2007/12/13

സ്വാഭാവിക രാഷ്ട്രീയം മോദിയെ തറപറ്റിച്ചേക്കാം


യോഗേന്ദ്ര യാദവ്

ജനാധിപത്യം നരേന്ദ്രമോദിയോട് പകരം വീട്ടുകയാണു്. മാനദണ്ഡങ്ങളെയും നിയമങ്ങളെയും ഭരണഘടനയെയും മറികടക്കാന്‍ ജനവിധിയെ ഉപയോഗിച്ച മോദിയ്ക്ക് സത്യത്തിന്റെ ഏറെ നീട്ടിവെക്കപ്പെട്ട നിമിഷമാകാം ഈ തിരഞ്ഞെടുപ്പു്. മോദി പരാജയപ്പെടുമെന്നു് നമുക്കു് ഇനിയും പറയാറായിട്ടില്ല. ശാസ്ത്രീയമായ സര്‍വേകളുടെ അടിസ്ഥാനത്തിലുള്ള സ്ഥിതിവിവരങ്ങള്‍ വെച്ചാണു് കണിശമായ തിരഞ്ഞെടുപ്പു് പ്രവചനങ്ങള്‍ നടത്തുന്നതു്. എന്നാല്‍, സൌരാഷ്ട്രയിലൂടെയുള്ള ഒരു യാത്ര ഈ നിര്‍ണായകമേഖലയില്‍ ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ]യ്ക്കു് അടിപതറുന്നുവെന്നു് സൂചിപ്പിയ്ക്കാന്‍ മതിയായതാണു്. ഈ നഷ്ടം പരാജയത്തിന്റെ തോതു് എക്സിറ്റ് പോളുകള്‍ അളക്കും. എന്നാല്‍ കുറച്ചു്കാലം മുമ്പു് അചിന്തനീയമായതു് ചിന്തിയ്ക്കാന്‍ ഇപ്പോള്‍ മതിയായ സൂചനകളുണ്ടു്; മോദി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാം.

ജനാധിപത്യത്തിന്റെ പ്രതികാരം അപ്രതീക്ഷിത മാര്‍ഗങ്ങളാണു് സ്വീകരിയ്ക്കുക. 2002_ലെ മുസ്ലിം കൂട്ടക്കൊലയ്ക്കു് നേതൃത്വം വഹിച്ചതിനു് മോദി ശിക്ഷിയ്ക്കപ്പെടുന്നില്ല. ശരാശരി ഗുജറാത്തിയുടെ സാമാന്യ ബോധത്തെ മാറ്റിയെടുക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ജനങ്ങളുടെ പൊതുബോധത്തില്‍ കൂട്ടക്കൊലയെക്കുറിച്ചുള്ള ഓര്‍മകളോ വേദനയോ ശേഷിയ്ക്കുന്നില്ല. 2002_ല്‍ എന്തു് സംഭവിച്ചുവെന്നു് ഞങ്ങള്‍ ഒരു കോളേജ് വിദ്യാര്‍ഥിയോടു് ചോദിച്ചു. അവനു് അറിയാമായിരുന്നതു് ഗോധ്രയില്‍ തീവണ്ടി കത്തിച്ചതും അക്ഷര്‍ധാമിലെ തീവ്രവാദി ആക്രമണവും മാത്രമായിരുന്നു. അന്നു് അക്രമങ്ങളൊന്നും ഉണ്ടാകാത്ത സൌരാഷ്ട്രയില്‍ 2002-നെക്കുറിച്ചുള്ള മറവി പൂര്‍ണമാണു്. അതുകൊണ്ടു് തന്നെ സൊഹറാബുദ്ദീന്‍ പ്രശ്നം ഉയര്‍ത്തിക്കൊണ്ടുള്ള മോഡിയുടെ ചൂതുകളി ഇവിടെ അദ്ദേഹത്തിനു് ഗുണം ചെയ്യുമെന്നു് തോന്നുന്നില്ല. ഈ തിരഞ്ഞെടുപ്പില്‍ നിലവിലില്ലെന്നു് തോന്നിപ്പിയ്ക്കുന്ന ഏക സമുദായം ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ]യ്ക്കു് തൊട്ടുകൂടാത്തതും ഇന്ദിരാ കാങ്ഗ്രസ്സ് മറന്നു്പോയതുമായ മുസ്ലിം സമുദായമാണു്.

സാമ്പ്രദായികമായ ഭരണവിരുദ്ധവികാരമോ ദുര്‍ഭരണത്തിനുള്ള ശിക്ഷയോ ആയിരിയ്ക്കില്ല മോദിയെ പതനത്തിലേയ്ക്കു് നയിക്കുന്നതു്. നഗരത്തിലെ മധ്യവര്‍ഗ കോളനികള്‍ പിന്നിടുമ്പോഴേക്കും വികസിത ഗുജറാത്തിന്റെ തിളക്കം മങ്ങിമങ്ങിവരുമെന്നതു് നേരാണു്. സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യകളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു്വെച്ചുവെന്നതും വികസനത്തിന്റെ യാഥാര്‍ഥ്യം മോദിപറയുന്നതില്‍നിന്നു് വിദൂരമാണെന്നതും സത്യം. എന്നാല്‍, വികസനത്തെക്കുറിച്ചുള്ള ഗുജറാത്ത് സര്‍ക്കാറിന്റെ അവകാശവാദം ആകെ പൊളിയല്ല. കഴിഞ്ഞ അഞ്ചു്വര്‍ഷം വൈദ്യുതി ലഭ്യതയും ആരോഗ്യ-വിദ്യാഭ്യാസ സൌകര്യങ്ങളും മുമ്പത്തേക്കാള്‍ മെച്ചപ്പെട്ടതായിരുന്നുവെന്നു് ഒരു വിദൂരഗ്രാമത്തിലെ സര്‍പഞ്ചു് പറയും. കഴിഞ്ഞമാസം നടന്ന ഇന്ത്യന്‍ എക്സ്പ്രസ്-സി.എന്‍.എന്‍-ഐ.ബി.എന്‍- ദിവ്യ ഭാസ്കര്‍ സര്‍വേയില്‍ തെളിഞ്ഞ, സര്‍ക്കാറിനെപ്പറ്റി പൊതുജനങ്ങള്‍ക്കിടയിലെ മതിപ്പിനെ ശരിവയ്ക്കുന്നതാണിതു്.

ഇവിടെ സംഭവിയ്ക്കുക മോദിയുടെ ജനകീയ നിരാസവുമായിരിയ്ക്കില്ല. ഓംപ്രകാശ് ചൌട്ടാല തോല്ക്കുന്നതിനു മുമ്പു് അദ്ദേഹത്തിന്റെ പേരു് കേള്‍ക്കുമ്പോള്‍ത്തന്നെ വെറുപ്പുളവാക്കുമായിരുന്നു. മോദിയുടെ കാര്യത്തില്‍ അങ്ങനെയില്ല. നിങ്ങള്‍ അദ്ദേഹത്തെക്കുറിച്ചു് ചോദിച്ചാല്‍ സാധാരണജനം ആദരവോടെ ചിലപ്പോള്‍ ആരാധനയോടെയും സംസാരിയ്ക്കും. ഞങ്ങള്‍ സംസാരിച്ച കറകളഞ്ഞ കാങ്ഗ്രസ്സ് അനുഭാവികള്‍ക്കു്പോലും മോഡിയ്ക്ക് തുല്യനായ ഒരു കാങ്ഗ്രസ്സ് നേതാവിനെ ചൂണ്ടിക്കാണിയ്ക്കാനായില്ല. കരുത്തനും ഭരണശേഷിയുള്ളവനുമായ ഒരു നേതാവിനു് വേണ്ടിയുള്ള സാധാരണ ഗുജറാത്തിയുടെ ആഗ്രഹത്തിനോടു് പ്രതികരിക്കുന്ന മോദി സംസ്ഥാനത്തെ ഏറ്റവും ജനകീയനായ നേതാവാണെന്നതിനു് സംശയമില്ല. എന്നാല്‍ 2002-ലെ പോലെ, നിങ്ങള്‍ രാഷ്ട്രീയത്തെപ്പറ്റി സംസാരിച്ചു തുടങ്ങുന്ന നിമിഷം ജനം മോദിയെപ്പറ്റി പറയാറില്ല. അദ്ദേഹവും മാധ്യമങ്ങളും എത്രകണ്ടു് ശ്രമിച്ചാലും ഈ തിരഞ്ഞെടുപ്പു് മോദിയെക്കുറിച്ചല്ല.

ജനാധിപത്യത്തിന്റെ പ്രതികാരം ഈ തിരഞ്ഞെടുപ്പില്‍ അസാധാരണവും ഒട്ടൊക്കെ അവിശുദ്ധവുമായ രൂപമാണു് സ്വീകരിക്കുന്നതു്. ആരുമായി അധികാരം പങ്കുവെയ്ക്കാതെ സാമ്പ്രദായിക രാഷ്ട്രീയ വ്യാപാരങ്ങള്‍ക്കു് തടയിടുന്നിടത്തായിരുന്നു മോദിയുടെ വിജയം. പതിവു് രക്ഷാകര്‍ത്തൃ വേഷം മോദിയ്ക്കില്ല. സംഘപരിവാരത്തിന്റെ സംഘടനകള്‍ക്കു്പോലും അദ്ദേഹം ആനുകൂല്യങ്ങള്‍ നിഷേധിച്ചിരുന്നു. ജനങ്ങളെ നേരിട്ടു് സമീപിച്ചും ബ്യൂറോക്രസിയെ ഉപയോഗിച്ചും പാര്‍ട്ടിയെയും രാഷ്ട്രീയക്കാരെയും അദ്ദേഹം കവച്ചു്വെച്ചു. എം.എല്‍.എ. മാരെയും സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാരെപ്പോലും കാണാന്‍ മോദി കൂട്ടാക്കിയിരുന്നില്ല. പൊതു സമൂഹത്തെയും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അവഗണിച്ചു. ജാതിയെയും പ്രാദേശിക സമവാക്യങ്ങളെപ്പറ്റിയും ശ്രദ്ധിച്ചിരുന്നെങ്കിലും ഈ ഘടകങ്ങള്‍ക്കൊന്നും മേല്‍ക്കൈ കിട്ടാതിരിയ്ക്കുംവിധമാണു് തിരഞ്ഞെടുപ്പുകള്‍ ആസൂത്രണം ചെയ്തതു്. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] നല്ല വിജയം നേടിയ കഴിഞ്ഞ മൂന്നു് നിയമസഭാതിരഞ്ഞെടുപ്പുകളും ഏതെങ്കിലുമൊരു വൈകാരിക പ്രശ്നത്തിന്റെ സ്വാധീനമുള്ള അസാധാരണ തിരഞ്ഞെടുപ്പുകളായിരുന്നു. 1995_ല്‍ അയോധ്യ പ്രശ്നം, 1998-ല്‍ ഹജ്ജൂരിയ- ഖജ്ജൂരിയ വിഭജനം, 20020-ല്‍ ഗോധ്രാസംഭവത്തെത്തുടര്‍ന്നുള്ള കൂട്ടക്കൊല. ഈ തിരഞ്ഞെടുപ്പു് മോദിയെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആകണമായിരുന്നു.

എന്നാല്‍ അങ്ങനെയല്ല സംഭവിച്ചിരിയ്ക്കുന്നതു്. മോഡിയ്ക്കു് പ്രതിപക്ഷത്തെ മെരുക്കാനും വിമര്‍ശകരുടെ വായടയ്ക്കാനും കഴിഞ്ഞെങ്കിലും ജനാധിപത്യ രാഷ്ട്രീയത്തെ നിശ്ശബ്ദമാക്കാന്‍ കഴിഞ്ഞില്ല. പൊന്തിവരുന്ന സ്വാഭാവിക രാഷ്ട്രീയമാണു് ഈ തിരഞ്ഞെടുപ്പിനെ നിര്‍ണയിയ്ക്കുന്നതു്. നിസ്സാരവും സാധാരണവും പ്രാദേശികവുമായ പ്രശ്നങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം നിലയ്ക്കാന്‍ വിസമ്മതിക്കുന്നു. ഇതു് മോദിയെ തനിയ്ക്കു് പരിചയമില്ലാത്ത ഒരു വ്യതിയാനത്തിനു നിര്‍ബന്ധിയ്ക്കുന്നു. മോദിയ്ക്കു് ഈ തിരഞ്ഞെടുപ്പില്‍ തന്റെ പദ്ധതിയുമായി ഒറ്റയടിയ്ക്കു് വിജയിക്കാനാവില്ല. ഓരോ മണ്ഡലത്തിലായി, അല്പാല്പമായി ജയിച്ചു് കയറേണ്ടിവരും. ഇത് മോദിയുടെ പതനത്തിനു് ഒരു കാരണമായേക്കാം. സ്വാഭാവിക രാഷ്ട്രീയത്തിന്റെ ഉയിര്‍ത്തെഴുന്നേല്പിനു് പലരൂപങ്ങളുണ്ടു്. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യിലെ ആഭ്യന്തര കലാപം ഇതിലൊന്നു മാത്രം. തുറന്നു്പറഞ്ഞാല്‍ ഈ കലാപത്തെ മാധ്യമങ്ങള്‍ പെരുപ്പിക്കുന്നതായിട്ടാണു് തോന്നുന്നതു്. വിമതര്‍ ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യ്ക്കുള്ളില്‍ പ്രമുഖരായിരിയ്ക്കാം. പക്ഷേ, അവരുടെ പ്രഹരശേഷി പരിമിതമാണു്. കേശുഭായി പട്ടേലിന്റെ സ്വാധീനം പോലും സൌരാഷ്ട്രയിലെ ഒരു വിഭാഗം ലേവ പട്ടേലര്‍മാരില്‍ ഒതുങ്ങുന്നു. സംഘപരിവാരത്തിന്റെ പ്രതിഷേധം അത്ര ദൃശ്യമല്ലെങ്കിലും ചെറിയ പ്രത്യാഘാതമെങ്കിലും ഉണ്ടാവും. ഞങ്ങള്‍ സംസാരിച്ച സാധാരണ ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] വിജയിയ്ക്കണമെന്നു് ആഗ്രഹിയ്ക്കുന്നുണ്ടു്. അതേസമയം മോദിയ്ക്കു് കുറഞ്ഞ ഭൂരിപക്ഷം മാത്രമേ പാടുള്ളൂവെന്ന ആദര്‍ശാത്മക ആഗ്രഹവും അവര്‍ പുലര്‍ത്തുന്നു.

എതിര്‍ സ്ഥാപനമെന്ന നിലയിലേയ്ക്കുള്ള മാധ്യമങ്ങളുടെ ഉയര്‍ച്ച അജന്‍ഡകള്‍ നിശ്ചയിക്കുന്നതില്‍നിന്നു് മോദിയെ തടഞ്ഞിരിയ്ക്കുന്നു. ഡല്‍ഹി ആസ്ഥാനമായ മതേതര ഇംഗ്ലീഷ് മാധ്യമങ്ങള്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നതു്. ഗുജറാത്തിന്റെ സ്ഥൂല സാമ്പത്തിക നേട്ടങ്ങളല്ല ഈ തിരഞ്ഞെടുപ്പിന്റെ വിഷയം. നാഗരിക ഗുജറാത്തില്‍ ഈ നേട്ടങ്ങള്‍ മതിപ്പുളവാക്കുമായിരിക്കും. എന്നാല്‍, ഈ വൃത്തത്തിനപ്പുറത്തുനിന്ന് വോട്ടുനേടാന്‍ ഇതു് പര്യാപ്തമല്ല. ഈ സാമ്പത്തിക വളര്‍ച്ച തങ്ങളുടെ ജീവിതത്തിനു് എന്തു നേട്ടമുണ്ടാക്കുന്നുവെന്നാണു് സാധാരണക്കാര്‍ ചിന്തിക്കുന്നതു്. നഗരത്തിലോ ഗ്രാമത്തിലോ ഉള്ള ഏതെങ്കിലും പാവപ്പെട്ട ഗുജറാത്തിയോടു് നിങ്ങള്‍ ഈ നേട്ടങ്ങളെപ്പറ്റി ചോദിച്ചു്നോക്കൂ. ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇപ്പോഴും അനുഭവിക്കുന്ന കദനങ്ങളെക്കുറിച്ചു് അവര്‍ പറയും. സര്‍വജ്ഞനും സര്‍വശക്തനുമെന്നു് മോദി സൃഷ്ടിച്ചിരിയ്ക്കുന്ന പ്രതിച്ഛായ തിരിച്ചടിയ്ക്കുകയാണു് ഇവിടെ. വോട്ടര്‍മാര്‍ എല്ലാറ്റിനും ഉത്തരവാദിയായി മോദിയെക്കാണുന്നു. വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കാര്‍ഷിക പ്രതിസന്ധിയ്ക്കും ദാരിദ്ര്യരേഖയ്ക്കു്താഴെയെന്ന(ബി.പി.എല്‍. )കാര്‍ഡുണ്ടായിരുന്നിട്ടും വൈദ്യുതി ബില്‍ അടയ്ക്കേണ്ടിവരുന്നതിനുമെല്ലാം.

ജാതി-സമുദായ സമവാക്യങ്ങള്‍ മുമ്പത്തേക്കാളും ശക്തമായി പൊന്തിവന്നിരിക്കുന്നു. ഹിന്ദുത്വത്തിന്റെ കമാനത്തിനു കീഴെ ഇവയെയൊക്കെ അടക്കിവെക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. മണ്ഡലങ്ങളില്‍നിന്നു് മണ്ഡലങ്ങളിലേയ്ക്കു് യാത്രചെയ്യുമ്പോള്‍ ബിഹാറിലോ ഹരിയാണയിലോ മാത്രം ചെയ്തിട്ടുള്ളതുപോലുള്ള കണക്കെടുപ്പു് നടത്തുകയായിരുന്നു ഞങ്ങള്‍. മേല്‍ക്കൈയുള്ള രജപുത്രരും പട്ടേലരും പരിചിതരായ ദളിതരും മുസ്ലിങ്ങളും മാത്രമല്ല കാര്യങ്ങള്‍ നിശ്ചയിക്കുന്നതു്. രാഷ്ട്രീയ മോഹങ്ങള്‍ ഉയര്‍ത്തി ആഗിറുകളും കോലി ഉപവിഭാഗങ്ങളും അവരുടെ സാന്നിധ്യം അറിയിച്ചിരിക്കുന്നു. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] ജാതിക്കണക്കെടുപ്പു് ശ്രദ്ധാപൂര്‍വം നടത്താത്തതുകൊണ്ടോ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിസ്സംഗത കാണിച്ചതുകൊണ്ടോ അല്ല ഇതു്. ഭാരതീയ ജനതാ പാര്‍‍ട്ടി [ ഭാ ജ പ ] യ്ക്കു് പറ്റുന്ന കളിയല്ല എന്നതാണു് കാര്യം. ഈ കളിയുടെ ഫലം എന്താകുമെന്നു് ഞങ്ങള്‍ക്കിനിയും അറിയില്ല. പക്ഷേ, ഒരു കാര്യം ഞങ്ങള്‍ മനസ്സിലാക്കുന്നു. എന്തെല്ലാം കുറ്റങ്ങള്‍ ഉണ്ടായാലും ഗുജറാത്തു് കണ്ട ജനാധിപത്യത്തിന്റെ ഇരുണ്ട മുഖത്തിനു് എതിരേയുള്ള ഏറ്റവും നല്ല ഈടു് സ്വാഭാവിക രാഷ്ട്രീയം തന്നെ.

കടപ്പാടു് :മാതൃഭൂമി ദിനപത്രം 2007 ഡിസംബര്‍‍ 11

--2007 ഡിസംബര്‍‍ 11-ലെ മാതൃഭൂമിപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം
(ഡല്‍ഹി സെന്റര്‍ ഫോര്‍ ഡെവലപ്‍മെന്‍റ് സ്റ്റഡീസ് പ്രൊഫസറും തിരഞ്ഞെടുപ്പു്പഠന വിദഗ്ദ്ധനും മാതൃഭൂമി പംക്തികാരനും സോഷ്യലിസ്റ്റു് നേതാവുമാണു് ലേഖകന്‍)

No comments:

Post a Comment