2007/11/07

ജുഗല്‍ദായുടെ നിര്യാണം ബദല്‍ രാഷ്ട്രീയത്തിനു് തീരാനഷ്ടം


കോട്ടയം: സമാജവാദി ജനപരിഷത്ത് പ്രസിഡന്റ് ജുഗല്‍ കിഷോര്‍ റായിവീരന്റെ അകാല നിര്യാണം ബദല്‍രാഷ്ട്രീയത്തിനും ജനകീയപ്രസ്ഥാനങ്ങളുടെ മുന്നേറ്റത്തിനും തീരാനഷ്ടമാണെന്നു് ജനപരിഷത്ത് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ അഡ്വ. ജോഷി ജേക്കബ് അഭിപ്രായപ്പെട്ടു.

ജനകീയസമരങ്ങളിലും അവയ്ക്കു് ദിശാബോധം നല്‍കുന്നതിലും ജുഗല്‍ കിഷോര്‍ റായിവീര്‍ (ജുഗല്‍ദാ) വഹിച്ച പങ്കു് അവിസ്മരണീയമാണു്. എന്നാല്‍ നിര്‍ണായകമായ വരും നാളുകളിലെ അദ്ദേഹത്തിന്റെ അഭാവം വലിയ വിടവായിരിക്കും. പ്രത്യേകിച്ചും, നന്ദിഗ്രാം സംഭവത്തിന്റെ പഞ്ചാത്തലത്തില്‍ ബംഗാളിലൊട്ടാകെ ബദല്‍ രാഷ്ട്രീയ ശക്തികള്‍ കരുത്തു് നേടിയെടുത്തുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സുപ്രധാനമായിരുന്നു.
ബഹുജന നേതാവായിരുന്ന അദ്ദേഹം ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ഗത്തിലൂടെ ഉത്തരബംഗാളിലെ പട്ടികജാതി- ആദിവാസി- കര്‍ഷക ജനതയ്ക്കും കാംതാപുഡി ഭാഷയ്ക്കും സംസ്കാരത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങള്‍ ഭാവിയിലെ മുന്നേറ്റങ്ങള്‍ക്കു് ഊര്‍ജ്ജം പകരുമെന്നും ജോഷി ജേക്കബ് പറഞ്ഞു.

1 comment:

  1. കാര്യങ്ങളോടൊക്കെ നിങ്ങളുടെ നിരന്തരമായ, സജീവമായ, ഒരു പുതിയ വീക്ഷണത്തോടെയുള്ള പ്രതികരണം കണ്ടു കാണാന്‍ ആഗ്രഹിക്കുന്നു. പുതിയ ലോകക്രമത്തോടുള്ള നിങ്ങളുടെ ക്രിയാത്മകമായ, ഗുണകരമായ ഇടപെടലുകള്‍ എങ്ങനെയാവും, പണ്ടത്തെ സോഷ്യലിസ്‌റ്റുകള്‍ പറഞ്ഞുവെച്ചിടത്ത്‌ അവസാനിപ്പിക്കാതെ, ആന്തരികമായി കേരളീയനെ സ്‌പര്‍ശിക്കുന്ന രീതിയിലുള്ള പുതുമയുള്ള ഇടപെടലുകളും പ്രതികരണങ്ങളും ഉണ്ടാവണം. ഈ ബ്ലോഗൊരു സ്വകാര്യ വാര്‍ത്താ ബുള്ളറ്റിന്‍ ആവരുത്‌.

    ReplyDelete