2007/11/07

സോഷ്യലിസ്റ്റ് നേതാവു് ജുഗല്‍ദാ അന്തരിച്ചു

ജല്‍പായഗുഡി : സമാജവാദി ജനപരിഷത്ത് അഖിലേന്ത്യ അധ്യക്ഷന്‍ ജുഗല്‍ കിഷോര്‍ റായിവീര്‍ (ജുഗല്‍ദാ) (60) നവംബര്‍ ആറാം തീയതി ചൊവ്വാഴ്ച അതിരാവിലെ നാലുമണിയ്ക്കു് ഇവിടെ അന്തരിച്ചു. കഴിഞ്ഞ മൂന്നു് മാസമായി അദ്ദേഹം അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു .

ജനകീയ പ്രസ്ഥാനങ്ങളുടെയും നവ രാഷ്ട്രീയ ശക്തികളുടെയും മുന്നേറ്റത്തില്‍ കിഷന്‍‍ പടനായിക്, മേധാ പാട്കര്‍ എന്നിവര്‍ക്കൊപ്പം മുഖ്യപങ്കു് വഹിച്ച അദ്ദേഹം 1947 ജനുവരി ഒന്നാം തീയതിയാണു് ജനിച്ചതു്. ഉത്തര ബംഗാളില്‍ ജല്‍പായഗുഡി ജില്ലയിലെ ജടേശ്വരത്തെ ബംകന്തി ഗ്രാമമാണു് അദ്ദേഹത്തിന്റെ ജന്മദേശം.

സോഷ്യലിസ്റ്റ് യുവജനസഭയുടെ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം അതിന്റെ‍‍ സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിച്ചു. ജെ.പി പ്രസ്ഥാനത്തിലും അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിലും പങ്കാളിയായി. വ്യവസ്ഥാപിത പാര്‍ട്ടികളുടെ പരാജയവും അപ്രസക്തിയും ജനകീയ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. പട്ടിക ജാതിയില്‍ ഉള്‍പ്പെടുത്തുവാന്‍ ആവശ്യപ്പെട്ടു് 1980 കളുടെ ആദ്യം ഉത്തര ബംഗാളില്‍ രാജവംശി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച പ്രക്ഷോഭണത്തെ ഉത്തരബംഗ് തപോസിലി ജാതി ആദിവാസി സംഘടന (ഉത്ജാസ്) യുടെ രൂപീകരണത്തിലേയ്ക്കും അസന്തുലിത വികസന നയം മൂലം ഉത്തര ബംഗാള്‍ ചൂഷിത പിന്നാക്ക മേഖലയാക്കുന്നതിനുമെതിരെയുള്ള ബഹുജന പ്രസ്ഥാനമാക്കുന്നതിലും ജുഗല്‍ദാ നേതൃത്വം കൊടുത്തു.
കിഷന്‍ പടനായക്കിനൊപ്പം ചേര്‍ന്നു് ജനകീയ പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്ന ജനാന്ദോളന്‍ സമന്വയ സമിതിക്കും പിന്നീടു് മേധാ പാട്കറുടെ നേതൃത്വത്തില്‍ എന്‍.എം.പി.എമ്മിനു് രൂപംകൊടുക്കുന്നതിലും പങ്കു് വഹിച്ചു.
1995 ജനുവരി ഒന്നിനു് ജനകീയ മുന്നേറ്റങ്ങള്‍ ചേര്‍ന്നു്
സമാജവാദി ജനപരിഷത്ത് രൂപവല്കരിച്ചപ്പോള്‍ ആദ്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടു് പാര്‍ട്ടി ഉപാധ്യക്ഷന്‍, സെക്രട്ടറി എന്നീ നിലകളിലും ഒടുവില്‍ 2007-ല്‍ വീണ്ടും പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രഫ.എം.ഡി.നഞ്ചുണ്ടസ്വാമി, കിഷന്‍ പടനായക്ക് എന്നിവരോടൊപ്പം ചേര്‍ന്നു് കര്‍ഷകപ്രസ്ഥാനങ്ങളെ ദേശീയതലത്തില്‍ ഒന്നിപ്പിക്കുന്നതിനും ഗാട്ട് ഉടമ്പടിയ്ക്കെതിരായി പ്രക്ഷോഭണം നടത്തുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി.


അനവധിയായ സമരങ്ങള്‍ക്കു് നേതൃത്വം കൊടുത്ത അദ്ദേഹം ജടേശ്വരത്തു് (ജടേശ്വര്‍) ബദല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും ബദല്‍ വിദ്യാഭ്യാസത്തിനും വേണ്ടി സമതാ കേന്ദ്രം സ്ഥാപിച്ചു. അവിവാഹിതനായിരുന്ന അദ്ദേഹം പിന്നീടു് അവിടെയാണു് താമസിച്ചിരുന്നതു്.

No comments:

Post a Comment