2007/11/26

വ്യവസായവല്‍ക്കരണത്തോടുള്ള ഇടതു് സമീപനം : എന്നും അലട്ടുന്ന ആശയകുഴപ്പം

സുനില്‍ (സമാജവാദി ജനപരിഷത്തിന്റെ അഖിലേന്ത്യാ ആക്റ്റിങ് പ്രസിഡന്റ്)

പശ്ചിമബംഗാളില്‍ അടുത്ത കാലത്തുണ്ടാകുന്ന സംഭവവികാസങ്ങളെ സംബന്ധിച്ച് കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ അധികാര രാഷ്ട്രീയത്തിലുള്ളവരും സൈദ്ധാന്തികരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുള്ളതായി കാണാം. ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞതിങ്ങനെയാണ്:
“ഇടതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ യാഥാര്‍ത്ഥ്യവു മായി ബന്ധമില്ലാത്തവരും
വെറും ബുദ്ധിജീവികളും ആണ്. പ്രഭാത്പട്നായിക് പറഞ്ഞത് ഞാന്‍ വായിച്ചു. അദ്ദേഹം
പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നില്ല”
. (ടൈംസ് ഓഫ് ഇന്ത്യ, ജൂലൈ 1, 2007).

ജവഹര്‍ലാല്‍ നെഹ്റൂ സര്‍വ്വകലാശാലയില്‍ നിന്നുളള സാമ്പത്തിക ശാസ്ത്രജ്ഞനായ പ്രഭാത്പട്നായിക് ദീര്‍ഘകാലമായി സി.പി.എം. സഹയാത്രികനും പാര്‍ട്ടിയുടെ പ്രധാനപ്പെട്ട ഒരു ചിന്തകനായി അറിയപ്പെടുന്ന ആളുമാണ്. കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തിലെത്തിയതു മുതല്‍ കേരള സംസ്ഥാന പ്ളാനിംഗ് ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷനും കൂടിയാണ് അദ്ദേഹം. സി.പി.എം. വകയായ ‘സോഷ്യല്‍ സയന്റിസ്റ്’ എന്ന അക്കാദമിക പ്രസിദ്ധീകരണത്തിന്റെ എഡിറ്ററുമാണ്. ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ സീതാറാം യെച്ചൂരിയെപ്പോലുള്ള അനേകം സി.പി.എം. പ്രമുഖരുടെ ഗുരു കൂടിയാണദ്ദേഹം. ബുദ്ധദേവ് ഭട്ടാചാര്യയുടെ പരാമര്‍ശങ്ങള്‍ പട്നായികിനെതിരെ മാത്രമല്ല; മറിച്ച് അദ്ദേഹത്തിന്റെ ഭാര്യ കൂടിയായ ഉത്സാ പട്നായിക്കിനെയും ജയതി ഘോഷിനെയും ലക്ഷ്യം വച്ചുള്ളതാണ്. അവരും ജെ.എന്‍.യു.വിലെ സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകരാണ്. എന്തുകൊണ്ടാണ് ബുദ്ധദേവ് അവര്‍ക്കെതിരെ തിരിയുന്നത് ?


കമ്മ്യൂണിസ്റ് പാര്‍ട്ടികളുമായി ബന്ധപ്പെട്ട ഇടതുപക്ഷ സൈദ്ധ്യാന്തികര്‍ ഇന്ന് ഒരു പ്രതിസന്ധി നേരിടുന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്നവര്‍ക്കറിയാം. എന്നാല്‍ അതിനെ പരസ്യമായി വിമര്‍ശിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. സിംഗൂരിലെ ടാറ്റയുടെ പദ്ധതിയ്ക്കെതിരെ തദ്ദേശീയരായ ജനങ്ങള്‍ പൊരുതിയപ്പോള്‍ അവരില്‍ സുമിത് സര്‍ക്കാര്‍ ഒഴികെയുള്ളവര്‍ മൌനം പാലിച്ചു. നന്ദിഗ്രാം പ്രശ്നം വന്നപ്പോള്‍ കുറേ ഇടതുപക്ഷ സൈദ്ധാന്തികര്‍ ചേര്‍ന്ന് ആ സംഭവ വികാസങ്ങള്‍ അപ്രതീക്ഷിതമെന്നും ന്യായീകരിക്കാനാവാത്ത തെന്നും നിര്‍ഭാഗ്യകരമെന്നുമൊക്കെ വിശേഷിപ്പിച്ച് ഒരു സംയുക്ത പ്രസ്താവന ഇറക്കി. എങ്കിലും ബംഗാള്‍ സര്‍ക്കാരിനെയോ അതിന്റെ വ്യവസായവത്കരണ നയത്തെയോ സംബന്ധിച്ച് അവര്‍ ഒന്നും പറഞ്ഞില്ല.


എന്നാല്‍ സംഗതികള്‍ അവിടം കൊണ്ടവസാനിച്ചില്ല. നന്ദിഗ്രാമിലും സിംഗൂരിലും സംഘര്‍വും അക്രമവും അടിച്ചമര്‍ത്തലും തുടര്‍ന്നു. ഈ സംഭവ വികാസങ്ങള്‍ വ്യവസായ വത്കരണം, ആഗോളീകരണം, പ്രത്യേക സാമ്പത്തിക മേഖല (എസ്.ഇ.ഇസഡ്) എന്നിവയെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് ശക്തിയും മൂര്‍ച്ചയും കൂട്ടി. ആത്മാര്‍ത്ഥതയുള്ള സൈദ്ധാന്തികര്‍ക്ക് ഇത്തരം അവസരങ്ങളില്‍ നിശബ്ദത പാലിക്കാന്‍ കഴിയുകയില്ല. അങ്ങനെ അവസാനം പ്രഭാത്പട്നായിക് നിശബ്ദത ഭേദിച്ചു. പ്രശസ്തമായ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയില്‍ (ഈ.പി.ഡബ്ളയൂ) ‘നന്ദിഗ്രാമിന്റെ അനന്തരഫലങ്ങള്‍’ എന്ന പേരില്‍ ഒരു ലേഖനം അദ്ദേഹം എഴുതി. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും ആദ്യമായി കോര്‍പ്പറേറ്റ് വ്യവസായ വത്കരണത്തിന്മേലും നന്ദിഗ്രാം വിഷയത്തിലും വ്യക്തമായ ഒരു നിലപാടെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഈ കാണിച്ച ധീരതയ്ക്ക് അദ്ദേഹം അഭിനന്ദിയ്ക്കപ്പെടേണ്ടതാണ്. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ പ്രതിരോധിച്ചുകൊണ്ട് പ്രകാശ് കാരാട്ട്- വൃന്ദാകാരാട്ട് പ്രഭൃതികള്‍ എഴുതുന്ന ചവറുകളില്‍ നിന്ന് വ്യക്തമായ ഒരു വ്യതിയാനം കൂടിയായിരുന്നു പ്രഭാത് പട്നായിക്കിന്റെ ലേഖനം.


കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് ‘ദ ഹിന്ദു’ ദിനപത്രത്തില്‍ അദ്ദേഹം മറ്റൊരു ലേഖനവുമെഴുതുകയുണ്ടായി. കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദല്‍ സാദ്ധ്യമാണെന്ന് കേരളം തെളിയിച്ചിരിക്കുന്നു എന്നാണ് അദ്ദേഹം അതില്‍ എഴുതിയത്. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം തര്‍ക്കവിഷയമാകാമെങ്കിലും ബംഗാള്‍ സര്‍ക്കാരിനെ സൂത്രത്തില്‍ പരോക്ഷമായി വിമര്‍ശിക്കാനുള്ള ഒരു വഴിയായിരുന്നു അത്. സ്വാഭാവികമായും ഇത്തരം ലേഖനങ്ങള്‍ ബംഗാള്‍ മുഖ്യനെ പ്രകോപിതനാക്കും.


ഇങ്ങനെയൊക്കെയാണെങ്കിലും പ്രഭത് പട്നായിക് എഴുതിയതില്‍ ആശയവൈരുദ്ധ്യങ്ങള്‍ പ്രകടമാണ്. അദ്ദേഹത്തിന്റെ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്ലിയിലെ ലേഖനം പരിശോധിച്ചാല്‍ മനസിലാകും.


നവലിബറല്‍ നയങ്ങളില്‍ അന്തര്‍ലീനമായ ദുരന്തങ്ങളാണ് നന്ദിഗ്രാം പോലുള്ളത് എന്ന് അദ്ദേഹം ശരിയായിത്തന്നെ നിരീക്ഷിയ്ക്കുന്നു. അത്തരമൊരു നയവ്യവസ്ഥയിലൂടെ സാധ്യമാകുന്ന കോര്‍പ്പറേറ്റ് വ്യവസായവത്കരണം ജനവിരുദ്ധമാകാനേ തരമുള്ളൂ. വ്യവസായവത്കരണം തൊഴില്‍ നല്കുന്നു എന്ന വാദം അദ്ദേഹം ഖണ്ഡിക്കുന്നു. വന്‍കിട വ്യവസായങ്ങള്‍ക്ക് പ്രത്യക്ഷമായോ പരോക്ഷമായോ കാര്യമായി തൊഴില്‍ സൃഷ്ടിക്കാനുള്ള കഴിവ് നിസ്സാരമാണ്. വ്യവസായവത്കരണ വക്താക്കള്‍ വാദിക്കുന്നതിനു വിരുദ്ധമായി നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയിലെ വ്യവസായത്തിന് കാര്‍ഷിക മേഖലയിലെ അധികമുള്ള തൊഴില്‍ ശക്തിയെ ഏറ്റെടുക്കാന്‍ സാദ്ധ്യമേയല്ല.


ഈ പ്രശ്നം കോര്‍പ്പറേറ്റ് വ്യവസായ വത്കരണത്തിന്റെ മാത്രം ന്യൂനതയല്ല. മറിച്ച് എല്ലാത്തരം വന്‍കിട വ്യവസായങ്ങളുടെയും ന്യൂനതയാണെന്ന് പട്നായിക് അംഗീകരിക്കുന്നു. ഉദാഹരണത്തിന് ചൈനയില്‍ അടുത്തകാലത്ത് വ്യവസായ ഉത്പാദനത്തില്‍ അസാമാന്യമായ വളര്‍ച്ചയുണ്ടായെങ്കിലും കാര്യമായി തൊഴില്‍ സൃഷ്ടിയ്ക്കുവാന്‍ സാധിച്ചിട്ടില്ല. സാങ്കേതിക പുരോഗതിയും പരമ്പരാഗത മേഘലയില്‍ നിന്ന് വന്‍കിട വ്യവസായങ്ങളിലേയ്ക്കുള്ള മാറ്റവും തൊഴില്‍ രംഗത്തുണ്ടാക്കുന്ന വിപരീതഫലങ്ങളും പട്നായിക്കിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കര്‍ഷകരുള്‍പ്പെടെ തദ്ദേശീയരായ ജനങ്ങളില്‍ വന്‍കിട വ്യവസായം ഉണ്ടാക്കുന്ന വിനാശകരമായ ഫലങ്ങളും അദ്ദേഹം അംഗീകരിക്കുന്നു.


ഇതൊക്കെയാണെങ്കിലും വന്‍കിട വ്യവസായങ്ങളിലൂടെയുളള വ്യവസായ വത്കരണത്തിന്റെ ദൂഷ്യഫലങ്ങളെ അംഗീകരിച്ച പട്നായിക്, ‘വ്യവസായവത്കരണം നടക്കരുത്’ എന്ന് ഇതിനര്‍ത്ഥമില്ല എന്നും വ്യക്തമാക്കുന്നു. നിത്യജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നിട്ടുളള ഉപഭോഗമൂല്യമുള്ള ഉത്പന്നങ്ങളുടെ ഒരു നിരതന്നെ വ്യവസായങ്ങള്‍ നല്കുന്നുണ്ട് എന്നതാണ് അദ്ദേഹത്തിന്റെ ന്യായം. അദ്ദേഹത്തിന്റെ ഈ മലക്കം മറിച്ചില്‍ വളരെ ദുര്‍ബലമായിപ്പോയെന്നേ പറയാനാവൂ. ഒരു യാഥാസ്ഥിതികനായോ വികസനവിരോധിയായോ മുദ്രകുത്തപ്പെട്ടേക്കാമെന്ന് പൊടുന്നനെ അദ്ദേഹം ബോധവാനായതുപോലെ.


എന്താണ് പട്നായിക് മുന്നോട്ട് വയ്ക്കുന്ന ബദല്‍? പൊതുമേഖലയില്‍ കൂടിയോ കര്‍ഷക സഹകരണ സംഘങ്ങളില്‍ കൂടിയോ വ്യവസായ വത്കരണം കൊണ്ടു വരണം. ഇങ്ങനെയാണെങ്കില്‍ കര്‍ഷകരുടെ ഭൂമി അധികം പ്രതിസന്ധികള്‍ കൂടാതെ ഏറ്റെടുക്കാനും സാധിക്കും. കമ്പോളത്തിന് പകരം ആസൂത്രണത്തില്‍കൂടി വന്‍കിട വ്യവസായങ്ങള്‍ വളര്‍ത്തിയെടുത്ത സോവിയറ്റ് യൂണിയനെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യയുടെയും സമ്പദ്ഘടനയുടെയും മാറ്റത്തിന്റെ നിരക്ക് നിയന്ത്രിക്കുക വഴി കാര്‍ഷിക മേഖലയിലെ തൊഴിലാളികളെ വ്യവസായ മേഖലയിലേയ്ക്ക് വിജയകരമായി മാറ്റി സ്ഥാപിക്കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞു.


എന്നാല്‍ വന്‍കിട വ്യവസായങ്ങളിലൂടെയും ആധുനിക സാങ്കേതിക വിദ്യയിലൂടെയുമുള്ള വ്യവസായവത്കരണത്തിന്റെ രണ്ട് പ്രധാന ന്യൂനതകള്‍ അവഗണിക്കാന്‍ പ്രഭാത് പട്നായിക്കിനോ മറ്റ് ഇടതുപക്ഷ സൈദ്ധാന്തികര്‍ക്കോ കഴിയില്ല. ഒന്ന്: അത്തരത്തിലുള്ള ഒരു വ്യവസായ വത്കരണത്തിന് വന്‍തോതിലുള്ള മൂലധന നിക്ഷേപം ആവശ്യമാണ്. ഫാക്ടറികളിലെ തൊഴിലാളികളുടെ കേവല ചൂഷണത്തിലൂടെ വന്‍തോതിലുള്ള മൂലധനം മതിയായ അളവില്‍ സമാഹരിക്കാനാവില്ല. കോളനി വത്കരണത്തിലൂടെയും പരമ്പരാഗത വ്യവസായങ്ങളെയും കൃഷിയെയും ചൂഷണം ചെയ്തും നശിപ്പിച്ചും മാത്രമെ വന്‍ തോതിലുളള മൂലധനം സ്വരൂപിക്കാന്‍ കഴിയൂ. മറ്റ് വാക്കുകളില്‍ പറഞ്ഞാല്‍ മുതലാളിത്തത്തിലായാലും കമ്യൂണിസ്റുകളുടെ സോവിയറ്റ് മാതൃകയിലായാലും ഇത്തരത്തിലുള്ള വ്യവസായ വത്കരണത്തിന് രാജ്യത്തിനകത്തുള്ള ആന്തരിക കോളനികളുടെയും പുറത്തുള്ള കോളനികളുടെ സൃഷ്ടിയും ചൂഷണവും അനിവാര്യമാണ്.


രണ്ടാമതായി വന്‍കിട വ്യവസായ വത്കരണത്തിന് പ്രകൃതിവിഭവങ്ങള്‍ വര്‍ദ്ധിച്ച തോതില്‍ ആവശ്യമാണെന്ന വസ്തുത കൂടുതല്‍ പ്രകടമായിക്കൊണ്ടിരിക്കുന്നു. ഇത് പുതിയ പല പ്രതിസന്ധികളും സൃഷ്ടിക്കുകയും ചെയ്യുന്നു. തദ്ദേശീയരായ ജനങ്ങളെ അവരുടെ ഭൂമി, വനം, വെള്ളം, മത്സ്യസമ്പത്ത് തുടങ്ങിയവയില്‍ നിന്നകറ്റുന്നത് ഇതിന്റെ ഭാഗമായാണ്. ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളെന്നതിനെക്കാള്‍ സാമാന്യ നിയമമെന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നു. ആ സാഹചര്യത്തില്‍ വ്യവസായവത്കരണത്തിന്റെ വിനാശഫലങ്ങള്‍ കാര്യമായി കുറയ്ക്കാന്‍ പോലും കഴിയില്ലെന്നായിരിക്കുന്നു. അത് സോവിയറ്റ് മാതൃകയിലുള്ള ഒരു ആസൂത്രിത സമ്പദ്വ്യവസ്ഥ ആയാല്‍ പോലും സ്ഥിതിയില്‍ മാറ്റമില്ല.

ഇന്ന് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂലധനത്തിന്റെ പ്രാഥമിക സമാഹരണ (പ്രിമിറ്റീവ് അക്യൂമിലേഷന്‍ ഓഫ് ക്യാപ്പിറ്റല്‍) ത്തിലേയ്ക്ക് പ്രഭാത് പട്നായിക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. കോര്‍പ്പറേറ്റ് വ്യവസായങ്ങള്‍ തങ്ങളുടെ കുത്തക അവകാശങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് ഇളവുകള്‍ നേടുകയും സര്‍ക്കാരിനു മേല്‍ ഉപാധികള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ ദുരിതത്തിലാഴ്ത്തുകയും ഭൂമി ഊഹക്കച്ചവടം നടത്തുകയും ചെയ്യുന്നു. പട്നായിക് ഇതിനെ ‘കയ്യേറ്റത്തില്‍ കൂടിയുള്ള സമാഹരണം’ (അക്യൂമിലേഷന്‍ ത്രൂ എന്‍ക്രോച്ച്മെന്റ്) എന്നു വിളിക്കുന്നു. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ളണ്ടില്‍ വ്യവസായവത്കരണത്തിനുവേണ്ടി കൃഷിക്കാരെ ഭൂരഹിതരാക്കിയ പ്രക്രിയയെയാണ് മാര്‍ക്സ് മൂലധനത്തിന്റെ പ്രാഥമിക സമാഹരണം എന്ന് വിളിച്ചത്. കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകളിലെ യൂറോപ്പൊഴികെയുള്ള ലോകത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരത്തിലുള്ള മൂധന സമാഹരണം എല്ലായ്പ്പോഴും നടന്നു കൊണ്ടിരുന്നതായി കാണാം. അവസാന കാലങ്ങളില്‍ യൂറോപ്പില്‍ ഇത് അത്ര പ്രകടമായിരുന്നില്ലെന്നുമാത്രം. ഇങ്ങനെ നോക്കുമ്പോള്‍ ഇത് യഥാര്‍ത്ഥത്തില്‍ ‘പ്രാഥമിക’ മല്ല മറിച്ച് വ്യവസായ മുതലാളിത്തത്തില്‍ നിരന്തരമായി നിലനില്ക്കുന്ന ഒരു അടിസ്ഥാന പ്രക്രിയയാണ്. പ്രഖ്യാപിതമായ ലോകമെമ്പാടുമുള്ള ജനങ്ങളെ പ്രകൃതിവിഭവങ്ങളില്‍ നിന്നകറ്റുന്ന പ്രക്രിയയാണിത്. കമ്പോള നിയമങ്ങളനുസരിച്ചു പോലുമല്ല ഈ പ്രക്രിയ നടക്കുന്നത്. മറിച്ച് നഗ്നമായ ബലപ്രയോഗത്തിലൂടെയും ക്രൂരമായ മൃഗിയതയിലൂടെയുമാണ്. ഇങ്ങനെയൊക്കെയേ വ്യവസായിക മുതലാളിത്തത്തിന് വികസിക്കാനാകൂ എന്നതാണ് സത്യം. മാര്‍സിസ്റ് വൃത്തങ്ങള്‍ ഈ സത്യം പലപ്പോഴും വിസ്മരിക്കുന്നു. കാരണം അവരുടെ അമിതമായ ഊന്നല്‍ ഒരു ഫാക്ടറിയിലെയോ ഒരു സമ്പദ്വ്യവസ്ഥയ്ക്കുള്ളിലെയോ മൂലധനവും അദ്ധ്വാനവും തമ്മിലുള്ള സംഘര്‍ഷത്തില്‍ മാത്രമാണ്.


സോവിയറ്റ് വ്യവസായ വത്കരണത്തെ ഒരു മാതൃകയായി അവതരിപ്പിക്കുന്ന പ്രഭാത് പട്നായിക് അത് എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന് ഒരു വിശദീകരണം തരേണ്ടതുണ്ട്. എന്തുകൊണ്ടാണ് സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ് ബ്ളോക്കും തകര്‍ന്നു പോയത്. എന്തായിരുന്നു അവയ്ക്കുള്ളിലെ വൈരുദ്ധ്യങ്ങള്‍ ? മുതലാലിത്ത യൂറോപ്പിലുണ്ടായതു പോലുള്ള ഒരു വ്യവസായ വത്കരണം കൊണ്ടുവരുന്നതിനായി സോവിയറ്റ് യൂണിയന്‍ ധാരാളം ആന്തരിക കോളനികളെ സൃഷ്ടിച്ചു എന്നതല്ലേ സത്യം? കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെയും ഏഷ്യയിലെയും തങ്ങളുടെ പ്രദേശങ്ങക്കിടയില്‍ സോവിയറ്റ് യൂണിയന്‍ ഒരു അര്‍ദ്ധകൊളോണില്‍ ബന്ധം വളര്‍ത്തുകയും പ്രാദേശിക അസന്തുലിതാവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുകയും കൃഷിക്കാരെ അന്യവത്കരിക്കുകയും കൃഷിയെ ചൂഷണം ചെയ്യുകയും ആയിരുന്നില്ലേ ? ഇവിടെയും പ്രശ്നം വന്‍കിട വ്യവസായവല്‍ക്കരണമായിരുന്നു. ഇങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തിലുള്ള വന്‍കിട വ്യവസായവത്കരണം ജനങ്ങള്‍ക്കും കൃഷിക്കാര്‍ക്കും യഥാര്‍ത്ഥസോഷ്യലിസത്തിനും വിരുദ്ധമായതാണ് എന്നു കാണാം. അത്തരം വ്യവസായ വല്‍ക്കരണത്തിന് ഒരു ബദല്‍ സൃഷ്ടിക്കുന്നതിനാണ് നാം ശ്രമിക്കേണ്ടത്.


ലിബറല്‍ ക്യാപ്പിറ്റലിസ്റുകളുടെ ഇടയിലുള്ളതുപോലെ, ആധുനിക വ്യവസായ വത്കരണത്തിന്റെ പ്രാമാണ്യവും അത് ഒഴിച്ചു കൂടാനാവാത്തതാണെന്നുള്ള വിശ്വാസവും മാര്‍ക്സിസ്റുകളുടെ ഇടയിലും രൂഡമൂലമായിട്ടുളളതായി തോന്നുന്നു. ഈ വിശ്വാസം മൂലം അവര്‍ക്ക് അതിനപ്പുറത്തേയ്ക്ക് ചിന്തിക്കാന്‍ കഴിയുന്നില്ല. ആ വ്യവസ്ഥയുടെ നശീകരണഭാവവും പരാജയങ്ങളും നാള്‍ക്കുനാള്‍ പ്രകടമാകുന്നുണ്ടെങ്കിലും ഒരു ബദലിനെക്കുറിച്ച് ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല. ഈ വിശ്വാസമായിരിക്കണം സോഷ്യലിസ്റ് പാതയില്‍ നിന്ന് പൂര്‍ണ്ണമായ മുതലാളിത്ത ആഗോളവത്കരണ പാതയിലേക്ക് നീങ്ങാന്‍ കമ്യൂണിസ്റ് ചൈനയിലെ നേതാക്കളെ പ്രേരിപ്പിച്ചത്. ആധുനിക ജീവിത രീതികളോടുള്ള ഇഴുകി ചേരലാണ് ഈ വിശ്വാസത്തിനാധാരം. നിത്യജീവിതത്തിന്റെ ഭാഗമായ ഉപഭോഗവസ്തുക്കള്‍ നല്‍കുന്ന വന്‍കിട വ്യവസായങ്ങള്‍ ഒഴിവാക്കാനാവില്ല എന്ന് പ്രഭാത് പട്നായിക് പറയുമ്പോള്‍ ഈ വിശ്വാസമാണ് വെളിവാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തില്‍ നിന്നു നോക്കുമ്പോഴാണ് സിംഗൂരില്‍ കാര്‍ നിര്‍മ്മിക്കേണ്ടത് പൊതുമേഖലയിലായാലും ടാറ്റ വഴിയായാലും അത്യാവശ്യമെന്ന് വരുന്നത്. ഇങ്ങനെയുള്ള ആധുനിക ആഡംബര ജീവിത ആവശ്യങ്ങളാണ് പ്രകൃതി വിഭവങ്ങളെ നശിപ്പിക്കുകയും അവയില്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരെ അതില്‍ നിന്നകറ്റുകയും ചെയ്യുന്നത്. ഇതാണ് ആഗോളതാപനം പോലുള്ള മുമ്പൊന്നും ഉണ്ടാകാത്ത ആഗോള പരിസ്ഥിതി പ്രശ്നങ്ങളുമുണ്ടാക്കുന്നത്. ഇവയെല്ലാം പരക്കെ അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സത്യങ്ങളാണെങ്കിലും മാര്‍ക്സിസ്റ് സൈദ്ധാന്തികരുടെ ചിന്തയിലും വിശകലനത്തിലും അവ ഇതുവരെ കടന്നു ചെന്നിട്ടില്ല.
ആധുനിക ജീവിതരീതികളോടുള്ള ആസക്തിയും ആധുനിക വ്യവസായ വത്കരണം അനിവാര്യവും അതിനുള്ളപാത ഇതുമാണെങ്കില്‍ സ്വാഭാവികമായും ടാറ്റയും സലിം ഗ്രൂപ്പുമെല്ലാമാണ് നമ്മുടെ സുഹൃത്തുക്കളും സഖ്യ കക്ഷികളും. കൂടുതല്‍ കൂടുതല്‍ സിംഗൂരുകളും നന്ദിഗ്രാമുകളുമൊക്കെയുണ്ടാകും. ചൈനയേപ്പോലെ തന്നെ ബംഗാളും പേരില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ഭരണവും യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ കൂത്തരങ്ങായി തുടരുകയും ചെയ്യും. ഇടതുപക്ഷത്തിന് ഈ ഗതി ഒഴിവാക്കണമെങ്കില്‍ ഇപ്പോഴത്തെ ഈ ആശയക്കുഴപ്പത്തില്‍ നിന്ന് അവര്‍ പുറത്തുവരണം. അവരുടെ ആശയങ്ങളും നയങ്ങളും പുതിയ അനുഭവങ്ങളുടെ വെളിച്ചത്തില്‍ പുനര്‍വിചിന്തനം ചെയ്യുകയും പുനര്‍ രൂപീകരിക്കുകയും വേണം. നാളത്തേയ്ക്കു മാറ്റി വച്ചാല്‍ ഏറെ വൈകിയേക്കാം.

(മൊഴിമാറ്റം : ജോര്‍ജ്ജ് കുട്ടി സി ഇഞ്ചിപറമ്പില്‍)


സമാജവാദി ജനപരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ ആക്റ്റിംഗ് പ്രസിഡന്റുമായ സുനില്‍ (സുനില്‍ ഗുപ്ത) മദ്ധ്യപ്രദേശിലെ ഹോഷംഗബാദ് ജില്ലയില്‍ കേസ്ല കേന്ദ്രമാക്കി ആദിവാസി കിസാന്‍ സംഘടനയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കി. തവ അണക്കെട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികള്‍ക്ക് റിസര്‍വോയറില്‍ മത്സ്യബന്ധനം നടത്തുന്നതിനുള്ള അവകാശ പോരാട്ടങ്ങള്‍ അദ്ദേഹം നയിച്ചു. തല്‍ഫലമായി 35 സഹകരണസംഘങ്ങളും അവയുടെ ഫെഡറേഷനും ഉള്‍ക്കൊള്ളുന്ന തവ മത്സ്യ സംഘം രൂപംകൊണ്ടു. നിര്‍മ്മാണപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അത് ഒരു മാതൃകയായിരിക്കുന്നു. ഇന്ന് ഇന്ത്യയിലെ ബദല്‍ രാഷ്ട്രീയധാരയുടെ മുന്‍നിരയിലുള്ള ഒരു നേതാവാണ് അദ്ദേഹം. ജെ.എന്‍.യുവില്‍.വിദ്യാര്‍ത്ഥി നേതാവിരിക്കെ ഗവേഷണം ഉപേക്ഷിച്ച് കര്‍ഷകരെയും ആദിവാസികളെയും സംഘടിപ്പിക്കുവാന്‍ ഇറങ്ങി തിരിച്ച അദ്ദേഹം ധനതത്നശാസ്ത്രത്തില്‍ ബിരുദാന്തര ബിരുദം കരസ്ഥമാക്കിയത് സര്‍വ്വകലാശാല തലത്തില്‍ സ്വര്‍ണ്ണമെഡലോടെയാണ്. 2004 മാര്‍ച്ച് 14-ന് 14 പേരെ നന്ദിഗ്രാമില്‍ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഗ്രാമങ്ങള്‍ തിരിച്ചു പിടിക്കുന്നു എന്ന പേരില്‍ സി.പി.എം. 2007 നവംബര്‍ മാസത്തില്‍ അനേകരെ വധിക്കുകയും നൂറ് കണക്കിന് ആളുകളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത സംഭവത്തിന് മുന്‍പ് തയ്യാറാക്കിയതാണ് ഈ ലേഖനം.

No comments:

Post a Comment