(ക്വിറ്റിന്ത്യാദിനക്കുറിപ്പു്)
അഡ്വ. ജോഷി ജേക്കബ് (സമാജവാദി ജനപരിഷത്തു് ദേശീയ നേതാവു്)
ക്വിറ്റിന്ത്യാ സമരത്തിന്‍റെ 65 -ആം വാര്‍ഷികം ഇന്നു് ഓഗസ്റ്റ് ഒമ്പതാം തീയതി ഇന്ത്യാമഹാരാജ്യം ആഘോഷിയ്ക്കുമ്പോള്‍ ഭാരതീയ ജനതാ പാര്‍ട്ടിയും ഇന്ദിരാ കോണ്‍ഗ്രസും കമ്യൂണിസ്റ്റു്കളും സാമ്രാജ്യത്വ അധീശത്തം അരക്കിട്ടുറപ്പിയ്ക്കുന്നകാഴ്ചയാണു് നാം കാണുന്നതു്.
ബ്രിട്ടീഷുകാരെ ഇന്ത്യയില്‍നിന്നു് തുരത്താനായിരുന്നു 1942 ഓഗസ്റ്റ് ഒമ്പതിനു് ക്വിറ്റിന്ത്യാ സമരത്തിനു് തുടക്കംകുറിച്ചതു്. എന്നാല്‍ വിദേശ കുത്തക കമ്പനികള്‍ക്കു് വേണ്ടി എല്ലാ രംഗത്തും ജനവിരുദ്ധ അഴിച്ചു്പണികള്‍ ആസൂത്രിതമായി ഇന്നു് നടന്നുവരികയാണു്. കേന്ദ്രത്തില്‍ മാറി മാറി അധികാരത്തില്‍ വന്ന ഇന്ദിരാ കോണ്‍ഗ്രസിന്‍റെയും ജനതാദള്‍ മുന്നണികളുടെയും ഭാരതീയ ജനതാ പാര്‍ട്ടി മുന്നണിയുടെയും ഇപ്പോഴത്തെ ഇന്ദിരാ കോണ്‍ഗ്രസ്- കമ്യൂണിസ്റ്റ് സഖ്യത്തിന്‍റെയും സര്‍ക്കാരുകള്‍ 1991 മുതല്‍ അഴിച്ചു്പണികള്‍ ആസൂത്രിതമായി മുന്നോട്ടു് കൊണ്ടുപോവുകയാണു്. അമേരിക്കയുമായി ഒപ്പു്വച്ചിട്ടുള്ള ആണവ കരാര്‍ അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു്.
ആഡംബര കാറുകളും മറ്റുമായി പകിട്ടോടെ നില്‍ക്കുന്ന നമ്മുടെ പുരോഗതി, കര്‍ഷകര്‍ക്കു് കടക്കെണിയും ആത്മഹത്യയും പരമ്പരാഗത തൊഴില്‍ മേഖലയ്ക്കു് പട്ടിണിയും ദാരിദ്ര്യവുമാണു് വിധിച്ചിരിയ്ക്കുന്നതു്. കിടപ്പാടങ്ങളും ഉപജീവനവും തകര്‍ക്കുന്നതിനെതിരായ സമരങ്ങളില്‍ അണിചേരുന്ന ജനങ്ങളെ വെടിവച്ചു് വീഴ്ത്തുന്നതു് വ്യാപകമായിക്കഴിഞ്ഞു.
2007 മാര്‍ച്ച് 14 നു് 14 പേരെ നന്ദിഗ്രാമില്‍ വെടിവച്ചു് കൊന്ന ബംഗാളി ഇടതുമുന്നണി സര്‍ക്കാര്‍ കാശിപ്പൂര്‍, കലിംഗനഗര്‍, ബേത്തൂള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലെ ഇന്ദിരാ കോണ്‍ഗ്രസ് - ഭാരതീയ ജനതാ പാര്‍ട്ടി മുന്നണി സര്‍ക്കാരുകള്‍ നടത്തിയ നരനായാട്ടിന്റെ ഇടമുറിയാത്ത തുടര്‍ച്ചയാണു് ഉറപ്പുവരുത്തുന്നതു്. ഭൂമിയ്ക്കു് വേണ്ടി സമരം ചെയ്ത പാവപ്പെട്ട ഗ്രാമീണരെ ഖമ്മം ജില്ലാ ആസ്ഥാനത്തു് വെടിവച്ചുകൊന്നതു് ഈയടുത്ത ദിവസമാണു്.ഭരണമില്ലാത്ത സ്ഥലങ്ങളില്‍ ഭൂമി പോരാട്ടങ്ങള്‍ക്കു് നേതൃത്വം നല്‍കുന്നവര്‍ അവിടങ്ങളില്‍ അധികാരം ലഭിച്ചാല്‍ വിദേശത്തെയും നാട്ടിലെയും കുത്തക കമ്പനികള്‍ക്കു് വേണ്ടി അതേ ഭൂമി പിടിച്ചെടുക്കാന്‍ പാവപ്പെട്ട ജനങ്ങളെ വെടിവച്ചു് കൊല്ലുന്ന വൈരുധ്യങ്ങള്‍ ഇന്ദിരാകോണ്‍ഗ്രസിനെ താങ്ങുന്ന സി.പി.എം. രാഷ്ട്രീയത്തിന്റെ വൈരുദ്ധ്യമാണു്. രാജ്യത്തിനകത്തു് വേറിട്ട പരമാധികാര റിപ്പബ്ളിക്കു്കള്‍പോലെ കെട്ടിപ്പൊക്കുന്ന പ്രത്യേക സാമ്പത്തിക മേഖല ജനങ്ങള്‍ക്കെതിരായ കടന്നാക്രമണത്തിന്റെ മറ്റൊരു പുതിയ മുഖമാകുന്നു.
വിവിധ സംസ്ഥാനങ്ങളില്‍ അതിനു് വേണ്ടി ലക്ഷക്കണക്കിനു് ഏക്കര്‍ ഭൂമി കര്‍ഷകരില്‍ നിന്നു് പിടിച്ചെടുക്കുകയാണു്. ജനങ്ങളുടെ ശക്തമായ സമരങ്ങളും പടര്‍ന്നു്പിടിച്ചിട്ടുണ്ടു്. പശ്ചിമ ബംഗാളില്‍ ഇടതുമുന്നണി ഭരണത്തില്‍ ഉരുളക്കിഴങ്ങു് കൃഷി രണ്ടായിരം ഏക്കറില്‍ നടത്തുന്ന അമേരിക്കന്‍ കുത്തകയായ പെപ്സി സി.പി.എം. പറയുന്ന ഭൂപരിഷ്കരണവാദത്തിന്റെ പൊള്ളത്തരം തുറന്നു് കാട്ടുന്നു. തങ്ങള്‍ താങ്ങുന്ന കേന്ദ്രത്തിനെതിരേ സമരം സംഘടിപ്പിക്കുന്ന സി.പി.എം. ബംഗാളില്‍ ചില ഘടകകക്ഷികളുടെ എതിര്‍പ്പിനെപോലും അവഗണിച്ചാണു് റിലയന്‍സിനു് ചില്ലറ വ്യാപാരത്തിന്റെ വഴി തുറന്നതും 'ഭാരതി' വഴി അമേരിക്കന്‍ കുത്തക വാള്‍മാര്‍ട്ടുമായി തിരശീലയ്ക്കു് പിന്നില്‍ ഒത്തു് കളിയ്ക്കുന്നതും.
വികസിത സമ്പന്ന രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം വിച്ഛേദിയ്ക്കുകയല്ലാതെ സാമ്രാജ്യത്വ ശക്തിളെ നേരിടാനും ബദല്‍ ജനകീയ വികസനം കെട്ടിപ്പടുക്കാനും മറ്റൊരു മാര്‍ഗവുമില്ല. അതിലേക്കുള്ള രാഷ്ട്രീയ ശക്തി സമാഹരിക്കുകയാണു് ക്വിറ്റിന്ത്യാ സ്മരണകളോടു് ചെയ്യാവുന്ന നീതി. സമാധാനപരമായ വിപ്ളവശക്തിയാണു് സാമ്രാജ്യത്വ ചേരിയുടെ ആയുധക്കൂമ്പാരങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങളുടെ ഹൃദയശൂന്യതയ്ക്കും ബദലായി ഉയര്‍ന്നുവരേണ്ടതു്.
--ഉറവിടം: സോഷ്യലിസ്റ്റ് വാര്‍ത്താ കേന്ദ്രം
--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു
--പുനഃപ്രകാശനം അനുവദിച്ചിരിയ്ക്കുന്നു
ഒന്നാം താളിലേയ്ക്കു്
വിശ്വജിതത്തിന്റെ അഭിപ്രായം : രാജ്യത്തിനകത്തു് വേറിട്ട പരമാധികാര റിപ്പബ്ളിക്കു്കള്‍ പോലെ കെട്ടിപ്പൊക്കുന്ന പ്രത്യേക സാമ്പത്തിക മേഖലകള്‍ ജനങ്ങള്‍ക്കെതിരായ കടന്നാക്രമണത്തിന്റെ മറ്റൊരു മുഖം തന്നെ.പഴയതു് പോലെ രാജ്യത്തെ 600 നാട്ടു്രാജ്യങ്ങളാക്കി കഷണിയ്ക്കുവാനാണോ പ്രത്യേക സാമ്പത്തിക മേഖലകളെന്നു് സംശയം.
ReplyDeletebharath mathaa kee jai
ReplyDelete(gulf videos)
visit my blog
http://shanalpyblogspotcom.blogspot.com