2007/07/26

ഗോവ: കാമത്ത് സര്‍ക്കാരിനു് ഭൂരിപക്ഷം നഷ്ടമായി



പണജീ: ഗോവാ സംസ്ഥാനത്തു് ദിഗംബര്‍ കാമത്തിന്‍റെ(ചിത്രം) നേതൃത്വത്തിലുള്ള ഇന്ദിരാ കോണ്‍ഗ്രസ്‌ സര്‍ക്കാരിനു് ഭൂരിപക്ഷം നഷ്ടമായി. സര്‍ക്കാര്‍ മഹാരാഷ്ട്രവാദി ഗോമാംതക പാര്‍ട്ടിയിലെ രണ്ടു് എം എല്‍ എമാരും ഒരു സ്വതന്ത്ര എം എല്‍ എയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും കോണ്‍ഗ്രസിലെ വനിതാ എം എല്‍ എ വിക്ടോറിയ ഫെര്‍ണാണ്ടസ് നിയമസഭാംഗത്വം രാജി വയ്ക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ ന്യൂപക്ഷമായിമാറി.നാല്പതംഗ നിയമസഭയില്‍ ഇപ്പോള്‍ സര്‍ക്കാര്‍ പക്ഷത്തു് പത്തൊമ്പതു് പേരേയുള്ളൂ.
ഭാരതീയ നതാ പാര്‍ട്ടി നേതാവു് മനോഹര്‍ പാര്‍രിക്കര്‍ പുതിയ സര്‍ക്കാര്‍ രൂപവല്ക്കരിക്കുന്നതിനു് അവകാശവാദമുന്നയിച്ചു് കഴിഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി,മഹാരാഷ്ട്രവാദി ഗോമാന്തക പാര്‍ട്ടി ,യുണൈറ്റഡ് ഗോവന്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ,സേവ് ഗോവാ ഫ്രണ്ട് ,ഒരു സ്വതന്ത്രന്‍ എന്നിവയെ ചേര്‍ത്തു് പാര്‍‍രിക്കരിന്‍റെ നേതൃത്വത്തില്‍ ഗോവാ ജനാധിപത്യ സഖ്യം എന്ന പേരില്‍ പുതിയ മുന്നണി രൂപവല്ക്കരിച്ചിരിയ്ക്കുകയാണു്.

ഇപ്പോഴത്തെ കക്ഷിനില

ഇന്ദിരാ കോണ്‍ഗ്രസ്‌-15

നാഷനലിസ്റ്റ് കോണ്‍ഗ്രസ്‌ (NCP )-3
സ്വതന്ത്രന്‍-1

ഭാരതീയ ജനതാ പാര്‍‍ട്ടി (BJP )-14

മഹാരാഷ്ട്രവാദി ഗോമാംതക പാര്‍ട്ടി (MGP) -2

യൂണൈറ്റഡ് ഗോവന്‍സ് ഡേമോക്രാറ്റിക് പാര്‍ട്ടി‍ (UGDP) -1

സേവ് ഗോവാ ഫ്രണ്ട് (SGF) -2

സ്വതന്ത്രന്‍-1(അനില്‍ സല്ഗോക്കര്‍‍)
--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു

പ്രതിഭാ പാട്ടീലിന്‍റെ സത്യപ്രതിജ്ഞാചടങ്ങു്


നവ ദില്ലി:പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു് ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയായി പ്രതിഭാ പാട്ടീലിനു് അധികാരമേല്പിയ്ക്കുന്നു.
--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു
അനുബന്ധതാള്‍

2007/07/25

പ്രതിഭ പാട്ടീല്‍‍ രാഷ്ട്രപതിയായി അധികാരമേറ്റു


ന്യൂഡല്‍‌ഹി: ഭാരതത്തിന്‍റെ പതിമൂന്നാമതു് രാഷ്ട്രപതിയായി പ്രതിഭാ പാട്ടീല്‍ സത്യപ്രതിജ്ഞ ചെയ്തു് സ്ഥാനമേറ്റു.ജൂലയ് 25 ബുധനാഴ്ച ഉച്ചകഴിഞ്ഞു് രണ്ടരയ്ക്കു്പാര്‍ലമെന്‍റു് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനാണു് സത്യവാചകം ചൊല്ലിക്കൊടുത്തതു്.


സ്ഥാനമൊഴിയുന്ന രാഷ്ട്രപതി കലാമിനോടും ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനോടുമൊപ്പം ലോക സഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി,രാജ്യസഭാ ഉപാധ്യക്ഷന്‍ കെ. റഹ്മാന്‍ഖാന്‍, മൂന്നു സേനാ മേധാവികള്‍ തുടങ്ങിയവരുടെ അകമ്പടിയോടെയാണു് പ്രതിഭാ പാട്ടീല്‍‍ സത്യപ്രതിജ്ഞയ്ക്കു് സെന്‍ട്രല്‍ ഹാളിലേയ്ക്കു് കടന്നുവന്നതു്. ആചാര മര്യാദകളും കീഴ്വഴക്കങ്ങളും കൊണ്ടു് പ്രൗഢോജ്വലമായിരുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു് ശേഷം ലോകസഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തെ പ്രതിഭ അഭിസംബോധന ചെയ്തു.തീവ്രവാദത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരെ പോരുതണമെന്നു് അവര്‍ രാജ്യത്തെ ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഹും മന്ത്രിമാരും ഐക്യ പുരോഗമന സഖ്യ (UPA) നേതാക്കളും സംസ്ഥാന ഗവര്‍ണര്‍മാരും വിവിധ രാഷ്ട്രങ്ങളുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കു് കൊണ്ടു. ചടങ്ങു് അവസാനിച്ചപ്പോള്‍ രാഷ്ട്രപതി ഭവനിലേയ്ക്കു് യാത്രയായ പ്രതിഭ അവിടെ സേനാവിഭാഗങ്ങള്‍ നല്കിയ‍‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
സ്ഥാനമൊഴിഞ്ഞ കലാം കന്‍റോണ്‍‌മെന്‍റ് ഏരിയയിലുള്ള ആര്‍മി ഗസ്‌റ്റ് ഹൌസിലേയ്ക്കാണ് താമസം മാറ്റുന്നതു്.
--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു