‍ സമാജവാദി ജനപരിഷത്തിനു് കൂടി രൂപം കൊടുത്തപ്പോള്‍ സമാജവാദി ജനപരിഷത്ത്‌ ഒരേ സമയം ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിനുള്ളില്‍ രൂപപ്പെട്ട കക്ഷിയും ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യത്തിനു് രൂപം കൊടുത്ത ഘടക സംഘടനകളിലൊന്നുമായി മാറി. ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തിലെ ഏക രാഷ്ട്രീയ കക്ഷിയാണു് സമാജവാദി ജനപരിഷത്ത്‌. ആഗോള വല്‍ക്കരണം പോലുള്ള രാഷ്ട്രീയ-സാമൂഹിക- സാമ്പത്തിക സാഹചര്യങ്ങളെയും രാജ്യത്തു് പ്രബലമാകുന്ന പ്രതിവിപ്ലവത്തെയും നേരിടുവാന്‍ സോഷ്യലിസ്റ്റു് രാഷ്ട്രീയം അടിയന്തിര ആവശ്യമാണെന്നതാണു് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയസഖ്യത്തില്‍ സമാജവാദി ജനപരിഷത്തിന്റെ പ്രാധാന്യം.

ആഗോളവല്‍ക്കരണത്തിന്റെ വാളായ ഗാട്ടുകരാറിന്റെ തുടര്‍ച്ചയായി സാമ്പത്തിക-സാമൂഹിക-രാഷ്ട്രീയ അനീതിയുടെ ലോകക്രമത്തിനു് ചുക്കാന്‍ തിരിയ്ക്കുന്ന ഉലക വ്യാപാര സംഘടന പ്രബല്യത്തില്‍ വന്ന അന്നു തന്നെയാണു് അതിന്റെ ആദര്‍ശത്തിനു് വിരുദ്ധമായ, രാജ്യത്തിനകത്തും രാജ്യങ്ങള്‍ തമ്മിലും സമത്വം എന്ന ആദര്‍ശം സ്ഥാപിയ്ക്കുന്ന സമാജവാദി ജനപരിഷത്തും ജന്മം കൊണ്ടതു്‌.1995 ജനുവരി 1-ആം തീയതി മഹാരാഷ്ട്രത്തിലെ ഠാണെയില്‍, ഇന്ത്യന്‍ സാമൂഹികവിപ്ലവത്തിന്റെ പിതാവായ മഹാത്മാ ഫൂലെയുടെ സഹധര്‍മ്മിണി സാവിത്രി ഭായി ഫൂലെയുടെ പേരു് നല്‍കിയ സമ്മേളന നഗരിയില്‍ നഗരസഭയിലെ തൂപ്പുജോലിക്കാരിയായ ശകുന്തള കജാനിയ ഉയര്‍ത്തിയ കൊടിയുടെ കീഴില്‍ സമാജവാദി ജനപരിഷത്ത്‌ സ്ഥാപിതമായപ്പോള്‍ അതു് മാനവ വിമോചന ചരിത്രത്തിലെ പുതിയൊരു അദ്ധ്യായത്തിന്റെ ആരംഭമായിരുന്നു. ഉത്തര ബംഗാളിലെ ആദിവാസി നേതാവായ ജഗല്‍ കിശോര റായ്‌വീരനായിരുന്നു ആദ്യദേശീയ അദ്ധ്യക്ഷന്‍.
ദലിത-ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും ആയി 60 ശതമാനം പ്രതിനിധ്യം സംഘടനയുടെ എല്ലാ ഘടകങ്ങളിലും കൃത്യമായി ഉറപ്പു് വരുത്തിയിട്ടുള്ള രാഷ്ട്രീയ കക്ഷിയാണു് സമാജവാദി ജനപരിഷത്ത്‌. ഭാരവാഹികള്‍ക്കു് തുടര്‍ച്ചയായി രണ്ടുവട്ടം മാത്രമേ ഒരേ സ്ഥാനത്തു് തുടരാനാകൂ. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന ദേശീയസമ്മേളനമാണു് ദേശീയ അദ്ധ്യക്ഷനേയും മഹാമന്ത്രിയെയും ദേശീയ നിര്‍വ്വാഹക സമിതിയെയും തിരഞ്ഞെടുക്കുന്നതു്.

പച്ച, ചെമപ്പ്‌, നീല വര്‍ണ്ണങ്ങള്‍ ലംബമായി വിന്യസിച്ചതും നടുക്കു് വിലങ്ങനെ പച്ച കലപ്പയും ചക്രവും ആലേഖനം ചെയ്തതുമായ പതാകയാണു് സമാജവാദി ജനപരിഷത്തിന്‍റേതു്‌. പരിസ്ഥിതി സംരക്ഷണത്തിനും വിപ്ലവത്തിനും സാമൂഹികനീതിക്കും തുല്യപ്രധാന്യമാണു് കൊടിയുടെ പച്ച, ചെമപ്പ്‌, നീല വര്‍ണ്ണങ്ങള്‍ കാണിക്കുന്നതു്.ചെറുകിട തൊഴിലുകാരും കൃഷിക്കാരുമായ ഉല്‍പാദക ശക്തികളുടെ ഐക്യത്തെയാണു് വിലങ്ങനെ വച്ച ചക്രവും കലപ്പയും സൂചിപ്പിയ്ക്കുന്നതു്‌.