2009/04/11

സാമ്രാജ്യത്വവിധേയരുടെ വിപ്ലവ മുഖംമൂടി


ഡോ. ആസാദ്‌   (പൊന്നാനി ലോകഭാ മണ്ഡലത്തിലെ ഇടതുപക്ഷഏകോപന സമിതി സ്ഥാനാര്‍ഥി)

മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം ഇടതുവലതുഭേദമില്ലാതെ സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ നയസമീപനങ്ങള്‍ക്ക്‌ കീഴ്‌പെട്ടുകഴിഞ്ഞ സന്ദര്‍ഭത്തിലാണ്‌ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. 

എല്‍.ഡി.എഫ്‌., യു.ഡി.എഫ്‌., ബി.ജെ.പി. എന്നിങ്ങനെയുള്ള മൂന്ന്‌ പ്രബല ചേരികളാണല്ലോ കേരളത്തിലുള്ളത്‌. ഈ മൂന്നു ചേരികളും ഒരേ സാമ്പത്തിക വികസനനയങ്ങളില്‍ എത്തിപ്പെട്ടിരിക്കുന്നു. സാമ്രാജ്യത്വ ധനകാര്യസ്ഥാപനങ്ങളെ വന്‍തോതില്‍ ആശ്രയിക്കാനും ഊഹമൂലധനശക്തികള്‍ക്ക്‌ സ്വാഗതമരുളാനും ഇവരെല്ലാം മുന്നിലുണ്ട്‌. വികസ്വരരാഷ്ട്രങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ ഘടനകള്‍ പുതുക്കിപ്പണിയാനുള്ള സാമ്രാജ്യത്വത്തിന്റെ ഗവണ്‍മെന്റ്‌ നവീകരണപദ്ധതി (ങംജ) കള്‍ക്ക്‌ കളമൊരുക്കിക്കൊടുക്കുന്നതും മറ്റാരുമല്ല. ഇതുമൂലം പഴയ സോഷ്യലിസ്റ്റനുഭാവമുള്ള സാമ്പത്തികാസൂത്രണ പദ്ധതികളുടെയും മനോഭാവത്തിന്റെയും ചിറകുകളാണ്‌ അരിഞ്ഞുവീഴ്‌ത്തപ്പെട്ടത്‌. 

പൊതുമേഖലാ സംരംഭങ്ങള്‍ തകര്‍ക്കപ്പെടുകയോ നിര്‍ജീവമാക്കപ്പെടുകയോ ചെയ്‌തു. ക്ഷേമപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഭൂരഹിതരുടെയും തൊഴില്‍ രഹിതരുടെയും എണ്ണം വര്‍ധിച്ചു. ഒരുഭാഗത്ത്‌ വന്‍കിട കൈയേറ്റങ്ങള്‍ വര്‍ധിച്ചപ്പോള്‍ മറുഭാഗത്ത്‌ ഭൂമിയില്‍നിന്നു കുടിയിറക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചു. ആരോഗ്യമേഖല വന്‍കിട ഔഷധകുത്തകകളുടെ കൈവെള്ളയിലമര്‍ന്നു. വിദ്യാഭ്യാസം ധന മാഫിയാസംഘങ്ങളും സാമുദായികശക്തികളും കച്ചവടസംരംഭമാക്കി. തൊഴില്‍ശാലകള്‍ അടച്ചുപൂട്ടുകയായി. സ്വകാര്യസംരംഭകര്‍ക്ക്‌ ഒരു തൊഴില്‍നിയമവും ബാധകമല്ലാതെ അഴിഞ്ഞാടാന്‍ അവസരം നല്‌കി. കുടിവെള്ളം വില്‌പനച്ചരക്കാക്കി. പ്രകൃതിവിഭവങ്ങള്‍ വലിയ തോതില്‍ കൊള്ളയടിക്കപ്പെട്ടു. ഈ നയങ്ങളുടെ പേരില്‍ നമ്മുടെ നാട്ടില്‍ സമരങ്ങളുടെ വേലിയേറ്റമുണ്ടായില്ല. സമരപ്രസ്ഥാനങ്ങള്‍ മിതവാദികളോ മുതലാളിത്ത പക്ഷപാതികളോ ആയി മാറി. 

ഇത്തരമൊരു സാഹചര്യത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു വരുമ്പോള്‍ സ്വാഭാവികമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത്‌ ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളാണ്‌. അവ ചര്‍ച്ചയ്‌ക്കുവന്നാല്‍ അതിനെ അഭിമുഖീകരിക്കാനുള്ള കെല്‌പ്‌ മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കില്ല. അതിനാല്‍ അവരെല്ലാം വ്യാജപ്രശ്‌നങ്ങള്‍ ഉയര്‍ത്തുകയാണ്‌. അവിശുദ്ധവും രാജ്യത്തിന്റെ ഭാവിക്ക്‌ അപകടകരവുമായ കൂട്ടുകെട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്‌. സാമുദായികശക്തികളെ വന്‍തോതിലാണ്‌ ഇക്കൂട്ടര്‍ ആശ്രയിക്കുന്നത്‌. വിവിധ ജാതി, മത, സമുദായ വിഭാഗങ്ങളില്‍പ്പെട്ട സാധാരണ മനുഷ്യരുടെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണേണ്ട രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പണമേധാവിത്വത്തിനും സാമ്രാജ്യത്വത്തിനും വഴങ്ങി അതിന്റെ ജീര്‍ണതകളെയും വാരിപ്പുണരുകയാണ്‌. വര്‍ഗീയ ലഹളകളിലേക്ക്‌ നയിക്കുംവിധമുള്ള ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതകളുടെ ചേരിതിരിവിന്‌ സഹായകരമാം വിധത്തിലാണ്‌ പിണറായി വിജയന്‍- മഅദനി ബന്ധം രൂപപ്പെട്ടിരിക്കുന്നത്‌. ഇത്തരം അവിശുദ്ധബന്ധങ്ങള്‍ വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ മുമ്പേ ശീലവുമാണ്‌. 

നവമുതലാളിത്തത്തിന്റെ സാമ്പത്തിക, വികസന നയങ്ങള്‍ പിന്തുടരുമ്പോള്‍ അവയുടെ ജീര്‍ണതകള്‍ കടന്നുകയറുക എളുപ്പമാണ്‌. '90-കളുടെ മധ്യത്തോടെ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം. നാലാംലോകം വഴി എത്തിപ്പെട്ടത്‌ സാമ്രാജ്യത്വവികസന പാതയിലാണ്‌. അതിന്റെ സ്വാഭാവികമായ പരിണതിയാണ്‌ ലാവലിന്‍കേസ്‌. അതിന്റെ ഓരോ ചുവടിലും പ്രകടമായ രാഷ്ട്രീയവ്യതിയാനമുണ്ട്‌. ബെല്‍ എന്ന പൊതുമേഖലാസ്ഥാപനത്തെ നിരാകരിച്ചതിലും ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞതിലും കോഴയാകാമെന്നു തീരുമാനിച്ചതിലുമെല്ലാം അതു പ്രകടമാണ്‌. 

വലിയ സാമ്രാജ്യത്വവിരുദ്ധതയുടെ മുഖംമൂടിയണിഞ്ഞാണ്‌ ഇവരെല്ലാം വോട്ട്‌ തേടുന്നത്‌. സാമ്രാജ്യത്വാനുകൂല സാമ്പത്തിക, വികസനനയങ്ങള്‍ നടപ്പാക്കുന്നവര്‍ സാമ്രാജ്യത്വവിരുദ്ധരാകുന്നത്‌ എങ്ങനെയാണ്‌? ആണവക്കരാറിന്റെയും ഇസ്രായേല്‍ ബന്ധത്തിന്റെയും കാര്യമാണ്‌ ചിലര്‍ ഉയര്‍ത്തുന്നത്‌. ശീതയുദ്ധത്തെത്തുടര്‍ന്ന്‌ 1991-ല്‍ പുത്തന്‍ സാമ്പത്തികനയവും അമേരിക്കാനുകൂലമായി ചേരിചേരാ നയത്തില്‍ വന്ന മാറ്റവുമാണ്‌ രണ്ടിനും അടിസ്ഥാനം. നരസിംഹറാവു ഗവണ്‍മെന്റാണ്‌ രണ്ടിനും തുടക്കം കുറിച്ചത്‌. തുടര്‍ന്നുവന്ന ബി.ജെ.പി. ഗവണ്‍മെന്റും ഇപ്പോള്‍ കാലാവധി തീരുന്ന യു.പി.എ. ഗവണ്‍മെന്റും പലപ്പോഴായി ആണവക്കരാറിന്റെ മുന്നുപാധികളില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ ഭാഗമായി പലപ്പോഴും അമേരിക്കന്‍ സൈനികവിമാനങ്ങള്‍ ഇന്ത്യയിലെത്തി. സംയുക്താഭ്യാസപരിശീലനങ്ങള്‍ നടന്നു. അപ്പോഴൊന്നും കനത്ത പ്രതിഷേധമുയര്‍ത്താന്‍ ഇടതുപക്ഷത്തിനും കഴിഞ്ഞില്ല. തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ 'നല്ല ബുദ്ധി' തോന്നുന്നത്‌. ഇസ്രായേല്‍ വിഷയവും അങ്ങനെത്തന്നെ. നരസിംഹറാവു ഗവണ്‍മെന്റ്‌ ഇസ്രായേലിന്‌ അംഗീകാരം നല്‌കിയത്‌ സാമ്രാജ്യത്വ സമ്മര്‍ദംമൂലമാണ്‌. തുടര്‍ന്നുവന്ന കോണ്‍ഗ്രസ്‌, ബി.ജെ.പി. മുന്നണി സര്‍ക്കാറുകള്‍ക്കും ഇടതുപക്ഷപിന്തുണയുള്ള സര്‍ക്കാറിനും ഇസ്രായേലിനുള്ള അംഗീകാരം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. മുസ്‌ലിം ഭൂരിപക്ഷപ്രദേശങ്ങളില്‍ ഇപ്പോള്‍ പരസ്‌പരം ചളിവാരിയെറിയുന്നത്‌ ഇസ്രായേലിന്റെ പേരിലാണ്‌. 

ചുരുക്കത്തില്‍ മുന്നണികള്‍ തമ്മില്‍ അവ സ്വീകരിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍ ഒരു വ്യത്യാസവുമില്ലാതായിരിക്കുന്നു. ദേശീയ പ്രസ്ഥാനത്തിന്റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുടെയും പാരമ്പര്യമുള്ള ഒരു പുതിയ പ്രസ്ഥാനം അനിവാര്യമായിട്ടുണ്ട്‌. ഇടതുപക്ഷ ഏകോപനസമിതി ഈ ലക്ഷ്യത്തോടെയാണ്‌ തിരഞ്ഞെടുപ്പിനെ നേരിടുന്നത്‌. 

 

കടപ്പാടു് : ഏപ്രില്‍‍‍ 11 2009 മാതൃഭൂമി

 

No comments:

Post a Comment