2010/11/12

എല്ലാ രാജ്യത്തും മതസ്വാതന്ത്ര്യം ലഭ്യമാകണം: റോമാ മാര്‍പാപ്പ

.വത്തിക്കാന്‍ നഗരി, നവംബര്‍ 11: എല്ലാ പൗരന്മാര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പരസ്യമായി പിന്തുടരാനുള്ള സ്വാതന്ത്ര്യം എല്ലാ രാഷ്‌ട്രങ്ങളും ഉറപ്പാക്കണമെന്നു് റോമാ സഭയുടെ തലവന്‍ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ അഭ്യര്‍ഥിച്ചു. ഇതര മതങ്ങള്‍ക്കു് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇസ്‌ലാമിക രാജ്യങ്ങളെ ഉദ്ദേശിച്ചാണു് പാപ്പയുടെ പരാമര്‍ശം. റോമന്‍ കത്തോലിക്കാ സഭ എല്ലാ മതങ്ങളെയും മാനിക്കുന്നു. പരസ്‌പര ബഹുമാനം നിലനിര്‍ത്താനും മതവിശ്വാസം സ്വതന്ത്രമായി പിന്തുടരാനും പറ്റാത്തിടത്തോളം കാലം മതാന്തരസംവാദം ഫലവത്താകുകയില്ലെന്നും പടിഞ്ഞാറിന്റെ പാത്രിയര്‍‍ക്കീസായ റോമാ പാപ്പ പറഞ്ഞു.


ഗസയില്‍ അറഫാത്ത് അനുസ്മരണചടങ്ങുകള്‍ ഹമാസ്‌ തടഞ്ഞു

.
പലസ്‌തീന്‍ വിമോചന നായകന്‍ യാസര്‍ അറഫാത്തിന്‌ സ്‌മരണാഞ്‌ജലി

റാമല്ല: സ്വതന്ത്ര പലസ്‌തീന്‍ രാഷ്‌ട്രത്തിന്റെ മഹാ നേതാവ്‌ യാസര്‍ അറഫാത്തിന്റെ (1929 ആഗസ്റ്റ് 24 – 2004 നവംബർ 11) ആറാം ചരമവാര്‍ഷികം പലസ്‌തീന്‍ ജനത ആചരിച്ചു. പടിഞ്ഞാറെക്കരയിലെ റമല്ല നഗരത്തില്‍ പലസ്‌തീന്‍ പതാകകളേന്തി സ്‌ത്രീകളടക്കം ആയിരക്കണക്കിനാളുകള്‍ നഗരവീഥികളിലൂടെ പ്രദിക്ഷണം നടത്തുകയും അറഫാത്തിന്റെ ശരീരം അടക്കംചെയ്‌ത മുസോളിയത്തില്‍ ഒത്തുകൂടിയപ്പോള്‍ പലസ്‌തീന്‍ പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസും മറ്റു് നേതാക്കളും ആദരാഞ്‌ജലിയര്‍പ്പിച്ചു.

ഗാസ പ്രദേശം കീഴടക്കിവച്ചിരിയ്ക്കുന്ന വര്‍‍ഗീയ തീവ്രവാദിസംഘടനയായ ഹമാസ്‌ ഗാസയില്‍ യാസര്‍ അറഫാത്ത് അനുസ്മരണചടങ്ങുകള്‍ അനുവദിച്ചില്ല.


ഫോട്ടോ വികിപീഠിയയില്‍നിന്നെടുത്തതു്

2009/08/08

ചെറുത്തുനില്‍പ്പിനു് അവകാശമുണ്ടെന്നു് പലസ്തീന്‍ പ്രസിഡന്റ് അബ്ബാസ്

രാമല്ലാഃ : ഇസ്രായേലുമായി സമാധാനപരമായ സഹവര്‍ത്തിത്വമാണ് ഫലസ്തീന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍, അന്താരാഷ്ട്ര നിയമമനുസരിച്ച് ചെറുത്തുനില്‍പ്പിന് ഫലസ്തീന് അവകാശമുണ്ടെന്നും പലസ്തീന്‍ പ്രസിഡന്റും ഫത്താ നേതാവുമായ മഹമൂദ് അബ്ബാസ് വ്യക്തമാക്കി.

2000 പ്രതിനിധികള്‍ പങ്കെടുക്കുന്ന ത്രിദിന ഫത്താ കോണ്‍ഗ്രസ് ബേത്‍‍ലഹേമില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന്റെ അതിക്രമം നിസ്സഹായമായി നോക്കിനില്‍ക്കാന്‍ നമുക്കാവില്ല. സിയോണ്‍‍‍വാദം തുടച്ചുനീക്കണമെന്നത് ഫത്തായുടെ പ്രഖ്യാപിത നയമാണ്. മഹ്മൂദ് അബ്ബാസിനു് അത് മാറ്റാനാവില്ല. സായുധ പ്രതിരോധമാണ് ഈ സംഘടനയുടെ പാരമ്പര്യമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

എന്നാല്‍, വര്‍ധിച്ചുവരുന്ന യഹൂദകുടിയേറ്റത്തോടു് നിസ്സഹകരണ സമരമുറ സ്വീകരിക്കാനാണ് സമ്മേളനം അംഗീകരിച്ച പ്രമേയം ആഹ്വാനം ചെയ്യുന്നത്. ഇസ്രായേലിന്റെ തകര്‍ച്ചയാണ് ഫത്തഹിന്റെ ലക്ഷ്യമെന്ന സംഘടനയുടെ അടിസ്ഥാനപ്രമേയം മാറ്റുന്ന പ്രശ്നമില്ലെന്ന് മുതിര്‍ന്ന ഫതഹ് നേതാവ് അഅസംഅല്‍ അഹ്മദ് വ്യക്തമാക്കി. പലസ്തീന്‍ മോചിതമാവുകയും സിയോണിസ്റ്റ് രാഷ്ട്രം തുടച്ചുനീക്കപ്പെടുകയും ചെയ്യുന്നതുവരെ സായുധസമരം തുടരുമെന്ന് ഫതഹിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ പറയുന്നുണ്ട്.

1989-ല്‍ ടൂണിസില്‍ നടന്ന സമ്മേളനത്തിനുശേഷം ഇതാദ്യമായാണ് ഫതഹിന്റെ സമ്മേളനം നടക്കുന്നത്.

ഗാസയിലുള്ള 400 ഫത്തഃ പ്രതിനിധികള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ ഗസ്സയിലെ അനധികൃത ഹമാസ് ഭരണകൂടം അനുമതി നിഷേധിച്ചു.

2009/04/11

സാമ്രാജ്യത്വവിധേയരുടെ വിപ്ലവ മുഖംമൂടി


ഡോ. ആസാദ്‌   (പൊന്നാനി ലോകഭാ മണ്ഡലത്തിലെ ഇടതുപക്ഷഏകോപന സമിതി സ്ഥാനാര്‍ഥി)

മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഇടതുവലതുഭേദമില്ലാതെ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയസമീപനങ്ങള്‍ക്ക്‌ കീഴ്‌പെട്ടുകഴിഞ്ഞ സന്ദര്‍ഭത്തിലാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 

എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌., ബി.ജെ.പി. എന്നിങ്ങനെയുള്ള മൂന്ന്‌ പ്രബല ചേരികളാണല്ലോ കേരളത്തിലുള്ളത്‌. ഈ മൂന്നു ചേരികളും ഒരേ സാമ്പത്തിക വികസനനയങ്ങളില്‍ എത്തിപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളെ വന്‍തോതില്‍ ആശ്രയിക്കാനും ഊഹമൂലധനശക്തികള്‍ക്ക്‌ സ്വാഗതമരുളാനും ഇവരെല്ലാം മുന്നിലുണ്ട്‌. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ ഘടനകള്‍ പുതുക്കിപ്പണിയാനുള്ള സാമ്രാജ്യത്വത്തിന്റെ ഗവണ്‍മെന്റ്‌ നവീകരണപദ്ധതി (ങംജ) കള്‍ക്ക്‌ കളമൊരുക്കിക്കൊടുക്കുന്നതും മറ്റാരുമല്ല. ഇതുമൂലം പഴയ സോഷ്യലിസ്റ്റനുഭാവമുള്ള സാമ്പത്തികാസൂത്രണ പദ്ധതികളുടെയും മനോഭാവത്തിന്റെയും ചിറകുകളാണ്‌ അരിഞ്ഞുവീഴ്‌ത്തപ്പെട്ടത്‌. 

പൊതുമേഖലാ സംരംഭങ്ങള്‍ തകര്‍ക്കപ്പെടുകയോ നിര്‍ജീവമാക്കപ്പെടുകയോ ചെയ്‌തു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഭൂരഹിതരുടെയും തൊഴില്‍ രഹിതരുടെയും എണ്ണം വര്‍ധിച്ചു. ഒരുഭാഗത്ത്‌ വന്‍കിട കൈയേറ്റങ്ങള്‍ വര്‍ധിച്ചപ്പോള്‍ മറുഭാഗത്ത്‌ ഭൂമിയില്‍നിന്നു കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു. ആരോഗ്യമേഖല വന്‍കിട ഔഷധകുത്തകകളുടെ കൈവെള്ളയിലമര്‍ന്നു. വിദ്യാഭ്യാസം ധന മാഫിയാസംഘങ്ങളും സാമുദായികശക്തികളും കച്ചവടസംരംഭമാക്കി. തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുകയായി. സ്വകാര്യസംരംഭകര്‍ക്ക്‌ ഒരു തൊഴില്‍നിയമവും ബാധകമല്ലാതെ അഴിഞ്ഞാടാന്‍ അവസരം നല്‌കി. കുടിവെള്ളം വില്‌പനച്ചരക്കാക്കി. പ്രകൃതിവിഭവങ്ങള്‍ വലിയ തോതില്‍ കൊള്ളയടിക്കപ്പെട്ടു. ഈ നയങ്ങളുടെ പേരില്‍ നമ്മുടെ നാട്ടില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടായില്ല. സമരപ്രസ്ഥാനങ്ങള്‍ മിതവാദികളോ മുതലാളിത്ത പക്ഷപാതികളോ ആയി മാറി. 

ഇത്തരമൊരു സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളാണ്‌. അവ ചര്‍ച്ചയ്‌ക്കുവന്നാല്‍ അതിനെ അഭിമുഖീകരിക്കാനുള്ള കെല്‌പ്‌ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കില്ല. അതിനാല്‍ അവരെല്ലാം വ്യാജപ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്‌. അവിശുദ്ധവും രാജ്യത്തിന്റെ ഭാവിക്ക്‌ അപകടകരവുമായ കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. സാമുദായികശക്തികളെ വന്‍തോതിലാണ്‌ ഇക്കൂട്ടര്‍ ആശ്രയിക്കുന്നത്‌. വിവിധ ജാതി, മത, സമുദായ വിഭാഗങ്ങളില്‍പ്പെട്ട സാധാരണ മനുഷ്യരുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പണമേധാവിത്വത്തിനും സാമ്രാജ്യത്വത്തിനും വഴങ്ങി അതിന്റെ ജീര്‍ണതകളെയും വാരിപ്പുണരുകയാണ്‌. വര്‍ഗീയ ലഹളകളിലേക്ക്‌ നയിക്കുംവിധമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളുടെ ചേരിതിരിവിന്‌ സഹായകരമാം വിധത്തിലാണ്‌ പിണറായി വിജയന്‍- മഅദനി ബന്ധം രൂപപ്പെട്ടിരിക്കുന്നത്‌. ഇത്തരം അവിശുദ്ധബന്ധങ്ങള്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ മുമ്പേ ശീലവുമാണ്‌. 

നവമുതലാളിത്തത്തിന്റെ സാമ്പത്തിക, വികസന നയങ്ങള്‍ പിന്തുടരുമ്പോള്‍ അവയുടെ ജീര്‍ണതകള്‍ കടന്നുകയറുക എളുപ്പമാണ്‌. '90-കളുടെ മധ്യത്തോടെ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം. നാലാംലോകം വഴി എത്തിപ്പെട്ടത്‌ സാമ്രാജ്യത്വവികസന പാതയിലാണ്‌. അതിന്റെ സ്വാഭാവികമായ പരിണതിയാണ്‌ ലാവലിന്‍കേസ്‌. അതിന്റെ ഓരോ ചുവടിലും പ്രകടമായ രാഷ്ട്രീയവ്യതിയാനമുണ്ട്‌. ബെല്‍ എന്ന പൊതുമേഖലാസ്ഥാപനത്തെ നിരാകരിച്ചതിലും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞതിലും കോഴയാകാമെന്നു തീരുമാനിച്ചതിലുമെല്ലാം അതു പ്രകടമാണ്‌. 

വലിയ സാമ്രാജ്യത്വവിരുദ്ധതയുടെ മുഖംമൂടിയണിഞ്ഞാണ്‌ ഇവരെല്ലാം വോട്ട്‌ തേടുന്നത്‌. സാമ്രാജ്യത്വാനുകൂല സാമ്പത്തിക, വികസനനയങ്ങള്‍ നടപ്പാക്കുന്നവര്‍ സാമ്രാജ്യത്വവിരുദ്ധരാകുന്നത്‌ എങ്ങനെയാണ്‌? ആണവക്കരാറിന്റെയും ഇസ്രായേല്‍ ബന്ധത്തിന്റെയും കാര്യമാണ്‌ ചിലര്‍ ഉയര്‍ത്തുന്നത്‌. ശീതയുദ്ധത്തെത്തുടര്‍ന്ന്‌ 1991-ല്‍ പുത്തന്‍ സാമ്പത്തികനയവും അമേരിക്കാനുകൂലമായി ചേരിചേരാ നയത്തില്‍ വന്ന മാറ്റവുമാണ്‌ രണ്ടിനും അടിസ്ഥാനം. നരസിംഹറാവു ഗവണ്‍മെന്റാണ്‌ രണ്ടിനും തുടക്കം കുറിച്ചത്‌. തുടര്‍ന്നുവന്ന ബി.ജെ.പി. ഗവണ്‍മെന്റും ഇപ്പോള്‍ കാലാവധി തീരുന്ന യു.പി.എ. ഗവണ്‍മെന്റും പലപ്പോഴായി ആണവക്കരാറിന്റെ മുന്നുപാധികളില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും അമേരിക്കന്‍ സൈനികവിമാനങ്ങള്‍ ഇന്ത്യയിലെത്തി. സംയുക്താഭ്യാസപരിശീലനങ്ങള്‍ നടന്നു. അപ്പോഴൊന്നും കനത്ത പ്രതിഷേധമുയര്‍ത്താന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ 'നല്ല ബുദ്ധി' തോന്നുന്നത്‌. ഇസ്രായേല്‍ വിഷയവും അങ്ങനെത്തന്നെ. നരസിംഹറാവു ഗവണ്‍മെന്റ്‌ ഇസ്രായേലിന്‌ അംഗീകാരം നല്‌കിയത്‌ സാമ്രാജ്യത്വ സമ്മര്‍ദംമൂലമാണ്‌. തുടര്‍ന്നുവന്ന കോണ്‍ഗ്രസ്‌, ബി.ജെ.പി. മുന്നണി സര്‍ക്കാറുകള്‍ക്കും ഇടതുപക്ഷപിന്തുണയുള്ള സര്‍ക്കാറിനും ഇസ്രായേലിനുള്ള അംഗീകാരം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ഇപ്പോള്‍ പരസ്‌പരം ചളിവാരിയെറിയുന്നത്‌ ഇസ്രായേലിന്റെ പേരിലാണ്‌. 

ചുരുക്കത്തില്‍ മുന്നണികള്‍ തമ്മില്‍ അവ സ്വീകരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ലാതായിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും പാരമ്പര്യമുള്ള ഒരു പുതിയ പ്രസ്ഥാനം അനിവാര്യമായിട്ടുണ്ട്‌. ഇടതുപക്ഷ ഏകോപനസമിതി ഈ ലക്ഷ്യത്തോടെയാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. 

 

കടപ്പാടു് : ഏപ്രില്‍‍‍ 11 2009 മാതൃഭൂമി

 

2009/04/09

ഇടതുപക്ഷത്തിന് ചരിത്രം മാപ്പുനല്‍കില്ല: ടീസ്റ്റ സെത്തില്‍വാദ്

തിരൂര്‍,ഏപ്രില്‍ 3: ഇടതുമുന്നണിയുടെ വര്‍ീയ കക്ഷികളുമായുള്ള കൂട്ടുകെട്ട് രാജ്യത്തെ അപകടത്തിലേക്കു നയിക്കുമെന്നും ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന് ചരിത്രം മാപ്പുനല്‍കില്ലെന്നും പ്രസിദ്ധ സാമൂഹികപ്രവര്‍ത്തക ടീസ്റ്റ സെത്തില്‍വാദ്. അധിനിവേശ പ്രതിരോധ സമിതി തിരൂര്‍ വാണ്‍ ട്രാജഡി സ്മാരക ടൌണ്‍ഹാളില്‍ സംഘടിപ്പിച്ച മതേതര സാംസ്കാരിക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ടീസ്റ്റ.


മതേതരത്വം ഇന്ത്യയുടെ ആത്മാവാണ്. ഇടതുപക്ഷത്തിന്റെ മത-വര്‍ീയ പ്രീണന നയങ്ങള്‍ മതേതരത്വം കളങ്കപ്പെടുത്തും. പിഡിപി, എന്‍ഡിഎഫ്, ജമാഅത്തെ ഇസ്ലാമി, ആര്‍ എസ് എസ്, വിഎച്ച്പി തുടങ്ങിയ സംഘടനകളെല്ലാം ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ഇത്തരം സംഘടനകളെ അകറ്റിനിര്‍ത്തണം. എന്നാല്‍ ജനാധിപത്യ സംസ്കാരത്തിനു നിരക്കാത്ത നിലപാടാണ് ഇടതുപക്ഷം ഇപ്പോള്‍ കൈക്കൊള്ളുന്നതെന്നും സംസ്കാരത്തെ തകര്‍ത്ത് വര്‍ീയ തീവ്രവാദത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്നും ടീസ്റ്റ സെത്തില്‍വാദ് പറഞ്ഞു

. ബംഗ്ദേശിലും കശ്മീരിലും വര്‍ീയത നടപ്പിലാക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സാംസ്കാരിക സംഘടനയായി പ്രത്യക്ഷപ്പെടുന്നത് എങ്ങനെയാണെന്നും ഇടതുപക്ഷത്തിന്റെ വര്‍ീയകൂട്ടുകെട്ട് ഭാവിയില്‍  ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും ടീസ്റ്റ സെത്തില്‍വാദ് പറഞ്ഞു. 

എഴുത്തുകാരന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് ആധ്യക്ഷ്യം വഹിച്ചു. മുഖ്യപ്രഭാഷണം നടത്തേണ്ട ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ അസൌകര്യം അറിയിച്ചതിനാല്‍ അദ്ദേഹം അയച്ചുകൊടുത്ത പ്രഭാഷണം സദസില്‍  വായിച്ചു. 

എഴുത്തുകാരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരുമായ സാറാ ജോസഫ്, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് , ഡോ. വി. കൃഷ്ണാനന്ദ്, എന്‍. സുതന്‍, ബാബു ഭരദ്വാജ്, കെ.എസ്. ഹരിഹരന്‍, സിദ്ധാര്‍ഥന്‍ പരുത്തിക്കുന്ന്, കെ.എസ്. ഹരിഹരന്‍, പൊന്നാനി ലോക്സഭാ മണ്ഡലം ഇടതുപക്ഷ ഏകോപന സമിതി സ്ഥാനാര്‍ഥി ഡോ. ആസാദ്, ഐ.വി. ബാബു, പി. സുരേന്ദ്രന്‍, വി.പി. വാസുദേവന്‍ എന്നിവര്‍ പ്രസംഗിച്ചു.

എംസിപിഐയും മത്സരരംഗത്തേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംസിപിഐ യുണൈറ്റഡ് ( The Marxist Communist Party of India-United [ MCPI-U] ) ചാലക്കുടി, കൊല്ലം സീറ്റുകളില്‍ മത്സരിക്കുമെന്ന്‌ സംസ്‌ഥാന sk{I«dnbpw t]mfnäv _yqtdm AwKhpamb hn._n sNdnbm³ അറിയിച്ചു. യഥാക്രമം ടി.എസ്‌. നാരായണനും പി. കൃഷ്‌ണമ്മാളുമായിരിക്കും സ്ഥാനാര്‍ഥികള്‍.

ഇടതുപക്ഷ ഏകോപനസമിതി സ്ഥാനാര്‍ഥികള്‍.

ഷൊറണൂര്‍: സിപിഐഎമ്മില്‍ നിന്ന്‌ പുറത്തുപോയവരുടെ പ്രസ്ഥാനമായ ഇടതുപക്ഷഏകോപന സമിതി അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍‍  മത്സരിക്കുന്നു. പാലക്കാട്ട് എം.ആര്‍.മുരളിയും കോഴിക്കോട് മണ്ഡലത്തില്‍ അഡ്വ. കുമാരന്‍കുട്ടിയും വടകരയില്‍ ടി.പി.ചന്ദ്രശേഖരനും പൊന്നാനിയില്‍ ഡോ. ആസാദും ആറ്റിങ്ങലില്‍ എം ജയകുമാറുമാണ് സ്ഥാനാര്‍ഥികള്‍.

 ഷൊറണൂരില്‍ ചേര്‍ന്ന ഇടതുപക്ഷ ഏകോപനസമിതിഎക്‌സിക്യൂട്ടീവ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇടതുപക്ഷ ഏകോപനസമിതി യോഗത്തില്‍ എം.ആര്‍.മുരളി, കെ.എസ്.ഹരിഹരന്‍, ഡോ. ആസാദ്, കുഞ്ഞിക്കണാരന്‍, പി.കെ.പ്രകാശന്‍, എം.നാരായണന്‍, വി.വിമല, എം.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു

ഇടതുപക്ഷ ഏകോപനസമിതി കമ്മറ്റി നിലവില്‍ വന്നു

ഷൊറണൂര്‍:  സിപിഐഎമ്മില്‍ നിന്ന്‌ പുറത്തുപോയവരുടെ പ്രസ്ഥാനമായ ഇടതുപക്ഷ ഏകോപനസമിതി മാര്‍ച്ച്‌ 15 ന്‌ ഷൊര്‍ണൂരില്‍ ചേര്‍ന്ന പ്രഥമസംസ്ഥാന കണ്‍വെന്‍ഷനോടെ നിലവില്‍ വന്നു. കേരളത്തിലെ സിപിഐഎം ഉള്‍പ്പാര്‍ട്ടി സമരങ്ങളുടെ ചരിത്രത്തിലെ നിര്‍ണ്ണായകമായ സംഭവമാണിതെന്നു് സംഘാടകര്‍ അവകാശപ്പെട്ടു.

 

പ്രത്യയശാസ്‌ത്രസമരങ്ങളുടെ പേരില്‍ സിപിഐഎമ്മില്‍ നിന്ന്‌ പുറത്താക്കപ്പെടുകയോ പുറത്തുപോവുകയോ ചെയ്‌ത കേരളത്തിലെ വിവിധ പ്രദേശങ്ങളിലുള്ള കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പുകളും വ്യക്തികളും ഒത്തു ചേര്‍ന്നുകൊണ്ടാണു്, ഇടതുപക്ഷ ഏകോപനസമിതിക്ക്‌ രൂപം നല്‍കിയതു്. ഫെബ്രുവരി മാസം ഷൊര്‍ണൂരില്‍ രൂപീകരിച്ച പ്രിപ്പറേറ്ററി കമ്മറ്റിയാണ്‌ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തത്‌.

 

പ്രിപ്പറേറ്ററി കമ്മറ്റി കണ്‍വീനര്‍ എം ആര്‍ മുരളി സ്വാഗതം പറഞ്ഞതോടെ കണ്‍വെന്‍ഷന്‍ നടപടികള്‍ ആരംഭിച്ചു. അഴിമതിക്കും രാഷ്‌ട്രീയ മണ്‌ഡലത്തിലെ മാഫിയാവല്‍ക്കരണത്തിനുമെതിരായ ഒരു ബഹുജന മുന്നേറ്റമാണ്‌ ഇടതുപക്ഷ ഏകോപനസമിതി ലക്ഷ്യം വെക്കുന്നതെന്ന്‌ എം ആര്‍ മുരളി വ്യക്തമാക്കി. കണ്‍വെന്‍ഷനില്‍ ഇടതുപക്ഷ ഏകോപനസമിതി പ്രിപ്പറേറ്ററി ചെയര്‍മാന്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ അദ്ധ്യക്ഷത വഹിച്ചു. മുന്‍കാലത്ത്‌ ഇടതുപക്ഷ പുരോഗമന രാഷ്‌ട്രീയ-സാമൂഹ്യ ചരിത്രത്തില്‍ ഷൊര്‍ണൂര്‍ വഹിച്ച നിര്‍ണ്ണായക പങ്കിനെപ്പറ്റി അദ്ദേഹം എടുത്തു പറഞ്ഞു. കോണ്‍ഗ്രസിനകത്ത്‌ രൂപപ്പെട്ട കോണ്‍ഗ്രസ്സ്‌-സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെയും നവോത്ഥാന പ്രക്ഷോഭങ്ങളുടെയും കേരളത്തിലെ ആദ്യത്തെ ഇടതുപക്ഷ പത്രമായ പ്രഭാതത്തിന്റെയും കേന്ദ്രം ഷൊര്‍ണൂരായിരുന്നുവെന്ന്‌ അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ ചൂണ്ടിക്കാണിച്ചു.

 

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌  എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരാണ്‌ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തത്‌. കേരളത്തിലെയും ലോകത്തിലെത്തന്നെയും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ ചരിത്രാനുഭവങ്ങളും ഇന്നും തുടരുന്ന വര്‍ഗ വിഭജിതാവസ്ഥയില്‍ ഇടത്‌-വലത്‌ വ്യതിയാനങ്ങളില്‍ നിന്ന്‌ വേറിട്ടു നില്‍ക്കുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ അനിവാര്യമാണു്. പാര്‍ട്ടിയില്‍ മാര്‍ക്‌സിസം-ലെനിസിസം പുനഃസ്ഥാപിക്കാന്‍ വേണ്ടി കടുത്ത സമരങ്ങള്‍ തന്നെ വേണ്ടിവരുന്ന അവസ്ഥയാണിപ്പോഴുള്ളത്‌- ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ഊന്നിപ്പറഞ്ഞു.

 

പ്രസീഡിയം

 

ഉദ്‌ഘാടന സമ്മേളനശേഷം കണ്‍വെന്‍ഷന്‍ നടപടികള്‍ നിയന്ത്രിക്കാനുള്ള വിവിധ കമ്മറ്റികളെ തെരഞ്ഞെടുത്തു. അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, ടി.പി.ചന്ദ്രശേഖരന്‍, കെ.കെ.കുഞ്ഞിക്കണാരന്‍, എം.നാരായണന്‍ എന്നിവരടങ്ങിയ പ്രസീഡിയവും എം ആര്‍ മുരളി, ഡോ.ആസാദ്‌, അഡ്വ.പി കുമാരന്‍കുട്ടി, പ്രേമന്‍, ജയകുമാര്‍ എന്നിവരടങ്ങിയ സ്റ്റിയറിംഗ്‌ കമ്മറ്റിയും, കെ എസ്‌ ഹരിഹരന്‍, ഐ വി ബാബു, കെ പി പ്രകാശന്‍, ധ്യാനസുതന്‍ എന്നിവരടങ്ങിയ പ്രമേയകമ്മറ്റിയും പി കെ സുരേഷ്‌, അംബിക, എന്‍ സ്‌മിത എന്നിവരടങ്ങിയ മിനിറ്റ്‌സ്‌ കമ്മറ്റിയുമാണ്‌ സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്‌.

 

കരടു് രാഷ്‌ട്രീയ രേഖ

 

പ്രിപ്പറേറ്ററി കമ്മറ്റിക്കുവേണ്ടി കരടു രാഷ്‌ട്രീയ രേഖ ഡോ.ആസാദ്‌ അവതരിപ്പിച്ചു. ഇന്ത്യയിലും ലോകത്താകെയും പൊട്ടിപ്പുറപ്പെടുന്ന രാഷ്‌ട്രീയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ ഷൊര്‍ണൂര്‍ കണ്‍വെന്‍ഷന്റെ പ്രാധാന്യം എടുത്തു പറഞ്ഞുകൊണ്ടാണ്‌ അദ്ദേഹം രേഖ അവതരിപ്പിച്ചത്‌. കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും നേതൃത്വത്തിലൂടെ മുന്നണികള്‍ മുന്നോട്ടുവെക്കുന്ന നവലിബറല്‍ അജണ്ടകളില്‍ നിന്ന്‌ ഭിന്നമല്ല ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ജനമുന്നണിയുടെയും നയപരിപാടികള്‍. സിപിഐഎം പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുള്ളത്‌, മൂന്നാം മുന്നണി എന്നത്‌ ഒരു തെരഞ്ഞെടുപ്പ്‌ അഭ്യാസമല്ല, മറിച്ച്‌ ബദല്‍ നയത്തില്‍ ഊന്നിയുള്ള പ്രക്ഷോഭവും ഐക്യവുമെന്ന കാഴ്‌ചപ്പാടാണ്‌ എന്നാണ്‌. പക്ഷെ ഇപ്പോള്‍ അണിയറയില്‍ രൂപം കൊള്ളുന്ന അവസരവാദ സഖ്യങ്ങള്‍ക്കൊന്നും യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിയില്ല. ഇത്തരമൊരു സന്ദര്‍ഭത്തിലാണ്‌ പുതിയൊരു ബഹുജനമുന്നേറ്റത്തിന്റെ അനിവാര്യത നിലനില്‍ക്കുന്നത്‌. അതിരുകളില്ലാത്ത മൂലധനാധിനിവേശവും അതിനു കുട ചൂടുന്ന നവകൊളോണിയല്‍ താല്‌പര്യങ്ങളും നമ്മുടെ ജീവിതത്തെ അത്യന്തം സങ്കീര്‍ണ്ണമാക്കിയിരിക്കുന്നുവെന്ന്‌ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്‌ രേഖ ആരംഭിക്കുന്നത്‌. സമത്വപൂര്‍ണ്ണമായ ഭാവി സംബന്ധിച്ച ശാസ്‌ത്രീയമായ പരികല്‌പനകളും പ്രക്ഷോഭപാതയും മുന്നോട്ടു വച്ച ഇടതുപക്ഷ രാഷ്‌ട്രീയം പ്രസക്തവും സജീവവുമായിരിക്കെ മുഖ്യധാരാ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അവയില്‍ നിന്ന്‌ വേര്‍പെട്ട്‌ വലതുപക്ഷ പാതയിലേക്ക്‌ കൂടുമാറിയിരിക്കുന്നു. വലതുപക്ഷങ്ങള്‍ക്കുപോലും ഇടതുപക്ഷ ഛായയിലേ നിലനില്‍ക്കാന്‍ കഴിയൂ എന്നതായിരുന്നു സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ സാഹചര്യം. അതുകൊണ്ട്‌ ഇടതുപക്ഷ മുഖംമൂടി അണിയാന്‍ ഇന്ത്യന്‍ മുതലാളിത്തവും അതിന്റെ രാഷ്‌ട്രീയരൂപമായ കോണ്‍ഗ്രസ്സും ശ്രദ്ധിച്ചു പോന്നിരുന്നു. തൊണ്ണൂറുകളോടെ, വിദേശനയം അമേരിക്കന്‍ പക്ഷപാതപരവും സാമ്പത്തികനയം സ്വകാര്യ-ഊഹ മൂലധനാഷ്‌ഠിതവുമാക്കി മാറ്റാനാണ്‌ അവര്‍ ശ്രമിച്ചത്‌. ലോകബാങ്ക്‌, ഐ എം എഫ്‌ തുടങ്ങിയ ധനകാര്യ ഏജന്‍സികള്‍ ഉദാരവായ്‌പയും കടുത്ത നിയന്ത്രണങ്ങളുമെന്ന നിലപാടു സ്വീകരിച്ചുകൊണ്ട്‌ വികസ്വര രാഷ്‌ട്രങ്ങളുടെ സമ്പദ്‌ഘടനയും രാഷ്‌ട്രീയക്രമവും പുനഃസംഘാടനം ചെയ്യാനാരംഭിച്ചു. കടുത്ത ദുരിതങ്ങളാണ്‌ ഇത്‌ വരുത്തിവച്ചത്‌. ഇപ്പോള്‍ അമേരിക്കന്‍ കേന്ദ്രിത സമ്പദ്‌ഘടന കനത്ത മാന്ദ്യത്തെ നേരിടുന്നതിന്റെ ഫലമായി പ്രശ്‌നം കൂടുതല്‍ വഷളാവുകയാണ്‌. ഐ ടിമേഖലയടക്കമുള്ള പുതുസംരംഭമേഖലകളിലൊക്കെ തൊഴില്‍ നഷ്‌ടപ്പെടുന്നതും ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള തിരിച്ചുവരവും കടുത്തപ്രത്യാഘാതങ്ങളിലേക്ക്‌ നയിക്കുമെന്ന്‌ രേഖ ചൂണ്ടിക്കാട്ടി.

 

അവരുടെ വികസനത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകള്‍ പോലും വലതുപക്ഷത്തുനിന്ന്‌ ഭിന്നമായതല്ല. കേരളത്തിലുള്‍പ്പെടെ റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ക്ക്‌ തഴച്ചുവളരാനുള്ള സാഹചര്യമൊരുക്കുന്നത്‌ ഇടതുപക്ഷം കൂടിയാണ്‌. അഴിമതി മുതലാളിത്ത വികസനപാതയുടെ കൂടപ്പിറപ്പായിരുന്നു. ഇപ്പോള്‍ സിപിഐഎം നേതാവ്‌ പിണറായി വിജയനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ലാവലിന്‍ അടക്കമുള്ള അഴിമതി ആരോപണങ്ങള്‍, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നയവ്യതിയാനത്തിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. ആഗോളവല്‍ക്കരണ നയസമീപനങ്ങളും അവയുടെ ഭാഗമായി ഉത്തേജിക്കപ്പെടുന്ന സാമ്രാജ്യത്വ പൗരസമൂഹ രാഷ്‌ട്രീയവും അതിന്റെ പടനായകരായ നവസാമൂഹിക-സാമുദായിക സംഘടനകളും ഒക്കെ സൃഷ്‌ടിക്കുന്ന വലതുപക്ഷവല്‍ക്കരണം ഇടതുപക്ഷത്തെ വിഴുങ്ങിക്കഴിഞ്ഞു. സാമ്രാജ്യത്വ ആശയ-സാമ്പത്തിക - സൈനിക രാഷ്‌ട്രീയാധിനിവേശത്തിന്റെ പാത സുഗമമാക്കാനാണ്‌ സ്വത്വ രാഷ്‌ട്രീയവും കടന്നുവന്നത്‌. ജാതി-മത-വംശീയ സങ്കുചിതത്വത്തിലേക്ക്‌ പ്രശ്‌നങ്ങളെയാകെ വെട്ടിച്ചുരുക്കാനുള്ള ശ്രമങ്ങള്‍ ഇതിന്റെ ഭാഗമാണ്‌.

 

ഇന്ന്‌ ലോകമാകെ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ രൂപപ്പെടുകയും വ്യാപിക്കുകയുമാണ്‌. അതോടൊപ്പം അഴിമതിക്കും മറ്റു ജീര്‍ണ്ണതകള്‍ക്കുമെതിരെ രാഷ്‌ട്രീയ സദാചാരത്തിലും വര്‍ഗ രാഷ്‌ട്രീയത്തിലുമൂന്നിയ മുന്നേറ്റങ്ങള്‍ പ്രബലമാവുന്നുണ്ട്‌. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളില്‍ നിന്ന്‌ പുറത്തു വന്നവര്‍ക്കു മാത്രമല്ല, മതനിരപേക്ഷ-ജനാധിപത്യ മൂല്യബോധമുയര്‍ത്തിപ്പിടിക്കുന്ന മുഴുവന്‍പേര്‍ക്കും അണിനിരക്കാവുന്ന ഒരു വേദികൂടിയാണ്‌ ഇടതുപക്ഷ ഏകോപന സമിതിയെന്ന്‌ കരടു രാഷ്‌ട്രീയരേഖ വ്യക്തമാക്കി.

 

 ഭാരവാഹികള്‍

 

ടി പി ചന്ദ്രശേഖരന്‍ (പ്രസിഡന്റ്‌) ടി എല്‍ സന്തോഷ്‌, അഡ്വ. പി കുമാരന്‍കുട്ടി (വൈ.പ്രസിഡന്റുമാര്‍) എം ആര്‍ മുരളി(ജനറല്‍ സെക്രട്ടറി) ജയകുമാര്‍, ഡോ.ആസാദ്‌ (സെക്രട്ടറി) അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌, വി പി വാസുദേവന്‍, കെ കെ കുഞ്ഞിക്കണാരന്‍, കെ എസ്‌ ഹരിഹരന്‍, കെ പി പ്രകാശന്‍, ഐ വി ബാബു, എന്‍ വേണു, പ്രേമന്‍ കുന്നംകുളം, രഞ്‌ജിത്ത്‌ തളിക്കുളം, വിമല ടീച്ചര്‍ (എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍)എന്നിവര്‍ ഭാരവാഹികളായ 32 അംഗ സംസ്ഥാന കമ്മറ്റിയെ കണ്‍വെന്‍ ഷന്‍ തെരഞ്ഞെടുത്തു.

 

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 750 ലേറെ പ്രതിനിധികള്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ സമാപിച്ചത്‌. ഷൊര്‍ണൂര്‍ നഗരത്തെ പിടിച്ചുകുലുക്കിയ ഉജ്ജ്വല പ്രകടനത്തോടെയാണ്‌. ടി.പി.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. എം ആര്‍ മുരളി, ജയകുമാര്‍, എം നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

2007/12/14

സുനില്‍ സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ പ്രസിഡന്റ്


കോട്ടയം: സമാജവാദി ജനപരിഷത്തിന്റെ പുതിയ ദേശീയ പ്രസിഡന്റായി വൈസ് പ്രസിഡന്റ് സുനിലിനെ(മദ്ധ്യ പ്രദേശ്) പശ്ചിമ ബംഗാളിലെ ജല്പായഗുഡിയില്‍‍‍‍‍ വൃശ്ചികം ൨൧,൨൨ (ഡി. 7,8)തീയതികളില്‍‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍‍ യോഗം തെരഞ്ഞെടുത്തു. കഴിഞ്ഞമാസം അന്തരിച്ച ജുഗല്‍‍ കിശോര്‍‍ റായിവീരനു് പകരമായാണു് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തിരിയ്ക്കുന്നതു്. ജുഗല്‍‍ കിശോര്‍‍ റായിവീര്‍‍ രോഗബാധിതനായതിനായതിനെ തുടര്‍ന്നു് അവധിയില്‍ പ്രവേശിച്ചതു് മുതല്‍ സുനില്‍ താല്‍ക്കാലികപ്രസിഡന്റായി ചുമതലകള്‍ നിര്‍വഹിച്ചു്വരികയായിരുന്നു.

2007/12/13

സ്വാഭാവിക രാഷ്ട്രീയം മോദിയെ തറപറ്റിച്ചേക്കാം


യോഗേന്ദ്ര യാദവ്

ജനാധിപത്യം നരേന്ദ്രമോദിയോട് പകരം വീട്ടുകയാണു്. മാനദണ്ഡങ്ങളെയും നിയമങ്ങളെയും ഭരണഘടനയെയും മറികടക്കാന്‍ ജനവിധിയെ ഉപയോഗിച്ച മോദിയ്ക്ക് സത്യത്തിന്റെ ഏറെ നീട്ടിവെക്കപ്പെട്ട നിമിഷമാകാം ഈ തിരഞ്ഞെടുപ്പു്. മോദി പരാജയപ്പെടുമെന്നു് നമുക്കു് ഇനിയും പറയാറായിട്ടില്ല. ശാസ്ത്രീയമായ സര്‍വേകളുടെ അടിസ്ഥാനത്തിലുള്ള സ്ഥിതിവിവരങ്ങള്‍ വെച്ചാണു് കണിശമായ തിരഞ്ഞെടുപ്പു് പ്രവചനങ്ങള്‍ നടത്തുന്നതു്. എന്നാല്‍, സൌരാഷ്ട്രയിലൂടെയുള്ള ഒരു യാത്ര ഈ നിര്‍ണായകമേഖലയില്‍ ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ]യ്ക്കു് അടിപതറുന്നുവെന്നു് സൂചിപ്പിയ്ക്കാന്‍ മതിയായതാണു്. ഈ നഷ്ടം പരാജയത്തിന്റെ തോതു് എക്സിറ്റ് പോളുകള്‍ അളക്കും. എന്നാല്‍ കുറച്ചു്കാലം മുമ്പു് അചിന്തനീയമായതു് ചിന്തിയ്ക്കാന്‍ ഇപ്പോള്‍ മതിയായ സൂചനകളുണ്ടു്; മോദി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാം.

ജനാധിപത്യത്തിന്റെ പ്രതികാരം അപ്രതീക്ഷിത മാര്‍ഗങ്ങളാണു് സ്വീകരിയ്ക്കുക. 2002_ലെ മുസ്ലിം കൂട്ടക്കൊലയ്ക്കു് നേതൃത്വം വഹിച്ചതിനു് മോദി ശിക്ഷിയ്ക്കപ്പെടുന്നില്ല. ശരാശരി ഗുജറാത്തിയുടെ സാമാന്യ ബോധത്തെ മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ജനങ്ങളുടെ പൊതുബോധത്തില്‍ കൂട്ടക്കൊലയെക്കുറിച്ചുള്ള ഓര്‍മകളോ വേദനയോ ശേഷിയ്ക്കുന്നില്ല. 2002_ല്‍ എന്തു് സംഭവിച്ചുവെന്നു് ഞങ്ങള്‍ ഒരു കോളേജ് വിദ്യാര്‍ഥിയോടു് ചോദിച്ചു. അവനു് അറിയാമായിരുന്നതു് ഗോധ്രയില്‍ തീവണ്ടി കത്തിച്ചതും അക്ഷര്‍ധാമിലെ തീവ്രവാദി ആക്രമണവും മാത്രമായിരുന്നു. അന്നു് അക്രമങ്ങളൊന്നും ഉണ്ടാകാത്ത സൌരാഷ്ട്രയില്‍ 2002-നെക്കുറിച്ചുള്ള മറവി പൂര്‍ണമാണു്. അതുകൊണ്ടു് തന്നെ സൊഹറാബുദ്ദീന്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുള്ള മോഡിയുടെ ചൂതുകളി ഇവിടെ അദ്ദേഹത്തിനു് ഗുണം ചെയ്യുമെന്നു് തോന്നുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ നിലവിലില്ലെന്നു് തോന്നിപ്പിയ്ക്കുന്ന ഏക സമുദായം ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ]യ്ക്കു് തൊട്ടുകൂടാത്തതും ഇന്ദിരാ കാങ്ഗ്രസ്സ് മറന്നു്പോയതുമായ മുസ്ലിം സമുദായമാണു്.

സാമ്പ്രദായികമായ ഭരണവിരുദ്ധവികാരമോ ദുര്‍ഭരണത്തിനുള്ള ശിക്ഷയോ ആയിരിയ്ക്കില്ല മോദിയെ പതനത്തിലേയ്ക്കു് നയിക്കുന്നതു്. നഗരത്തിലെ മധ്യവര്‍ഗ കോളനികള്‍ പിന്നിടുമ്പോഴേക്കും വികസിത ഗുജറാത്തിന്റെ തിളക്കം മങ്ങിമങ്ങിവരുമെന്നതു് നേരാണു്. സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു്വെച്ചുവെന്നതും വികസനത്തിന്റെ യാഥാര്‍ഥ്യം മോദിപറയുന്നതില്‍നിന്നു് വിദൂരമാണെന്നതും സത്യം. എന്നാല്‍, വികസനത്തെക്കുറിച്ചുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ അവകാശവാദം ആകെ പൊളിയല്ല. കഴിഞ്ഞ അഞ്ചു്വര്‍ഷം വൈദ്യുതി ലഭ്യതയും ആരോഗ്യ-വിദ്യാഭ്യാസ സൌകര്യങ്ങളും മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്നു് ഒരു വിദൂരഗ്രാമത്തിലെ സര്‍പഞ്ചു് പറയും. കഴിഞ്ഞമാസം നടന്ന ഇന്ത്യന്‍ എക്സ്പ്രസ്-സി.എന്‍.എന്‍-ഐ.ബി.എന്‍- ദിവ്യ ഭാസ്കര്‍ സര്‍വേയില്‍ തെളിഞ്ഞ, സര്‍ക്കാറിനെപ്പറ്റി പൊതുജനങ്ങള്‍ക്കിടയിലെ മതിപ്പിനെ ശരിവയ്ക്കുന്നതാണിതു്.

ഇവിടെ സംഭവിയ്ക്കുക മോദിയുടെ ജനകീയ നിരാസവുമായിരിയ്ക്കില്ല. ഓംപ്രകാശ് ചൌട്ടാല തോല്ക്കുന്നതിനു മുമ്പു് അദ്ദേഹത്തിന്റെ പേരു് കേള്‍ക്കുമ്പോള്‍ത്തന്നെ വെറുപ്പുളവാക്കുമായിരുന്നു. മോദിയുടെ കാര്യത്തില്‍ അങ്ങനെയില്ല. നിങ്ങള്‍ അദ്ദേഹത്തെക്കുറിച്ചു് ചോദിച്ചാല്‍ സാധാരണജനം ആദരവോടെ ചിലപ്പോള്‍ ആരാധനയോടെയും സംസാരിയ്ക്കും. ഞങ്ങള്‍ സംസാരിച്ച കറകളഞ്ഞ കാങ്ഗ്രസ്സ് അനുഭാവികള്‍ക്കു്പോലും മോഡിയ്ക്ക് തുല്യനായ ഒരു കാങ്ഗ്രസ്സ് നേതാവിനെ ചൂണ്ടിക്കാണിയ്ക്കാനായില്ല. കരുത്തനും ഭരണശേഷിയുള്ളവനുമായ ഒരു നേതാവിനു് വേണ്ടിയുള്ള സാധാരണ ഗുജറാത്തിയുടെ ആഗ്രഹത്തിനോടു് പ്രതികരിക്കുന്ന മോദി സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവാണെന്നതിനു് സംശയമില്ല. എന്നാല്‍ 2002-ലെ പോലെ, നിങ്ങള്‍ രാഷ്ട്രീയത്തെപ്പറ്റി സംസാരിച്ചു തുടങ്ങുന്ന നിമിഷം ജനം മോദിയെപ്പറ്റി പറയാറില്ല. അദ്ദേഹവും മാധ്യമങ്ങളും എത്രകണ്ടു് ശ്രമിച്ചാലും ഈ തിരഞ്ഞെടുപ്പു് മോദിയെക്കുറിച്ചല്ല.

ജനാധിപത്യത്തിന്റെ പ്രതികാരം ഈ തിരഞ്ഞെടുപ്പില്‍ അസാധാരണവും ഒട്ടൊക്കെ അവിശുദ്ധവുമായ രൂപമാണു് സ്വീകരിക്കുന്നതു്. ആരുമായി അധികാരം പങ്കുവെയ്ക്കാതെ സാമ്പ്രദായിക രാഷ്ട്രീയ വ്യാപാരങ്ങള്‍ക്കു് തടയിടുന്നിടത്തായിരുന്നു മോദിയുടെ വിജയം. പതിവു് രക്ഷാകര്‍ത്തൃ വേഷം മോദിയ്ക്കില്ല. സംഘപരിവാരത്തിന്റെ സംഘടനകള്‍ക്കു്പോലും അദ്ദേഹം ആനുകൂല്യങ്ങള്‍ നിഷേധിച്ചിരുന്നു. ജനങ്ങളെ നേരിട്ടു് സമീപിച്ചും ബ്യൂറോക്രസിയെ ഉപയോഗിച്ചും പാര്‍ട്ടിയെയും രാഷ്ട്രീയക്കാരെയും അദ്ദേഹം കവച്ചു്വെച്ചു. എം.എല്‍.എ. മാരെയും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാരെപ്പോലും കാണാന്‍ മോദി കൂട്ടാക്കിയിരുന്നില്ല. പൊതു സമൂഹത്തെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അവഗണിച്ചു. ജാതിയെയും പ്രാദേശിക സമവാക്യങ്ങളെപ്പറ്റിയും ശ്രദ്ധിച്ചിരുന്നെങ്കിലും ഈ ഘടകങ്ങള്‍ക്കൊന്നും മേല്‍ക്കൈ കിട്ടാതിരിയ്ക്കുംവിധമാണു് തിരഞ്ഞെടുപ്പുകള്‍ ആസൂത്രണം ചെയ്തതു്. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] നല്ല വിജയം നേടിയ കഴിഞ്ഞ മൂന്നു് നിയമസഭാതിരഞ്ഞെടുപ്പുകളും ഏതെങ്കിലുമൊരു വൈകാരിക പ്രശ്നത്തിന്റെ സ്വാധീനമുള്ള അസാധാരണ തിരഞ്ഞെടുപ്പുകളായിരുന്നു. 1995_ല്‍ അയോധ്യ പ്രശ്നം, 1998-ല്‍ ഹജ്ജൂരിയ- ഖജ്ജൂരിയ വിഭജനം, 20020-ല്‍ ഗോധ്രാസംഭവത്തെത്തുടര്‍ന്നുള്ള കൂട്ടക്കൊല. ഈ തിരഞ്ഞെടുപ്പു് മോദിയെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആകണമായിരുന്നു.

എന്നാല്‍ അങ്ങനെയല്ല സംഭവിച്ചിരിയ്ക്കുന്നതു്. മോഡിയ്ക്കു് പ്രതിപക്ഷത്തെ മെരുക്കാനും വിമര്‍ശകരുടെ വായടയ്ക്കാനും കഴിഞ്ഞെങ്കിലും ജനാധിപത്യ രാഷ്ട്രീയത്തെ നിശ്ശബ്ദമാക്കാന്‍ കഴിഞ്ഞില്ല. പൊന്തിവരുന്ന സ്വാഭാവിക രാഷ്ട്രീയമാണു് ഈ തിരഞ്ഞെടുപ്പിനെ നിര്‍ണയിയ്ക്കുന്നതു്. നിസ്സാരവും സാധാരണവും പ്രാദേശികവുമായ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം നിലയ്ക്കാന്‍ വിസമ്മതിക്കുന്നു. ഇതു് മോദിയെ തനിയ്ക്കു് പരിചയമില്ലാത്ത ഒരു വ്യതിയാനത്തിനു നിര്‍ബന്ധിയ്ക്കുന്നു. മോദിയ്ക്കു് ഈ തിരഞ്ഞെടുപ്പില്‍ തന്റെ പദ്ധതിയുമായി ഒറ്റയടിയ്ക്കു് വിജയിക്കാനാവില്ല. ഓരോ മണ്ഡലത്തിലായി, അല്പാല്പമായി ജയിച്ചു് കയറേണ്ടിവരും. ഇത് മോദിയുടെ പതനത്തിനു് ഒരു കാരണമായേക്കാം. സ്വാഭാവിക രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിനു് പലരൂപങ്ങളുണ്ടു്. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യിലെ ആഭ്യന്തര കലാപം ഇതിലൊന്നു മാത്രം. തുറന്നു്പറഞ്ഞാല്‍ ഈ കലാപത്തെ മാധ്യമങ്ങള്‍ പെരുപ്പിക്കുന്നതായിട്ടാണു് തോന്നുന്നതു്. വിമതര്‍ ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യ്ക്കുള്ളില്‍ പ്രമുഖരായിരിയ്ക്കാം. പക്ഷേ, അവരുടെ പ്രഹരശേഷി പരിമിതമാണു്. കേശുഭായി പട്ടേലിന്റെ സ്വാധീനം പോലും സൌരാഷ്ട്രയിലെ ഒരു വിഭാഗം ലേവ പട്ടേലര്‍മാരില്‍ ഒതുങ്ങുന്നു. സംഘപരിവാരത്തിന്റെ പ്രതിഷേധം അത്ര ദൃശ്യമല്ലെങ്കിലും ചെറിയ പ്രത്യാഘാതമെങ്കിലും ഉണ്ടാവും. ഞങ്ങള്‍ സംസാരിച്ച സാധാരണ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] വിജയിയ്ക്കണമെന്നു് ആഗ്രഹിയ്ക്കുന്നുണ്ടു്. അതേസമയം മോദിയ്ക്കു് കുറഞ്ഞ ഭൂരിപക്ഷം മാത്രമേ പാടുള്ളൂവെന്ന ആദര്‍ശാത്മക ആഗ്രഹവും അവര്‍ പുലര്‍ത്തുന്നു.

എതിര്‍ സ്ഥാപനമെന്ന നിലയിലേയ്ക്കുള്ള മാധ്യമങ്ങളുടെ ഉയര്‍ച്ച അജന്‍ഡകള്‍ നിശ്ചയിക്കുന്നതില്‍നിന്നു് മോദിയെ തടഞ്ഞിരിയ്ക്കുന്നു. ഡല്‍ഹി ആസ്ഥാനമായ മതേതര ഇംഗ്ലീഷ് മാധ്യമങ്ങള്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നതു്. ഗുജറാത്തിന്റെ സ്ഥൂല സാമ്പത്തിക നേട്ടങ്ങളല്ല ഈ തിരഞ്ഞെടുപ്പിന്റെ വിഷയം. നാഗരിക ഗുജറാത്തില്‍ ഈ നേട്ടങ്ങള്‍ മതിപ്പുളവാക്കുമായിരിക്കും. എന്നാല്‍, ഈ വൃത്തത്തിനപ്പുറത്തുനിന്ന് വോട്ടുനേടാന്‍ ഇതു് പര്യാപ്തമല്ല. ഈ സാമ്പത്തിക വളര്‍ച്ച തങ്ങളുടെ ജീവിതത്തിനു് എന്തു നേട്ടമുണ്ടാക്കുന്നുവെന്നാണു് സാധാരണക്കാര്‍ ചിന്തിക്കുന്നതു്. നഗരത്തിലോ ഗ്രാമത്തിലോ ഉള്ള ഏതെങ്കിലും പാവപ്പെട്ട ഗുജറാത്തിയോടു് നിങ്ങള്‍ ഈ നേട്ടങ്ങളെപ്പറ്റി ചോദിച്ചു്നോക്കൂ. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോഴും അനുഭവിക്കുന്ന കദനങ്ങളെക്കുറിച്ചു് അവര്‍ പറയും. സര്‍വജ്ഞനും സര്‍വശക്തനുമെന്നു് മോദി സൃഷ്ടിച്ചിരിയ്ക്കുന്ന പ്രതിച്ഛായ തിരിച്ചടിയ്ക്കുകയാണു് ഇവിടെ. വോട്ടര്‍മാര്‍ എല്ലാറ്റിനും ഉത്തരവാദിയായി മോദിയെക്കാണുന്നു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കാര്‍ഷിക പ്രതിസന്ധിയ്ക്കും ദാരിദ്ര്യരേഖയ്ക്കു്താഴെയെന്ന(ബി.പി.എല്‍. )കാര്‍ഡുണ്ടായിരുന്നിട്ടും വൈദ്യുതി ബില്‍ അടയ്ക്കേണ്ടിവരുന്നതിനുമെല്ലാം.

ജാതി-സമുദായ സമവാക്യങ്ങള്‍ മുമ്പത്തേക്കാളും ശക്തമായി പൊന്തിവന്നിരിക്കുന്നു. ഹിന്ദുത്വത്തിന്റെ കമാനത്തിനു കീഴെ ഇവയെയൊക്കെ അടക്കിവെക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. മണ്ഡലങ്ങളില്‍നിന്നു് മണ്ഡലങ്ങളിലേയ്ക്കു് യാത്രചെയ്യുമ്പോള്‍ ബിഹാറിലോ ഹരിയാണയിലോ മാത്രം ചെയ്തിട്ടുള്ളതുപോലുള്ള കണക്കെടുപ്പു് നടത്തുകയായിരുന്നു ഞങ്ങള്‍. മേല്‍ക്കൈയുള്ള രജപുത്രരും പട്ടേലരും പരിചിതരായ ദളിതരും മുസ്ലിങ്ങളും മാത്രമല്ല കാര്യങ്ങള്‍ നിശ്ചയിക്കുന്നതു്. രാഷ്ട്രീയ മോഹങ്ങള്‍ ഉയര്‍ത്തി ആഗിറുകളും കോലി ഉപവിഭാഗങ്ങളും അവരുടെ സാന്നിധ്യം അറിയിച്ചിരിക്കുന്നു. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] ജാതിക്കണക്കെടുപ്പു് ശ്രദ്ധാപൂര്‍വം നടത്താത്തതുകൊണ്ടോ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിസ്സംഗത കാണിച്ചതുകൊണ്ടോ അല്ല ഇതു്. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യ്ക്കു് പറ്റുന്ന കളിയല്ല എന്നതാണു് കാര്യം. ഈ കളിയുടെ ഫലം എന്താകുമെന്നു് ഞങ്ങള്‍ക്കിനിയും അറിയില്ല. പക്ഷേ, ഒരു കാര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്തെല്ലാം കുറ്റങ്ങള്‍ ഉണ്ടായാലും ഗുജറാത്തു് കണ്ട ജനാധിപത്യത്തിന്റെ ഇരുണ്ട മുഖത്തിനു് എതിരേയുള്ള ഏറ്റവും നല്ല ഈടു് സ്വാഭാവിക രാഷ്ട്രീയം തന്നെ.

കടപ്പാടു് :മാതൃഭൂമി ദിനപത്രം 2007 ഡിസംബര്‍‍ 11

--2007 ഡിസംബര്‍‍ 11-ലെ മാതൃഭൂമിപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
(ഡല്‍ഹി സെന്റര്‍ ഫോര്‍ ഡെവലപ്‍മെന്‍റ് സ്റ്റഡീസ് പ്രൊഫസറും തിരഞ്ഞെടുപ്പു്പഠന വിദഗ്ദ്ധനും മാതൃഭൂമി പംക്തികാരനും സോഷ്യലിസ്റ്റു് നേതാവുമാണു് ലേഖകന്‍)

2007/11/26

വ്യവസായവല്‍ക്കരണത്തോടുള്ള ഇടതു് സമീപനം : എന്നും അലട്ടുന്ന ആശയകുഴപ്പം

സുനില്‍ (സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ ആക്റ്റിങ് പ്രസിഡന്റ്)

പശ്ചിമബംഗാളില്‍ അടുത്ത കാലത്തുണ്ടാകുന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ അധികാര രാഷ്ട്രീയത്തിലുള്ളവരും സൈദ്ധാന്തികരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുള്ളതായി കാണാം. ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്:
“ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ യാഥാര്‍ത്ഥ്യവു മായി ബന്ധമില്ലാത്തവരും
വെറും ബുദ്ധിജീവികളും ആണ്. പ്രഭാത്പട്നായിക് പറഞ്ഞത് ഞാന്‍ വായിച്ചു. അദ്ദേഹം
പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല”
. (ടൈംസ് ഓഫ് ഇന്ത്യ, ജൂലൈ 1, 2007).

ജവഹര്‍ലാല്‍ നെഹ്റൂ സര്‍വ്വകലാശാലയില്‍ നിന്നുളള സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഭാത്പട്നായിക് ദീര്‍ഘകാലമായി സി.പി.എം. സഹയാത്രികനും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു ചിന്തകനായി അറിയപ്പെടുന്ന ആളുമാണ്. കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയതു മുതല്‍ കേരള സംസ്ഥാന പ്ളാനിംഗ് ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷനും കൂടിയാണ് അദ്ദേഹം. സി.പി.എം. വകയായ ‘സോഷ്യല്‍ സയന്റിസ്റ്’ എന്ന അക്കാദമിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമാണ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ സീതാറാം യെച്ചൂരിയെപ്പോലുള്ള അനേകം സി.പി.എം. പ്രമുഖരുടെ ഗുരു കൂടിയാണദ്ദേഹം. ബുദ്ധദേവ് ഭട്ടാചാര്യയുടെ പരാമര്‍ശങ്ങള്‍ പട്നായികിനെതിരെ മാത്രമല്ല; മറിച്ച് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ഉത്സാ പട്നായിക്കിനെയും ജയതി ഘോഷിനെയും ലക്ഷ്യം വച്ചുള്ളതാണ്. അവരും ജെ.എന്‍.യു.വിലെ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകരാണ്. എന്തുകൊണ്ടാണ് ബുദ്ധദേവ് അവര്‍ക്കെതിരെ തിരിയുന്നത് ?


കമ്മ്യൂണിസ്റ് പാര്‍ട്ടികളുമായി ബന്ധപ്പെട്ട ഇടതുപക്ഷ സൈദ്ധ്യാന്തികര്‍ ഇന്ന് ഒരു പ്രതിസന്ധി നേരിടുന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്നവര്‍ക്കറിയാം. എന്നാല്‍ അതിനെ പരസ്യമായി വിമര്‍ശിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. സിംഗൂരിലെ ടാറ്റയുടെ പദ്ധതിയ്ക്കെതിരെ തദ്ദേശീയരായ ജനങ്ങള്‍ പൊരുതിയപ്പോള്‍ അവരില്‍ സുമിത് സര്‍ക്കാര്‍ ഒഴികെയുള്ളവര്‍ മൌനം പാലിച്ചു. നന്ദിഗ്രാം പ്രശ്നം വന്നപ്പോള്‍ കുറേ ഇടതുപക്ഷ സൈദ്ധാന്തികര്‍ ചേര്‍ന്ന് ആ സംഭവ വികാസങ്ങള്‍ അപ്രതീക്ഷിതമെന്നും ന്യായീകരിക്കാനാവാത്ത തെന്നും നിര്‍ഭാഗ്യകരമെന്നുമൊക്കെ വിശേഷിപ്പിച്ച് ഒരു സംയുക്ത പ്രസ്താവന ഇറക്കി. എങ്കിലും ബംഗാള്‍ സര്‍ക്കാരിനെയോ അതിന്റെ വ്യവസായവത്കരണ നയത്തെയോ സംബന്ധിച്ച് അവര്‍ ഒന്നും പറഞ്ഞില്ല.


എന്നാല്‍ സംഗതികള്‍ അവിടം കൊണ്ടവസാനിച്ചില്ല. നന്ദിഗ്രാമിലും സിംഗൂരിലും സംഘര്‍വും അക്രമവും അടിച്ചമര്‍ത്തലും തുടര്‍ന്നു. ഈ സംഭവ വികാസങ്ങള്‍ വ്യവസായ വത്കരണം, ആഗോളീകരണം, പ്രത്യേക സാമ്പത്തിക മേഖല (എസ്.ഇ.ഇസഡ്) എന്നിവയെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് ശക്തിയും മൂര്‍ച്ചയും കൂട്ടി. ആത്മാര്‍ത്ഥതയുള്ള സൈദ്ധാന്തികര്‍ക്ക് ഇത്തരം അവസരങ്ങളില്‍ നിശബ്ദത പാലിക്കാന്‍ കഴിയുകയില്ല. അങ്ങനെ അവസാനം പ്രഭാത്പട്നായിക് നിശബ്ദത ഭേദിച്ചു. പ്രശസ്തമായ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ (ഈ.പി.ഡബ്ളയൂ) ‘നന്ദിഗ്രാമിന്റെ അനന്തരഫലങ്ങള്‍’ എന്ന പേരില്‍ ഒരു ലേഖനം അദ്ദേഹം എഴുതി. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും ആദ്യമായി കോര്‍പ്പറേറ്റ് വ്യവസായ വത്കരണത്തിന്മേലും നന്ദിഗ്രാം വിഷയത്തിലും വ്യക്തമായ ഒരു നിലപാടെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ കാണിച്ച ധീരതയ്ക്ക് അദ്ദേഹം അഭിനന്ദിയ്ക്കപ്പെടേണ്ടതാണ്. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ പ്രതിരോധിച്ചുകൊണ്ട് പ്രകാശ് കാരാട്ട്- വൃന്ദാകാരാട്ട് പ്രഭൃതികള്‍ എഴുതുന്ന ചവറുകളില്‍ നിന്ന് വ്യക്തമായ ഒരു വ്യതിയാനം കൂടിയായിരുന്നു പ്രഭാത് പട്നായിക്കിന്റെ ലേഖനം.


കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ‘ദ ഹിന്ദു’ ദിനപത്രത്തില്‍ അദ്ദേഹം മറ്റൊരു ലേഖനവുമെഴുതുകയുണ്ടായി. കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദല്‍ സാദ്ധ്യമാണെന്ന് കേരളം തെളിയിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം അതില്‍ എഴുതിയത്. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം തര്‍ക്കവിഷയമാകാമെങ്കിലും ബംഗാള്‍ സര്‍ക്കാരിനെ സൂത്രത്തില്‍ പരോക്ഷമായി വിമര്‍ശിക്കാനുള്ള ഒരു വഴിയായിരുന്നു അത്. സ്വാഭാവികമായും ഇത്തരം ലേഖനങ്ങള്‍ ബംഗാള്‍ മുഖ്യനെ പ്രകോപിതനാക്കും.


ഇങ്ങനെയൊക്കെയാണെങ്കിലും പ്രഭത് പട്നായിക് എഴുതിയതില്‍ ആശയവൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. അദ്ദേഹത്തിന്റെ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയിലെ ലേഖനം പരിശോധിച്ചാല്‍ മനസിലാകും.


നവലിബറല്‍ നയങ്ങളില്‍ അന്തര്‍ലീനമായ ദുരന്തങ്ങളാണ് നന്ദിഗ്രാം പോലുള്ളത് എന്ന് അദ്ദേഹം ശരിയായിത്തന്നെ നിരീക്ഷിയ്ക്കുന്നു. അത്തരമൊരു നയവ്യവസ്ഥയിലൂടെ സാധ്യമാകുന്ന കോര്‍പ്പറേറ്റ് വ്യവസായവത്കരണം ജനവിരുദ്ധമാകാനേ തരമുള്ളൂ. വ്യവസായവത്കരണം തൊഴില്‍ നല്കുന്നു എന്ന വാദം അദ്ദേഹം ഖണ്ഡിക്കുന്നു. വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ കാര്യമായി തൊഴില്‍ സൃഷ്ടിക്കാനുള്ള കഴിവ് നിസ്സാരമാണ്. വ്യവസായവത്കരണ വക്താക്കള്‍ വാദിക്കുന്നതിനു വിരുദ്ധമായി നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയിലെ വ്യവസായത്തിന് കാര്‍ഷിക മേഖലയിലെ അധികമുള്ള തൊഴില്‍ ശക്തിയെ ഏറ്റെടുക്കാന്‍ സാദ്ധ്യമേയല്ല.


ഈ പ്രശ്നം കോര്‍പ്പറേറ്റ് വ്യവസായ വത്കരണത്തിന്റെ മാത്രം ന്യൂനതയല്ല. മറിച്ച് എല്ലാത്തരം വന്‍കിട വ്യവസായങ്ങളുടെയും ന്യൂനതയാണെന്ന് പട്നായിക് അംഗീകരിക്കുന്നു. ഉദാഹരണത്തിന് ചൈനയില്‍ അടുത്തകാലത്ത് വ്യവസായ ഉത്പാദനത്തില്‍ അസാമാന്യമായ വളര്‍ച്ചയുണ്ടായെങ്കിലും കാര്യമായി തൊഴില്‍ സൃഷ്ടിയ്ക്കുവാന്‍ സാധിച്ചിട്ടില്ല. സാങ്കേതിക പുരോഗതിയും പരമ്പരാഗത മേഘലയില്‍ നിന്ന് വന്‍കിട വ്യവസായങ്ങളിലേയ്ക്കുള്ള മാറ്റവും തൊഴില്‍ രംഗത്തുണ്ടാക്കുന്ന വിപരീതഫലങ്ങളും പട്നായിക്കിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കര്‍ഷകരുള്‍പ്പെടെ തദ്ദേശീയരായ ജനങ്ങളില്‍ വന്‍കിട വ്യവസായം ഉണ്ടാക്കുന്ന വിനാശകരമായ ഫലങ്ങളും അദ്ദേഹം അംഗീകരിക്കുന്നു.


ഇതൊക്കെയാണെങ്കിലും വന്‍കിട വ്യവസായങ്ങളിലൂടെയുളള വ്യവസായ വത്കരണത്തിന്റെ ദൂഷ്യഫലങ്ങളെ അംഗീകരിച്ച പട്നായിക്, ‘വ്യവസായവത്കരണം നടക്കരുത്’ എന്ന് ഇതിനര്‍ത്ഥമില്ല എന്നും വ്യക്തമാക്കുന്നു. നിത്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുളള ഉപഭോഗമൂല്യമുള്ള ഉത്പന്നങ്ങളുടെ ഒരു നിരതന്നെ വ്യവസായങ്ങള്‍ നല്കുന്നുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ന്യായം. അദ്ദേഹത്തിന്റെ ഈ മലക്കം മറിച്ചില്‍ വളരെ ദുര്‍ബലമായിപ്പോയെന്നേ പറയാനാവൂ. ഒരു യാഥാസ്ഥിതികനായോ വികസനവിരോധിയായോ മുദ്രകുത്തപ്പെട്ടേക്കാമെന്ന് പൊടുന്നനെ അദ്ദേഹം ബോധവാനായതുപോലെ.


എന്താണ് പട്നായിക് മുന്നോട്ട് വയ്ക്കുന്ന ബദല്‍? പൊതുമേഖലയില്‍ കൂടിയോ കര്‍ഷക സഹകരണ സംഘങ്ങളില്‍ കൂടിയോ വ്യവസായ വത്കരണം കൊണ്ടു വരണം. ഇങ്ങനെയാണെങ്കില്‍ കര്‍ഷകരുടെ ഭൂമി അധികം പ്രതിസന്ധികള്‍ കൂടാതെ ഏറ്റെടുക്കാനും സാധിക്കും. കമ്പോളത്തിന് പകരം ആസൂത്രണത്തില്‍കൂടി വന്‍കിട വ്യവസായങ്ങള്‍ വളര്‍ത്തിയെടുത്ത സോവിയറ്റ് യൂണിയനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യയുടെയും സമ്പദ്ഘടനയുടെയും മാറ്റത്തിന്റെ നിരക്ക് നിയന്ത്രിക്കുക വഴി കാര്‍ഷിക മേഖലയിലെ തൊഴിലാളികളെ വ്യവസായ മേഖലയിലേയ്ക്ക് വിജയകരമായി മാറ്റി സ്ഥാപിക്കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞു.


എന്നാല്‍ വന്‍കിട വ്യവസായങ്ങളിലൂടെയും ആധുനിക സാങ്കേതിക വിദ്യയിലൂടെയുമുള്ള വ്യവസായവത്കരണത്തിന്റെ രണ്ട് പ്രധാന ന്യൂനതകള്‍ അവഗണിക്കാന്‍ പ്രഭാത് പട്നായിക്കിനോ മറ്റ് ഇടതുപക്ഷ സൈദ്ധാന്തികര്‍ക്കോ കഴിയില്ല. ഒന്ന്: അത്തരത്തിലുള്ള ഒരു വ്യവസായ വത്കരണത്തിന് വന്‍തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമാണ്. ഫാക്ടറികളിലെ തൊഴിലാളികളുടെ കേവല ചൂഷണത്തിലൂടെ വന്‍തോതിലുള്ള മൂലധനം മതിയായ അളവില്‍ സമാഹരിക്കാനാവില്ല. കോളനി വത്കരണത്തിലൂടെയും പരമ്പരാഗത വ്യവസായങ്ങളെയും കൃഷിയെയും ചൂഷണം ചെയ്തും നശിപ്പിച്ചും മാത്രമെ വന്‍ തോതിലുളള മൂലധനം സ്വരൂപിക്കാന്‍ കഴിയൂ. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ മുതലാളിത്തത്തിലായാലും കമ്യൂണിസ്റുകളുടെ സോവിയറ്റ് മാതൃകയിലായാലും ഇത്തരത്തിലുള്ള വ്യവസായ വത്കരണത്തിന് രാജ്യത്തിനകത്തുള്ള ആന്തരിക കോളനികളുടെയും പുറത്തുള്ള കോളനികളുടെ സൃഷ്ടിയും ചൂഷണവും അനിവാര്യമാണ്.


രണ്ടാമതായി വന്‍കിട വ്യവസായ വത്കരണത്തിന് പ്രകൃതിവിഭവങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ ആവശ്യമാണെന്ന വസ്തുത കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഇത് പുതിയ പല പ്രതിസന്ധികളും സൃഷ്ടിക്കുകയും ചെയ്യുന്നു. തദ്ദേശീയരായ ജനങ്ങളെ അവരുടെ ഭൂമി, വനം, വെള്ളം, മത്സ്യസമ്പത്ത് തുടങ്ങിയവയില്‍ നിന്നകറ്റുന്നത് ഇതിന്റെ ഭാഗമായാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്നതിനെക്കാള്‍ സാമാന്യ നിയമമെന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ വ്യവസായവത്കരണത്തിന്റെ വിനാശഫലങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ പോലും കഴിയില്ലെന്നായിരിക്കുന്നു. അത് സോവിയറ്റ് മാതൃകയിലുള്ള ഒരു ആസൂത്രിത സമ്പദ്വ്യവസ്ഥ ആയാല്‍ പോലും സ്ഥിതിയില്‍ മാറ്റമില്ല.

ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂലധനത്തിന്റെ പ്രാഥമിക സമാഹരണ (പ്രിമിറ്റീവ് അക്യൂമിലേഷന്‍ ഓഫ് ക്യാപ്പിറ്റല്‍) ത്തിലേയ്ക്ക് പ്രഭാത് പട്നായിക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കോര്‍പ്പറേറ്റ് വ്യവസായങ്ങള്‍ തങ്ങളുടെ കുത്തക അവകാശങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് ഇളവുകള്‍ നേടുകയും സര്‍ക്കാരിനു മേല്‍ ഉപാധികള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ഭൂമി ഊഹക്കച്ചവടം നടത്തുകയും ചെയ്യുന്നു. പട്നായിക് ഇതിനെ ‘കയ്യേറ്റത്തില്‍ കൂടിയുള്ള സമാഹരണം’ (അക്യൂമിലേഷന്‍ ത്രൂ എന്‍ക്രോച്ച്മെന്റ്) എന്നു വിളിക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളണ്ടില്‍ വ്യവസായവത്കരണത്തിനുവേണ്ടി കൃഷിക്കാരെ ഭൂരഹിതരാക്കിയ പ്രക്രിയയെയാണ് മാര്‍ക്സ് മൂലധനത്തിന്റെ പ്രാഥമിക സമാഹരണം എന്ന് വിളിച്ചത്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലെ യൂറോപ്പൊഴികെയുള്ള ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള മൂധന സമാഹരണം എല്ലായ്പ്പോഴും നടന്നു കൊണ്ടിരുന്നതായി കാണാം. അവസാന കാലങ്ങളില്‍ യൂറോപ്പില്‍ ഇത് അത്ര പ്രകടമായിരുന്നില്ലെന്നുമാത്രം. ഇങ്ങനെ നോക്കുമ്പോള്‍ ഇത് യഥാര്‍ത്ഥത്തില്‍ ‘പ്രാഥമിക’ മല്ല മറിച്ച് വ്യവസായ മുതലാളിത്തത്തില്‍ നിരന്തരമായി നിലനില്ക്കുന്ന ഒരു അടിസ്ഥാന പ്രക്രിയയാണ്. പ്രഖ്യാപിതമായ ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രകൃതിവിഭവങ്ങളില്‍ നിന്നകറ്റുന്ന പ്രക്രിയയാണിത്. കമ്പോള നിയമങ്ങളനുസരിച്ചു പോലുമല്ല ഈ പ്രക്രിയ നടക്കുന്നത്. മറിച്ച് നഗ്നമായ ബലപ്രയോഗത്തിലൂടെയും ക്രൂരമായ മൃഗിയതയിലൂടെയുമാണ്. ഇങ്ങനെയൊക്കെയേ വ്യവസായിക മുതലാളിത്തത്തിന് വികസിക്കാനാകൂ എന്നതാണ് സത്യം. മാര്‍സിസ്റ് വൃത്തങ്ങള്‍ ഈ സത്യം പലപ്പോഴും വിസ്മരിക്കുന്നു. കാരണം അവരുടെ അമിതമായ ഊന്നല്‍ ഒരു ഫാക്ടറിയിലെയോ ഒരു സമ്പദ്വ്യവസ്ഥയ്ക്കുള്ളിലെയോ മൂലധനവും അദ്ധ്വാനവും തമ്മിലുള്ള സംഘര്‍ഷത്തില്‍ മാത്രമാണ്.


സോവിയറ്റ് വ്യവസായ വത്കരണത്തെ ഒരു മാതൃകയായി അവതരിപ്പിക്കുന്ന പ്രഭാത് പട്നായിക് അത് എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് ഒരു വിശദീകരണം തരേണ്ടതുണ്ട്. എന്തുകൊണ്ടാണ് സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ് ബ്ളോക്കും തകര്‍ന്നു പോയത്. എന്തായിരുന്നു അവയ്ക്കുള്ളിലെ വൈരുദ്ധ്യങ്ങള്‍ ? മുതലാലിത്ത യൂറോപ്പിലുണ്ടായതു പോലുള്ള ഒരു വ്യവസായ വത്കരണം കൊണ്ടുവരുന്നതിനായി സോവിയറ്റ് യൂണിയന്‍ ധാരാളം ആന്തരിക കോളനികളെ സൃഷ്ടിച്ചു എന്നതല്ലേ സത്യം? കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഏഷ്യയിലെയും തങ്ങളുടെ പ്രദേശങ്ങക്കിടയില്‍ സോവിയറ്റ് യൂണിയന്‍ ഒരു അര്‍ദ്ധകൊളോണില്‍ ബന്ധം വളര്‍ത്തുകയും പ്രാദേശിക അസന്തുലിതാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയും കൃഷിക്കാരെ അന്യവത്കരിക്കുകയും കൃഷിയെ ചൂഷണം ചെയ്യുകയും ആയിരുന്നില്ലേ ? ഇവിടെയും പ്രശ്നം വന്‍കിട വ്യവസായവല്‍ക്കരണമായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള വന്‍കിട വ്യവസായവത്കരണം ജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും യഥാര്‍ത്ഥസോഷ്യലിസത്തിനും വിരുദ്ധമായതാണ് എന്നു കാണാം. അത്തരം വ്യവസായ വല്‍ക്കരണത്തിന് ഒരു ബദല്‍ സൃഷ്ടിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്.


ലിബറല്‍ ക്യാപ്പിറ്റലിസ്റുകളുടെ ഇടയിലുള്ളതുപോലെ, ആധുനിക വ്യവസായ വത്കരണത്തിന്റെ പ്രാമാണ്യവും അത് ഒഴിച്ചു കൂടാനാവാത്തതാണെന്നുള്ള വിശ്വാസവും മാര്‍ക്സിസ്റുകളുടെ ഇടയിലും രൂഡമൂലമായിട്ടുളളതായി തോന്നുന്നു. ഈ വിശ്വാസം മൂലം അവര്‍ക്ക് അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. ആ വ്യവസ്ഥയുടെ നശീകരണഭാവവും പരാജയങ്ങളും നാള്‍ക്കുനാള്‍ പ്രകടമാകുന്നുണ്ടെങ്കിലും ഒരു ബദലിനെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല. ഈ വിശ്വാസമായിരിക്കണം സോഷ്യലിസ്റ് പാതയില്‍ നിന്ന് പൂര്‍ണ്ണമായ മുതലാളിത്ത ആഗോളവത്കരണ പാതയിലേക്ക് നീങ്ങാന്‍ കമ്യൂണിസ്റ് ചൈനയിലെ നേതാക്കളെ പ്രേരിപ്പിച്ചത്. ആധുനിക ജീവിത രീതികളോടുള്ള ഇഴുകി ചേരലാണ് ഈ വിശ്വാസത്തിനാധാരം. നിത്യജീവിതത്തിന്റെ ഭാഗമായ ഉപഭോഗവസ്തുക്കള്‍ നല്‍കുന്ന വന്‍കിട വ്യവസായങ്ങള്‍ ഒഴിവാക്കാനാവില്ല എന്ന് പ്രഭാത് പട്നായിക് പറയുമ്പോള്‍ ഈ വിശ്വാസമാണ് വെളിവാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്നു നോക്കുമ്പോഴാണ് സിംഗൂരില്‍ കാര്‍ നിര്‍മ്മിക്കേണ്ടത് പൊതുമേഖലയിലായാലും ടാറ്റ വഴിയായാലും അത്യാവശ്യമെന്ന് വരുന്നത്. ഇങ്ങനെയുള്ള ആധുനിക ആഡംബര ജീവിത ആവശ്യങ്ങളാണ് പ്രകൃതി വിഭവങ്ങളെ നശിപ്പിക്കുകയും അവയില്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരെ അതില്‍ നിന്നകറ്റുകയും ചെയ്യുന്നത്. ഇതാണ് ആഗോളതാപനം പോലുള്ള മുമ്പൊന്നും ഉണ്ടാകാത്ത ആഗോള പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാക്കുന്നത്. ഇവയെല്ലാം പരക്കെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സത്യങ്ങളാണെങ്കിലും മാര്‍ക്സിസ്റ് സൈദ്ധാന്തികരുടെ ചിന്തയിലും വിശകലനത്തിലും അവ ഇതുവരെ കടന്നു ചെന്നിട്ടില്ല.
ആധുനിക ജീവിതരീതികളോടുള്ള ആസക്തിയും ആധുനിക വ്യവസായ വത്കരണം അനിവാര്യവും അതിനുള്ളപാത ഇതുമാണെങ്കില്‍ സ്വാഭാവികമായും ടാറ്റയും സലിം ഗ്രൂപ്പുമെല്ലാമാണ് നമ്മുടെ സുഹൃത്തുക്കളും സഖ്യ കക്ഷികളും. കൂടുതല്‍ കൂടുതല്‍ സിംഗൂരുകളും നന്ദിഗ്രാമുകളുമൊക്കെയുണ്ടാകും. ചൈനയേപ്പോലെ തന്നെ ബംഗാളും പേരില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ഭരണവും യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ കൂത്തരങ്ങായി തുടരുകയും ചെയ്യും. ഇടതുപക്ഷത്തിന് ഈ ഗതി ഒഴിവാക്കണമെങ്കില്‍ ഇപ്പോഴത്തെ ഈ ആശയക്കുഴപ്പത്തില്‍ നിന്ന് അവര്‍ പുറത്തുവരണം. അവരുടെ ആശയങ്ങളും നയങ്ങളും പുതിയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വിചിന്തനം ചെയ്യുകയും പുനര്‍ രൂപീകരിക്കുകയും വേണം. നാളത്തേയ്ക്കു മാറ്റി വച്ചാല്‍ ഏറെ വൈകിയേക്കാം.

(മൊഴിമാറ്റം : ജോര്‍ജ്ജ് കുട്ടി സി ഇഞ്ചിപറമ്പില്‍)


സമാജവാദി ജനപരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ ആക്റ്റിംഗ് പ്രസിഡന്റുമായ സുനില്‍ (സുനില്‍ ഗുപ്ത) മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയില്‍ കേസ്ല കേന്ദ്രമാക്കി ആദിവാസി കിസാന്‍ സംഘടനയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കി. തവ അണക്കെട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക് റിസര്‍വോയറില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശ പോരാട്ടങ്ങള്‍ അദ്ദേഹം നയിച്ചു. തല്‍ഫലമായി 35 സഹകരണസംഘങ്ങളും അവയുടെ ഫെഡറേഷനും ഉള്‍ക്കൊള്ളുന്ന തവ മത്സ്യ സംഘം രൂപംകൊണ്ടു. നിര്‍മ്മാണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഒരു മാതൃകയായിരിക്കുന്നു. ഇന്ന് ഇന്ത്യയിലെ ബദല്‍ രാഷ്ട്രീയധാരയുടെ മുന്‍നിരയിലുള്ള ഒരു നേതാവാണ് അദ്ദേഹം. ജെ.എന്‍.യുവില്‍.വിദ്യാര്‍ത്ഥി നേതാവിരിക്കെ ഗവേഷണം ഉപേക്ഷിച്ച് കര്‍ഷകരെയും ആദിവാസികളെയും സംഘടിപ്പിക്കുവാന്‍ ഇറങ്ങി തിരിച്ച അദ്ദേഹം ധനതത്നശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം കരസ്ഥമാക്കിയത് സര്‍വ്വകലാശാല തലത്തില്‍ സ്വര്‍ണ്ണമെഡലോടെയാണ്. 2004 മാര്‍ച്ച് 14-ന് 14 പേരെ നന്ദിഗ്രാമില്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഗ്രാമങ്ങള്‍ തിരിച്ചു പിടിക്കുന്നു എന്ന പേരില്‍ സി.പി.എം. 2007 നവംബര്‍ മാസത്തില്‍ അനേകരെ വധിക്കുകയും നൂറ് കണക്കിന് ആളുകളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത സംഭവത്തിന് മുന്‍പ് തയ്യാറാക്കിയതാണ് ഈ ലേഖനം.

പാര്‍‍ട്ടി തീര്‍ന്നുഅശോകമിത്ര
കഴിഞ്ഞ രണ്ടാഴ്ചയായി നന്ദിഗ്രാമില്‍ നടന്നുവരുന്ന സംഭവങ്ങളെക്കുറിച്ച് മൌനംപാലിച്ചാല്‍ മരണംവരെ എനിയ്ക്കു് മനസ്സമാധാനം ഉണ്ടാകില്ല. എന്നാല്‍ അതു പറയുമ്പോള്‍ എന്റെ മനസ്സ് വല്ലാതെ പിടയ്ക്കുകയും ചെയ്യുന്നു. ഞാന്‍ സംസാരിക്കുന്നതു് ഒരു കാലത്തെ എന്റെ ഉറ്റസഖാക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും എതിരെയാണു്. അവരിന്നു് നയിച്ചു്കൊണ്ടിരിയ്ക്കുന്ന പാര്‍ട്ടി അറുപതുകൊല്ലം എന്റെ സ്വപ്നങ്ങളുടെയും പ്രവര്‍‍ത്തനങ്ങളുടെയും കേന്ദ്രമായിരുന്നു.


ഗവണ്‍മെന്റില്‍നിന്നും തുടങ്ങാം. ഗോപാലകൃഷ്ണ ഗാന്ധിയെ പോലെ മാന്യനും പണ്ഡിതനും സല്‍സ്വഭാവിയുമായ ഒരു ഗവര്‍ണറെ കിട്ടിയതു് പശ്ചിമബംഗാളിന്റെ ഭാഗ്യമാണെന്നുമാത്രമല്ല: അദ്ദേഹം ആ പദവി ഏറ്റെടുത്തതു് കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചായിരുന്നു. അനന്തപ്രസാദ് ശര്‍മ്മയെയും ടി.വി. രാജേശ്വറിനെയും പോലുള്ളവര്‍ അക്കാര്യം സ്ഥിരീകരിക്കുന്നു. ഇന്നിപ്പോള്‍ കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി സര്‍ക്കാരിന്റെ ഏറ്റവും വിലിയ ശത്രുവായി പ്രഖ്യാപിക്കാന്‍ മാത്രം എന്തുതെറ്റാണു് ഗവര്‍ണര്‍ ചെയ്തതു്? ഖെജൂരിയില്‍ അഭയംപ്രാപിച്ച ആളുകള്‍ നന്ദിഗ്രാമിലേയ്ക്കു് തിരിച്ചുവരാന്‍ സ്വീകരിച്ച നടപടികള്‍ അന്യായവും അംഗീകരിയ്ക്കാന്‍ ആവാത്തതുമാണെന്നു് അദ്ദേഹം പറഞ്ഞതായാണു് ആരോപണം. ഇതു് വെറും പച്ചക്കള്ളമാണു്. ഗവര്‍ണര്‍ ഗോപാലകൃഷ്ണഗാന്ധി അങ്ങനെയൊന്നുമല്ല പറഞ്ഞതു്. അവരെ തിരിച്ചുകൊണ്ടുവന്ന രീതിയെ അദ്ദേഹം കടുത്ത ഭാഷയില്‍ത്തന്നെ വിമര്‍ശിച്ചു. തിരിച്ചുവരവിനു്പിന്നിലെ കള്ളക്കളികളും തന്ത്രങ്ങളും ഇപ്പോള്‍ ലോകത്തിനു മുഴുവന്‍ അറിയാം.


കഴിഞ്ഞ പതിനൊന്നുമാസം പാവപ്പെട്ട ഈ ജനങ്ങളെ അവരുടെ സ്വന്തം ഭവനങ്ങളില്‍ പാര്‍പ്പിക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാരിനു മുന്നില്‍ ഉണ്ടായിരുന്നു. ഏകപക്ഷീയമായ ഭീഷണിയും പോലീസ് നടപടികളും വെടിവെയ്പും വലിയ ദുരന്തത്തിലേക്കാണു് കാര്യങ്ങള്‍ നയിച്ചതു്. പിന്നെയും പ്രശ്നപരിഹാരത്തിനു് മാര്‍ഗ്ഗങ്ങള്‍ ഉണ്ടായിരുന്നു. വടിവെയ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കി പ്രശ്നം ലഘൂകരിക്കാന്‍ സര്‍ക്കാരിനു് ശ്രമിയ്ക്കാമായിരുന്നു. കുറ്റങ്ങള്‍ക്കു് ഉത്തരവാദികളായ ഉദ്യേഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്നു് ജനങ്ങളോടു് തുറന്നുപറയാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ആ വഴിയൊന്നും തിരിഞ്ഞില്ല. മമതാ ബാനര്‍ജിയെ ചര്‍ച്ചയ്ക്കു് ക്ഷണിക്കാനും പ്രശ്നപരിഹാരത്തിനു മാര്‍ഗ്ഗം തേടാനുമായി രാജ്യത്തെ ഏറ്റവും മുതിര്‍ന്ന നേതാവു് തന്നെ രംഗത്തു്വരേണ്ടിവന്നു. ഈ നീക്കങ്ങളെപ്പറ്റി സര്‍ക്കാരിനു് അറിയാമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അക്കാര്യത്തിലും ഒരു നടപടിയും സ്വീകരിച്ചില്ല. ഫോര്‍വേഡ് ബ്ളോക്കിന്റെ പ്രമുഖ നേതാവു് അശോക ഘോഷ് സര്‍വ്വകക്ഷിയോഗത്തിനു് തയ്യാറെടുപ്പുകള്‍ നടത്തി. എന്നാല്‍ ഭരണകക്ഷികളുടെ നിര്‍ബന്ധബുദ്ധികാരണം അതു് പരാജയപ്പെട്ടു. അതേസമയം നന്ദിഗ്രാമിലെ സ്ഥിതിഗതികള്‍ മുതലെടുക്കുന്നതിനു് പ്രതിപക്ഷ കക്ഷികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. അതു് സ്വാഭാവികമാണു്. വ്യത്യസ്ത നിറങ്ങളിലും വര്‍ഗ്ഗതാല്‍പ്പര്യങ്ങളിലും പെട്ട സംഘടനകള്‍ അവിടെ കനല്‍ കെടാതെ നിര്‍ത്തുകയായിരുന്നു. അതേച്ചൊല്ലി ഇപ്പോള്‍ ഭരണകക്ഷികള്‍ നടത്തുന്ന നിലവിളിയില്‍ യാതൊരു കഴമ്പുമില്ല. പതിനൊന്നു്മാസം ഭവനരഹിതരായി ജനങ്ങള്‍ പുറത്തുകഴിയാന്‍ ഇടയാക്കിയ സാഹചര്യത്തിന്റെ ഉത്തരവാദി ബംഗാളിലെ സര്‍ക്കാരല്ലാതെ മറ്റാരുമല്ല.

കഴിഞ്ഞ കാലസംവഭങ്ങള്‍ ഒന്നു് ഓര്‍ത്തെടുക്കുന്നതു് നന്നായിരിയ്ക്കും. നന്ദിഗ്രാമിലല്ല ആദ്യമായി ചോരയൊഴുകിയതു്. അതിനു്മുമ്പു് സിംഗൂരിലതു് സംഭവിച്ചു് കഴിഞ്ഞിരുന്നു. ഇടതു്സര്‍ക്കാരിനു് പൊതുമേഖലാ വ്യവസായങ്ങളോടു് താല്‍പര്യമില്ല. അവര്‍ക്കു് വേണ്ടതു് സ്വകാര്യമേഖലയിലെ പുത്തന്‍ വ്യവസായങ്ങളാണു്. അതു്കൊണ്ടു് രാജ്യത്തും പുറത്തുമുള്ള വന്‍കിട വ്യവസായങ്ങള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുത്തു്കൊടുക്കാമെന്നു് സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുപ്പു് പ്രകടനപത്രികയില്‍ അങ്ങനെ പറഞ്ഞിട്ടുള്ളതാണ്. 235 സീറ്റ് കിട്ടുകയും ചെയ്തു. അതു്കൊണ്ടു് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തില്‍ ഏതെങ്കിലും തയ്യാറെടുപ്പോ ആലോചനയോ ആവശ്യമുള്ളതായി സര്‍ക്കാര്‍ കരുതിയില്ല. അവര്‍ നേരെ പോയി കര്‍ഷകരോടു് പറഞ്ഞു. ഈ ഭൂമി വിട്ടുപോയ്ക്കൊള്ളുക, ഇതിന്റെ പുതിയ ഉടമകള്‍ ഇവിടെ വ്യവസായങ്ങള്‍ സ്ഥാപിയ്ക്കുവാന്‍ പോകുകയാണു് ! സിംഗൂരിലെ പ്രതിഷേധവും അക്രമങ്ങളും സര്‍ക്കാരിനെ എന്തെങ്കിലുമൊന്നു് പഠിപ്പിച്ചിരുന്നെങ്കില്‍ നന്ദിഗ്രാമിലെ കിടിയൊഴിപ്പിയ്ക്കലിനു് കുറേക്കൂടി കരുതലോടെ നീങ്ങുമായിരുന്നു. എന്നാല്‍ അങ്ങനെ യാതൊന്നും സംഭവിച്ചില്ല. തീര്‍ത്തും അഹന്തയും മുഷ്ക്കും നിറഞ്ഞ സമീപനമായിരുന്നു സര്‍ക്കാരിന്റേതു്.


പ്രമുഖ നേതാക്കള്‍പോലും അഹങ്കാരത്തോടെ പറഞ്ഞതു് നന്ദിഗ്രാമില്‍ തങ്ങളെ എതിര്‍ക്കാന്‍ ആരുമില്ലെന്നാണു്. എതിരാളികള്‍ക്കു് വളരാന്‍ അവസരം നല്‍കിയതു് സര്‍ക്കാര്‍ തന്നെയാണു്. പാര്‍ട്ടിയുടെ അണികള്‍ അവിടെ വിപ്ളവം പ്രഖ്യാപിച്ചു, എതിര്‍ത്തവരെ അടിച്ചൊതുക്കി. അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനുമുണ്ടു്. പതിനൊന്നു് മാസം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനങ്ങാതിരുന്നു. രാഷ്ട്രീയമോ ഭരണപരമോ ആയ ഒരു നീക്കവും നടത്തിയില്ല. പെട്ടെന്നു് പുതിയൊരു ഗൂഢാലോചനയുമായി രംഗത്തിറങ്ങി.


ബംഗാള്‍ ആഭ്യന്തര സെക്രട്ടറി പരസ്യമായി പറഞ്ഞതുപോലെ പോലീസിനോടു് കയ്യുംകെട്ടി ഇരിയ്ക്കാനാണ് ആവശ്യപ്പെട്ടതു്. സംസ്ഥാനത്തിന്റെ പലഭാഗത്തു്നിന്നും കൂലിപ്പടയാളികള്‍ വന്നു. ഭരണകക്ഷി പ്രവര്‍ത്തകര്‍ നന്ദിഗ്രാം വളഞ്ഞു. പറവകളും പൂമ്പാറ്റകളും പത്രക്കാരും ഗ്രാമത്തിലേയ്ക്കു് കടക്കരുതെന്നു് അവര്‍ ആജ്ഞാപിച്ചു. അങ്ങനെയാണു് ഭരണകക്ഷിയുടെ പട്ടാളമിറങ്ങി നന്ദിഗ്രാമില്‍ എതിരാളികളെ തുരത്തിയതു്. നേരത്തെ ഓടിപ്പോയവര്‍ ഗ്രാമത്തില്‍ തിരിച്ചു്വന്നു. അപ്പോഴും അക്രമവും തുരത്തിഓടിയ്ക്കലും ആവര്‍ത്തിച്ചു. വീടുകള്‍ തീയിട്ടു. ഗ്രാമത്തില്‍ കുടുങ്ങിപ്പോയവരെ പരസ്യമായി തല്ലിക്കൊന്നു. നന്ദിഗ്രാമിലെ ആകാശം ഇപ്പോള്‍ നിലവിളിക്കുകയാണ്.


സിംഗൂരിലും നന്ദിഗ്രാമിലും ഒതുങ്ങി നില്‍ക്കുന്നതല്ല ഗുരുതരമായ ഈ പ്രശ്നം. കൂടുതല്‍ ആഴമുള്ളതും ഗൌരവമേറിയതുമാണു് ഇതു്. തെറ്റുകള്‍ ആവര്‍ത്തിക്കുന്നതു് നമുക്ക് ഒരു സ്വഭാവമായിരിയ്ക്കുന്നു. ഓര്‍ത്തുനോക്കുക: ഇടതു് മുന്നണി വന്‍വിജയവും നേടി അധികാരത്തില്‍ തിരിച്ചുവന്നിട്ടു് വെറും ഒന്നര കൊല്ലം ആയതേ ഉള്ളു. എന്തെല്ലാം മണ്ടത്തരങ്ങളും അഹങ്കാരങ്ങളും ഈ ചുരുങ്ങിയ കാലം കൊണ്ടു് നമ്മുടെ സര്‍ക്കാര്‍ കാട്ടി. എന്തു്വന്നാലും ഇവിടെ ഞങ്ങളുടെ ആധിപത്യമാണു്. ക്രിക്കറ്റ് ബോര്‍ഡിന്റെ തലവന്‍ ആരെന്നു് ഞങ്ങള്‍ നിശ്ചയിക്കും. ഞങ്ങളുടെ ആള്‍ തോറ്റാല്‍ തിന്മ ജയിച്ചു. ജയിച്ചവനെ ഞങ്ങള്‍ തുരത്തും. എന്നാണു് പാര്‍ട്ടിക്കാരുടെയും നേതാക്കളുടെയും പ്രഖ്യാപനം. എല്ലാം അറിയുന്ന ഒരു സര്‍ക്കാരാണോ നമ്മുടേത്? ക്രിക്കറ്റും കവിതയും നാടകവും സിനിമയും ഭൂമി ഏറ്റെടുക്കലിന്റെ മാന്ത്രികവിദ്യയും അടക്കം നമുക്കറിയാത്തതായി ഒന്നുമില്ല. ആണവകരാറിന്റെ ആപത്തിനെക്കുറിച്ചു് ആരും ഞങ്ങളെ പഠിപ്പിയ്ക്കേണ്ട. ഞങ്ങള്‍ 235 സീറ്റ് നേടിയ കൂട്ടരാണു്. ഇതാണു് നമ്മുടെ മനോഭാവം.


1987-ല്‍ ജ്യോതി ബസു ഇതിലും കൂടുതല്‍ സീറ്റു് നേടിയിരുന്നു. എന്നാല്‍ അദ്ദേഹം ഇങ്ങനെയൊന്നും ഒരിക്കലും സംസാരിച്ചിട്ടില്ല. അഹങ്കാരം മാത്രമല്ല കഴിവുകേടും നമ്മുടെ മുഖമുദ്രയായി. എല്ലാവര്‍ക്കും വിദ്യാഭ്യാസം നല്‍കുമെന്നു് വിളിച്ചുപറഞ്ഞിട്ടു് പതിറ്റാണ്ടുകളായി. എന്നിട്ടും ബംഗാള്‍ മറ്റു് സംസ്ഥാനങ്ങള്‍ക്കും വളരെ പിന്നിലാണു്. തൊഴില്‍ ഉല്‍പ്പാദന പദ്ധതികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പണം സുലഭമായി ലഭിയ്ക്കുന്നു. അതു് വാങ്ങി ഉപയോഗിയ്ക്കാന്‍ വഴികളില്ല. ദരിദ്രരും തൊഴിലില്ലാത്തവരും ആയി ജനങ്ങള്‍ ജീവിച്ചു് പോകുന്നു. കേന്ദ്രസര്‍ക്കാര്‍ അരിയും ഗോതമ്പും നല്‍കുന്നു. റേഷന്‍കടകള്‍ വഴി പാവപ്പെട്ടവര്‍ക്കു് അതു് എത്തിച്ചു് കൊടുക്കാന്‍ സര്‍ക്കാരിന്റേതായ ശ്രമങ്ങളില്ല.


എസ്.ഡി.ബര്‍മ്മന്റെ ഗാനത്തില്‍ പറഞ്ഞതുപോലെയാണ് സി.പി.എമ്മിന്റെ സ്ഥിതി. ‘അതെന്തായിരുന്നുവോ അതല്ല ഇന്ന്’ പാര്‍ട്ടി. പാര്‍ട്ടിയിലെ തൊണ്ണൂറുശതമാനവും 1977 -നു് ശേഷം വന്നവരായിരുന്നു. എഴുപതു് ശതമാനം 1990 -നു് ശേഷം പാര്‍ട്ടിയില്‍ എത്തിയവരും. ഈ പാര്‍ട്ടിയുടെ ചരിത്രം, ത്യാഗം എന്നിവ പുതിയ തലമുറയ്ക്കു് അറിയില്ല. വിപ്ളവത്തോടും സോഷ്യലിസത്തോടുമുള്ള ആഭിമുഖ്യം അവര്‍ക്കു് പഴങ്കഥയാണു്. ഇന്നു് വികസനമാണു് മുദ്രാവാക്യം. പലര്‍ക്കും തങ്ങളുടെ സ്വന്തം വികസനമാണു് മുഖ്യലക്ഷ്യം. വല്ലതും നേടാനാണു് അവര്‍ പാര്‍ട്ടിയില്‍ വന്നതു്. അല്ലാതെ നല്‍കാനല്ല. മേലാളന്മാരെ സന്തോഷിപ്പിയ്ക്കലാണു് കാര്യം കാണാന്‍ നല്ലവഴി. സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണു് ഇന്നു് പാര്‍ട്ടിയില്‍.


ജ്യോതി ബസുവിനെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് ഖേദമുണ്ട്. 1977 ല്‍ ജൂണ്‍ 21-ന് ഇടതു് സര്‍ക്കാര്‍ അധികാരം ഏറ്റപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ സത്യപ്രതിജ്ഞ ചെയ്ത നാലു് പേരില്‍ ഒരാള് ആണു ഞാന്‍. ഞാന്‍ മാത്രമാണു് ഇന്നു് അദ്ദേഹത്തോടൊപ്പം ജീവിച്ചിരിയ്ക്കുന്നതു്. ബന്ധനസ്ഥനായ ഷാജഹാനെപ്പോലെയുള്ള അദ്ദേഹത്തിന്റെ ഇന്നത്തെ നിസ്സഹായാവസ്ഥ എന്നെ അഗാധമായി ദുഃഖിപ്പിയ്ക്കുന്നു. എന്നാല്‍‍ എന്റെ യഥാര്‍ത്ഥ ഉത്‍കണ്ഠ മറ്റൊരുകാര്യത്തിലാണു് . മമതാ ബാനര്‍ജിയാണു് ഭരണകക്ഷിയുടെ ഏറ്റവും സുരക്ഷിതമായ ഇന്‍ഷുറന്‍സ്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്കു് ഇടതുമുന്നണിയോടു് അതൃപ്തിയുണ്ടാവാമെങ്കിലും മമതാ ബാനര്‍ജി അധികാരത്തിലേറുന്നതിനേപ്പറ്റി ചിന്തിയ്ക്കുമ്പോള്‍ ആ സാദ്ധ്യതയുടെ നടുക്കം അവരെ ഇടതുമുന്നണിയ്ക്കു് വോട്ടു് ചെയ്യാന്‍‍ നിര്‍ബന്ധിതരാക്കുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ നേതാക്കളുടെ അഹന്തയും കഴിവുകേടും അവരെ മടുപ്പിയ്ക്കുന്ന സ്ഥിതിയിലെത്തുകയാണെങ്കില്‍ രണ്ടും തമ്മില്‍‍ ഒരു വ്യത്യാസവുമില്ലെന്നു് അവര്‍ ചിന്തിച്ചു് തുടങ്ങും. അതു് യഥാര്‍ത്ഥ ദുരന്തമായിരിയ്ക്കും.

മമതാ ബാനര്‍ജിയുടെ പെരുമാറ്റവും രക്ഷാകര്‍‍തൃത്വവും പരിപാടിയും പ്രവര്‍ത്തനശൈലിയും പ്രസംഗശൈലിയും ശ്രദ്ധിച്ചാല്‍‍ ആ സ്ത്രീ ഫാഷിസത്തിന്റെ ആള്‍രൂപമാണു്. എന്റെ പാര്‍ട്ടിതന്നെയാണെന്നു കരുതാന്‍ മോഹിയ്ക്കുന്ന ഈ പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വത്തോടുള്ള ഉത്കടമായ അഭ്യര്‍ത്ഥന ഇതാണ് : ദയവായി വീണ്ടുവിചാരം നടത്തുക. മാവോയിസത്തിന്റെ ഭീകരരെക്കുറിച്ചാണു് നിങ്ങള്‍ക്കു് ഭയം. ഈ ഭയാശങ്ക പശ്ചിമ ബംഗാളിനെ ഫാസിസത്തിന്റെ കുണ്ടിലേയ്ക്കു് തള്ളിവിടാന്‍ നിങ്ങളെ പ്രേരിപ്പിയ്ക്കുകയാണോ?
(2007 നവംബര്‍ 14-ആംതീയതിയിലെ ആനന്ദബാസാര്‍ പത്രികയിലാണു് മൂലരൂപം പ്രസിദ്ധീകരിച്ചതു്.)

ഇംഗ്ലീഷ് രൂപം ഇവിടെ
------------------------
1977 മുതല്‍ 1982 വരെയും 1983 മുതല്‍ 1986 വരെയും പശ്ചിമ ബംഗാള്‍ ധനകാര്യമന്ത്രിയായിരുന്നു ശ്രീ. അശോക മിത്ര. 1993-ല്‍ രാജ്യസഭാംഗമായി.1991-92-ല്‍ പ ബംഗാള്‍ വിദ്യാഭ്യാസ കമ്മീഷന്റെയും 1997-98-ല്‍ കേരള വിദ്യാഭ്യാസ കമ്മീഷന്റെയും ചെയര്‍മാനായിരുന്നു അദ്ദേഹം.

ഇന്ദിരാഭരണകാലത്തു് 1970-1972-ല്‍ ഇന്ത്യാഗവണ്മെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. 2007-ല്‍ പ്രസിദ്ധീകരിച്ച A Prattler's Tale: Bengal, Marxism and Governanceഎന്ന അദ്ദേഹത്തിന്റെ കൃതിയില്‍ മന്മോഹന്‍ സിംഹ് അമേരിയ്ക്കന്‍ നോമിനിയാണെന്നു് ആരോപിച്ചതു് വിവാദമായിരുന്നു. ഇപ്പോള്‍ 79 വയസ്സുണ്ടു്.