2007/07/25

പ്രതിഭ പാട്ടീല്‍‍ രാഷ്ട്രപതിയായി അധികാരമേറ്റു


ന്യൂഡല്‍‌ഹി: ഭാരതത്തിന്‍റെ പതിമൂന്നാമതു് രാഷ്ട്രപതിയായി പ്രതിഭാ പാട്ടീല്‍ സത്യപ്രതിജ്ഞ ചെയ്തു് സ്ഥാനമേറ്റു.ജൂലയ് 25 ബുധനാഴ്ച ഉച്ചകഴിഞ്ഞു് രണ്ടരയ്ക്കു്പാര്‍ലമെന്‍റു് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനാണു് സത്യവാചകം ചൊല്ലിക്കൊടുത്തതു്.


സ്ഥാനമൊഴിയുന്ന രാഷ്ട്രപതി കലാമിനോടും ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനോടുമൊപ്പം ലോക സഭാ സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി,രാജ്യസഭാ ഉപാധ്യക്ഷന്‍ കെ. റഹ്മാന്‍ഖാന്‍, മൂന്നു സേനാ മേധാവികള്‍ തുടങ്ങിയവരുടെ അകമ്പടിയോടെയാണു് പ്രതിഭാ പാട്ടീല്‍‍ സത്യപ്രതിജ്ഞയ്ക്കു് സെന്‍ട്രല്‍ ഹാളിലേയ്ക്കു് കടന്നുവന്നതു്. ആചാര മര്യാദകളും കീഴ്വഴക്കങ്ങളും കൊണ്ടു് പ്രൗഢോജ്വലമായിരുന്ന സത്യപ്രതിജ്ഞാ ചടങ്ങിനു് ശേഷം ലോകസഭയുടെയും രാജ്യ സഭയുടെയും സംയുക്ത സമ്മേളനത്തെ പ്രതിഭ അഭിസംബോധന ചെയ്തു.തീവ്രവാദത്തിനും വര്‍ഗ്ഗീയതയ്ക്കും എതിരെ പോരുതണമെന്നു് അവര്‍ രാജ്യത്തെ ആഹ്വാനം ചെയ്തു.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഹും മന്ത്രിമാരും ഐക്യ പുരോഗമന സഖ്യ (UPA) നേതാക്കളും സംസ്ഥാന ഗവര്‍ണര്‍മാരും വിവിധ രാഷ്ട്രങ്ങളുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കു് കൊണ്ടു. ചടങ്ങു് അവസാനിച്ചപ്പോള്‍ രാഷ്ട്രപതി ഭവനിലേയ്ക്കു് യാത്രയായ പ്രതിഭ അവിടെ സേനാവിഭാഗങ്ങള്‍ നല്കിയ‍‍ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.
സ്ഥാനമൊഴിഞ്ഞ കലാം കന്‍റോണ്‍‌മെന്‍റ് ഏരിയയിലുള്ള ആര്‍മി ഗസ്‌റ്റ് ഹൌസിലേയ്ക്കാണ് താമസം മാറ്റുന്നതു്.
--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു

No comments:

Post a Comment