2007/11/08

മേധയ്ക്കു് നേരെ കമ്യൂ. (മാര്‍ക്സിസ്റ്റ്) ആക്രമണം


കൊല്‍ക്കാത്ത : നന്ദിഗ്രാമിലേയ്ക്കു് പോകുകയായിരുന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യനേതാവും പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകയുമായ മേധാ പാട്ക്കരുടെ വാഹനവ്യൂഹത്തിനു് നേരെ ബംഗാളില്‍ ‍‍കിഴക്കന്‍‍ മിഡ്നാപ്പുര്‍‍ ജില്ലയിലെ കപസേബേറിയയില്‍‍ വച്ചു് ആക്രമണമുണ്ടായി.

ആക്രമണത്തിനു് പിന്നില്‍‍‍ കമ്യൂ. (മാര്‍‍‍ക്സിസ്റ്റ്) പാര്‍‍‍‍ട്ടി പ്രവര്‍ത്തകരാണെന്നു് വിശ്വസിയ്ക്കപ്പെടുന്നു. പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു മേധ. കമ്യൂ. (മാര്‍ക്സിസ്റ്റ്) പാര്‍‍ട്ടി ഗുണ്ടകള്‍ തനിയ്ക്കു് നേരെ നടത്തിയ ആക്രമണത്തെ മേധാ പാട്ക്കര്‍ ശക്തിയായി വിമര്‍‍‍ശിച്ചു.
അവര്‍ എന്റെ മുഖത്തടിക്കുകയും മുടിയില്‍ കുത്തിപ്പിടിച്ചു് കാറില്‍ നിന്നു
വലിച്ചു്പുറത്തിറക്കാന്‍ ശ്രമിക്കുകയും ചെയ്തു
സംഭവ സ്ഥലത്തു നിന്നു് മേധ ഫോണില്‍ പി റ്റി ഐ വാര്‍ത്താ ഏജന്‍സി ലേഖകനെ അറിയിച്ചു. ചെങ്കൊടിയുമേന്തി മുദ്രാവാക്യം വിളിച്ചു്കൊണ്ടു് വന്ന സംഘമാണു് തന്റെയും ഒപ്പമുണ്ടായിരുന്നവരുടെയും കാര്‍ തടഞ്ഞതെന്നു് മേധാ പട്കര്‍ പറഞ്ഞു.
രാജ്യത്തു് മറ്റെല്ലായിടത്തും കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി അനുഭാവികളോടൊപ്പം താന്‍ പ്രവര്‍ത്തിയ്ക്കുമ്പോള്‍ ബംഗാളിലെ കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി ഇത്തരം നിലപാടെടുക്കുന്നതു് അത്ഭുതകരമാണെന്നു് അവര്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ പ്രതിഷേധിച്ചു് മേധയും സംഘവും റോഡില്‍ കുത്തിയിരുന്നു. ആക്രമണം നടത്തിയവരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്നു് മേധ ആവശ്യപ്പെട്ടു. മേധയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന വാഹനങ്ങളില്‍ ഒരെണ്ണത്തിനു് കേടു്പറ്റിയിട്ടുണ്ടെന്നു് ഐ ജി രാജ് കനോജിയ കൊല്‍ക്കാത്തയില്‍ സമ്മതിച്ചു.തന്നോടൊപ്പം നാലു് ജീപ്പിലും പൈലറ്റ് കാറിലുമുണ്ടായിരുന്ന പൊലീസുകാര്‍ കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നുവെന്നു് മേധ ആരോപിച്ചു.

സാമൂഹിക പ്രവര്‍ത്തക അനുരാധ തല്‍വാര്‍, ബുദ്ധിജീവിയായ തരുണ്‍ സന്യാല്‍ എന്നിവര്‍ മേധയ്ക്കൊപ്പം ഉണ്ടായിരുന്നു. നന്ദിഗ്രാമില്‍ കലാപത്തിനു് തുല്യമായ സ്ഥിതിയാണെന്നു് ആരോപിച്ച മേധ, ഈ മേഖലയിലെ നഷ്ടപ്പെട്ട സ്വാധീനം പിടിച്ചെടുക്കാന്‍ കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി ശ്രമിക്കുകയാണെന്നു കുറ്റപ്പെടുത്തി. നന്ദിഗ്രാമില്‍ സമാധാനം കാംക്ഷിക്കുന്ന ജനങ്ങള്‍ സഹായത്തിനായി കേഴുകയാണു്. നന്ദ്രിഗ്രാമിലേയ്ക്കുള്ള വാതില്‍ എല്ലാം കൊട്ടിയടയ്ക്കാന്‍ ശ്രമിച്ചാല്‍ ഗുജറാത്തിന്റെ സ്ഥിതിയാണു് ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു.

നന്ദിഗ്രാമിനു് പതിനഞ്ചു് കിലോമീറ്റര്‍ അകലെയുള്ള കമ്യൂ. (മാര്‍‍ക്സിസ്റ്റ്) പാര്‍‍ട്ടി അധീന പ്രദേശമാണു് കപസബേരിയ. മേധയെ കാര്‍ വളഞ്ഞു് അവരെ ആക്രമിച്ച സംഘം മാധ്യമപ്രവര്‍ത്തകരെയും വെറുതെ വിട്ടില്ല. പലര്‍ക്കും തല്ലു്കിട്ടി. ചിലരുടെ ക്യാമറകള്‍ നശിപ്പിക്കുകയും തട്ടിയെടുക്കുകയും ചെയ്തു.
സംഭവത്തില്‍‍ ജനകീയപ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യനേതാവും സമാജവാദി ജനപരിഷത്തു് അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായ അഡ്വ. ജോഷി ജേക്കബ് പ്രതിഷേധിച്ചു.

2 comments:

  1. ഹിന്ദുക്കളുടെ പേരില്‍ വര്‍ഗ്ഗീയ സംഘടനകള്‍ ഗുജറാത്തില്‍
    കുരുതികള്‍ നടത്തിയപ്പോള്‍ അവിടെ പോയ
    മേധാപട്‌കറോട്‌ അവര്‍ എങ്ങിനേയാണോ
    പെരുമാറിയത്‌, സമാനമായി തന്നെ ബംഗാളി മാര്‍ക്‌സിസ്റ്റ്‌ പാര്‍ട്ടിയും
    പെരുമാറുന്നു.
    അതിശയിക്കാനൊന്നുമില്ല
    അധികാരമത്ത്‌ മൂത്ത സംഘപരിവാറുകാരന്റെ ഫാസിസവും
    മാര്‍ക്‌സിസ്റ്റുകാരന്റെ സ്റ്റാലിനിസവും ഒന്നു തന്നെ.
    (മാര്‍ക്‌സിന്റെ നീതിബോധത്തെ അവര്‍ കുഴിച്ചുമൂടിയല്ലൊ)
    ഇവിട പ്രശ്‌നം യഥാര്‍ത്ഥത്തില്‍ അധികാരമാണ്‌
    അതിനുവേണ്ടി ഏത്‌ ആശയത്തേയും മതത്തേയും ഇവര്‍ കൊണ്ടാടും
    മാത്രമല്ല, ചില സന്ദര്‍ഭങ്ങളില്‍ ഇവര്‍ ഒത്തുചേരുകയും ചെയ്യും
    വളരേ സൂക്ഷ്‌മമായ രീതിയില്‍, അധികാരത്തെ ചെറുക്കുന്ന ഒന്നിന്റെ ഉയിര്‍ത്തെഴുന്നേല്‍പാണ്‌ ഉണ്ടാവേണ്ടത്‌.

    ReplyDelete
  2. അതിശയിക്കാനൊന്നുമില്ല
    well said satheesh.

    ReplyDelete